കര്‍താര്‍പൂരിലെ ഫോട്ടോഷൂട്ട്: പാകിസ്ഥാന്‍ പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

കര്‍താര്‍പൂരിലെ ഫോട്ടോഷൂട്ട്: പാകിസ്ഥാന്‍ പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

ന്യൂഡൽഹി: കർതാർപൂർ ഗുരുദ്വാരയിൽ മോഡലിന്റെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് പാകിസ്​താൻ പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി അതൃപ്​തി അറിയിച്ചു.
പാകിസ്ഥാനിലെ സിഖ് ആരാധന കേന്ദ്രമാണിത്. മോഡലിന്റെ ഫോട്ടോഷൂട്ട് ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

അപലപിച്ച ഇന്ത്യ പാകിസ്ഥാൻ അധികാരികൾ വിഷയം ആത്മാർഥമായി അന്വേഷിക്കുമെന്നും ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും വ്യക്തമാക്കി. ഗുരുദ്വാര ദർബാർ സാഹിബിൽ പാകിസ്ഥാൻ വസ്ത്ര ബ്രാൻഡിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ്​ വിവാദമായത്​.

ശിരോവസ്​ത്രമില്ലാതെ മോഡൽ പ്രത്യക്ഷപ്പെട്ടത്​ സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നിരവധിയാളുകൾ തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രതിഷേധമറിയിച്ചിരുന്നു. തുടർന്ന്​ മാപ്പ്​ പറഞ്ഞ മോഡൽ സൗലേഹ തന്റെ ഇൻസ്​റ്റഗ്രാം പേജിൽ നിന്ന്​ ചിത്രങ്ങൾ നീക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.