സര്‍ജറി വിവാദം; ഓസ്‌ട്രേലിയയിലെ കോസ്‌മെറ്റിക് സര്‍ജറി മേഖലയില്‍ സമഗ്ര അഴിച്ചുപണിക്കൊരുങ്ങി മെഡിക്കല്‍ റെഗുലേറ്റര്‍

സര്‍ജറി വിവാദം; ഓസ്‌ട്രേലിയയിലെ കോസ്‌മെറ്റിക് സര്‍ജറി മേഖലയില്‍ സമഗ്ര അഴിച്ചുപണിക്കൊരുങ്ങി മെഡിക്കല്‍ റെഗുലേറ്റര്‍

സിഡ്‌നി: ഓസ്‌ട്രേലിയയിലെ കോസ്‌മെറ്റിക് സര്‍ജറി മേഖലയിലെ അശാസ്ത്രീയ പ്രവണതകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെതുടര്‍ന്ന് രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സമഗ്രമായ അഴിച്ചുപണി നടത്താനൊരുങ്ങി മെഡിക്കല്‍ റെഗുലേറ്ററായ ഓസ്ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ ഏജന്‍സി (എ.എച്ച്.പി.ആര്‍.എ).

കോസ്‌മെറ്റിക് സര്‍ജറിക്കു വിധേയരാകുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും ഇത്തരം സര്‍ജറികള്‍ ചെയ്യുന്ന ക്ലിനിക്കകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് എ.എച്ച്.പി.ആര്‍.എ പരിശോധിക്കും. ഓസ്ട്രേലിയന്‍ മെഡിക്കല്‍ ബോര്‍ഡും ഇക്കാര്യത്തില്‍ സഹകരിക്കും.

കോസ്‌മെറ്റിക് സര്‍ജറി ചെയ്യുന്ന ക്ലിനിക്കുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയുള്ള പരസ്യങ്ങളും സമൂഹ മാധ്യമങ്ങളിലെ ഇടപെടലും പരിശോധിക്കും.

ഓസ്‌ട്രേലിയയിലെ പ്രശസ്തനായ സെലിബ്രിറ്റി കോസ്‌മെറ്റിക് സര്‍ജന്‍ ഡോ. ഡാനിയല്‍ ലാന്‍സറിന്റെ ക്ലിനിക്കിലെ അശാസ്ത്രീയ ചികിത്സാ രീതികള്‍ പുറത്തുവന്നതിനെതുടര്‍ന്നാണ് വിവാദങ്ങളുടെ തുടക്കം. ലാന്‍സറിന്റെ ക്ലിനിക്കില്‍ സൗന്ദര്യവര്‍ധക ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയയ്ക്കിടെ ജീവനക്കാര്‍ പാട്ടു പാടുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സംഭവം പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ എ.എച്ച്.പി.ആര്‍.എ മെഡിക്കല്‍ പ്രാക്ടീസ് നിര്‍ത്താന്‍ ഡോ. ലാന്‍സറോട് ആവശ്യപ്പെട്ടു.


ഡോ. ഡാനിയല്‍ ലാന്‍സര്‍

ഫോര്‍ കോര്‍ണേഴ്‌സ്, ദി സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡ്, ദ ഏജ് എന്നീ മാധ്യമങ്ങളുടെ അന്വേഷണത്തിലൂടെ പുറത്തുവന്ന, ലാന്‍സറിന്റെ ക്ലിനിക്കുകളിലെ പ്രാകൃതമായ ചികിത്സാ രീതികള്‍ ഓസ്ട്രേലിയയില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. ഇതിനു പിന്നാലെ സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിവാദമുണ്ടായി ഒരു മാസത്തിനു ശേഷമാണ് രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച നടപടികളെക്കുറിച്ച് എ.എച്ച്.പി.ആര്‍.എ അവലോകനം ചെയ്യുന്നത്.

പ്രാഥമിക അന്വേഷണത്തില്‍ ലാന്‍സറിന്റെ ക്ലിനിക്കില്‍ ചികിത്സ തേടിയ 100 രോഗികള്‍ തങ്ങളുടെ വേദനാജനകമായ അനുഭവങ്ങള്‍ പങ്കിടാന്‍ മുന്നോട്ട് വന്നിരുന്നു. ചികിത്സയ്ക്കിടെ പല രോഗികളും അസഹനീയമായ വേദന അനുഭവിക്കുകയും കൂടുതല്‍ ചികിത്സ ആവശ്യമായി വരികയും മാനസികമായ പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്തു.

അന്വേഷണത്തില്‍ ലാന്‍സറിന്റെ ക്ലിനിക്കുകളിലും ആശുപത്രികളിലും ഗുരുതരമായ ശുചിത്വ, സുരക്ഷാ ലംഘനങ്ങളും കണ്ടെത്തി.

ഡാനിയല്‍ ലാന്‍സറിനെ എ.എച്ച്.പി.ആര്‍.എ വിലക്കിയതിനു പിന്നാലെ ഇയാളുടെ അസോസിയേറ്റും ടിക്ടോക്കില്‍ 13 ദശലക്ഷത്തിലധികം ഫോളോവേഴ്സുമുള്ള കോസ്മെറ്റിക് സര്‍ജനായ ഡോ. ഡാനിയല്‍ അരോനോവിനെയും ഓസ്ട്രേലിയയില്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍നിന്ന് വിലക്കി. ജനറല്‍ പ്രാക്ടീഷണറായി മാത്രം ചികിത്സ നല്‍കാം.

ക്വീന്‍സ്ലാന്‍ഡ് ഹെല്‍ത്ത് ഓംബുഡ്സ്മാന്‍ ആന്‍ഡ്രൂ ബ്രൗണിന്റെ നേതൃത്വത്തില്‍ കോസ്മെറ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍, നിലവിലെ പെരുമാറ്റച്ചട്ടങ്ങള്‍, പരാതികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് പരിശോധിക്കും.

കോസ്‌മെറ്റിക് സര്‍ജറി മേഖലയില്‍ ആശങ്കാജനകമായ നിരവധി പ്രവണതകള്‍ ഉള്ളതായി എ.എച്ച്.പി.ആര്‍.എ സിഇഒ മാര്‍ട്ടിന്‍ ഫ്‌ളെച്ചര്‍ പറഞ്ഞു. രോഗികളുടെ സുരക്ഷയേക്കാള്‍ ഉപരി ലാഭം കൊയ്യുന്ന കോര്‍പ്പറേറ്റ് ബിസിനസായി ഇതു മാറി. ചികിത്സ ആവശ്യമില്ലാത്തവരെ പോലും ശസ്ത്രക്രിയയ്ക്കു വിധേയരാക്കുന്നു. രോഗികള്‍ക്കുള്ള പരിമിതമായ അറിവ് ചൂഷണം ചെയ്യുകയാണിവിടെ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ആളുകളെ ആകര്‍ഷിക്കുന്നത്.

കോസ്മെറ്റിക് പ്രാക്ടീസ് അതിവേഗം വളരുന്ന ഒരു മള്‍ട്ടി-മില്യണ്‍ ഡോളര്‍ വ്യവസായമായി മാറിയതായും മാര്‍ട്ടിന്‍ ഫ്‌ലെച്ചര്‍ പറഞ്ഞു.

എ.എച്ച്.പി.ആര്‍.എയുടെ അവലോകന തീരുമാനം വളരെ വൈകിയതാണെന്ന് ഓസ്ട്രലേഷ്യന്‍ സൊസൈറ്റി ഓഫ് ഏസ്‌തെറ്റിക് പ്ലാസ്റ്റിക് സര്‍ജന്‍സ് കുറ്റപ്പെടുത്തി. നിലവില്‍ അടിസ്ഥാന മെഡിക്കല്‍ ബിരുദമുള്ള ആര്‍ക്കും സ്വയം 'കോസ്‌മെറ്റിക് സര്‍ജന്‍' എന്ന് വിളിക്കാന്‍ കഴിയും. ഈ രീതിക്ക് മാറ്റം വരണമെന്ന് സംഘടനാ പ്രസിഡന്റ് ഡോ. റോബര്‍ട്ട് ഷീന്‍ പറഞ്ഞു.

ഡോ. ലാന്‍സറിന്റെ ക്ലിനിക്കില്‍ ചികിത്സ തേടിയ രോഗികള്‍ നിയമനടപടി ആരംഭിക്കാന്‍ തയാറെടുക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.