ഇന്ന് ലോക എയ്ഡ്‌സ് ദിനം

 ഇന്ന് ലോക എയ്ഡ്‌സ് ദിനം

                 അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം

ലോകമെമ്പാടും എച്ച്ഐവി അല്ലെങ്കില്‍ എയ്ഡ്സ് ബോധവല്‍ക്കരണത്തിനായി എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയ്ഡ്സ് ബാധിച്ചവര്‍ക്കും, രോഗം മൂലം മരണമടഞ്ഞവര്‍ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ് ഈ ദിനം. അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിന പ്രമേയം.

1982 ഒരു ജൂണ്‍ മാസം തൂക്കം കുറഞ്ഞു വരികയും പേശീവേദന അനുഭവപ്പെടുകയും ചെയ്ത ഏതാനും യുവാക്കള്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ചികിത്സ തേടിയെത്തി. ആശുപത്രി അധികൃതര്‍ നടത്തിയ തുടരന്വേഷണത്തില്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഇതേ രോഗത്തെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. കോംഗോയില്‍ അജ്ഞാത രോഗത്താല്‍ മരിച്ചയാളുടെ രക്തം പരിശോധിച്ചപ്പോള്‍ ചിത്രം വ്യക്തമാകുകയായിരുന്നു. അങ്ങനെ മനുഷ്യരാശി മറ്റൊരു മാരക രോഗം കൂടി തിരിച്ചറിഞ്ഞു. സെപ്തംബറില്‍ അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ രോഗത്തിന് അക്വയേര്‍ഡ് ഇമ്യൂണോ ഡെഫിഷ്യന്‍സി സ്ന്‍ഡ്രോം അഥവാ എയ്ഡ്സ് എന്ന് പേര് നല്‍കി.

1988ലാണ് ആദ്യമായി എയ്ഡ്സ് ദിനം ആചരിച്ചത്. ആഗോള ആരോഗ്യത്തിനായുള്ള ആദ്യ അന്താരാഷ്ട്ര ദിനം കൂടിയായിരുന്നു ഇത്. ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് മൂലമുണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് അക്വയേര്‍ഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം അഥവാ എയ്ഡ്സ്. രോഗം ബാധിച്ച വ്യക്തിയുടെ രോഗപ്രതിരോധ ശേഷി തകരാറിലാകുകയും ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കുറയുകയും ചെയ്യുന്ന രോഗാവസ്ഥ.

എയ്ഡ്‌സ് പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്‌സ് രോഗ പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങള്‍.

എയ്ഡ്‌സ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ആന്റി റിട്രോവൈറല്‍ തെറാപ്പി, എച്ച്ഐവി മരുന്നുകള്‍ എന്നിവ ചികിത്സകളില്‍ ഉള്‍പ്പെടുന്നു. ഈ രോഗം പൂര്‍ണ്ണമായും സുഖപ്പെടുത്താനാവില്ല. എന്നാല്‍ രോഗം പിടിപെടുന്നത് തടയാന്‍ ഒരാള്‍ തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സ്വീകരിക്കേണ്ട ചില സംരക്ഷണ മാര്‍ഗങ്ങളുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുക, സൂചികള്‍, ബ്ലേഡുകള്‍ മുതലായവ മറ്റുള്ളവരുമായി പങ്കിടുന്നത് ഒഴിവാക്കുക, പ്രതിരോധശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവ എച്ച്.ഐ.വിയ്‌ക്കെതിരായ പ്രതിരോധ നടപടികളില്‍ ഉള്‍പ്പെടുന്നു.

2030 ഓടു കൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. കഴിഞ്ഞ നാലു പതിറ്റാണ്ടായി ലോകം എയ്ഡ്സുമായുള്ള പോരാട്ടത്തിലാണ്. പൂര്‍ണമായും കീഴടക്കാനായില്ലെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രോഗവ്യാപനം തടയുന്നതില്‍ കാര്യമായി പുരോഗതി നേടി. ഇടയ്ക്കെത്തിയ കോവിഡ് മഹാമാരി എയ്ഡ്സ് പ്രതിരോധത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്.

ലോകത്താകെ മൂന്ന് കോടി 77 ലക്ഷം എയ്ഡ്സ് രോഗികളുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. മനുഷ്യര്‍ക്കിടയിലെ അസമത്വങ്ങളാണ് എയ്ഡ്സിനെ പ്രതിരോധിക്കുന്നതിലെ പ്രധാന തടസമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.