ഓസ്‌ട്രേലിയയിലെ തദ്ദേശീയ സമൂഹത്തിന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ച ഡേവിഡ് ഗുല്‍പിലില്‍ അന്തരിച്ചു

ഓസ്‌ട്രേലിയയിലെ തദ്ദേശീയ സമൂഹത്തിന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ച ഡേവിഡ് ഗുല്‍പിലില്‍ അന്തരിച്ചു

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ തദ്ദേശീയ സമൂഹത്തില്‍നിന്ന് സിനിമയിലെത്തി ലോകപ്രശസ്തി നേടിയ നടന്‍ ഡേവിഡ് ഗുല്‍പിലില്‍ (68) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. 2017-ലാണ് രോഗം തിരിച്ചറിഞ്ഞത്. സൗത്ത് ഓസ്ട്രേലിയയിലെ മുറേ ബ്രിഡ്ജിലുള്ള വീട്ടില്‍ വെച്ചായിരുന്നു ഇന്നലെ അന്ത്യം സംഭവിച്ചത്.

വോക്കെബൗട്ട്, റാബിറ്റ്-പ്രൂഫ് ഫെന്‍സ്, ദി ട്രാക്കര്‍, ക്രോക്കഡൈല്‍ ഡണ്ടി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് ഡേവിഡ് ഗുല്‍പിലില്‍ പ്രശസ്തി നേടിയത്.

വിഖ്യാത ബ്രിട്ടീഷ് സംവിധായകനായ നിക്കോളാസ് റോഗ് സംവിധാനം ചെയ്ത വോക്കെബൗട്ടിലൂടെ തന്റെ തദ്ദേശീയ സംസ്‌കാരത്തെ ലോകത്തിന് പരിചയപ്പെടുത്തിയ നടനാണ് ഡേവിഡ്. 1986-ല്‍ ഇറങ്ങി ഓസ്‌ട്രേലിയയില്‍ വലിയ ഹിറ്റായി മാറിയ ആക്ഷന്‍ കോമഡി ചിത്രം ക്രോക്കഡൈല്‍ ഡണ്ടിയിലെ പ്രകടനവും ശ്രദ്ധ നേടി.


ഓസ്ട്രേലിയയിലെ അബോര്‍ജിനല്‍സ് വിഭാഗത്തിലെ യോങ്ഗു ഗോത്രത്തില്‍നിന്നുള്ള ഡേവിഡ് ഗുല്‍പിലില്‍ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ആര്‍നെം ലാന്‍ഡില്‍ പരമ്പരാഗത ജീവിതശൈലിയിലാണ് ജനിച്ചുവളര്‍ന്നത്. ചെറുപ്പം മുതല്‍ മികച്ച നര്‍ത്തകനായ ഡേവിഡിന്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് നിക്കോളാസ് റോഗാണ്. വോക്കെബൗട്ടിലൂടെ അരങ്ങേറ്റം കുറിക്കുമ്പോള്‍ 16 വയസ് മാത്രമായിരുന്നു പ്രായം.

ഡച്ച്-ഓസ്ട്രേലിയന്‍ ചലച്ചിത്ര സംവിധായകനായ റോള്‍ഫ് ഡി ഹീര്‍ സംവിധാനം ചെയ്ത ദി ട്രാക്കര്‍, ചാര്‍ലീസ് കണ്‍ട്രി എന്നീ സിനിമകളില്‍ നായകനായി. ചാര്‍ലീസ് കണ്‍ട്രിയിലെ പ്രകടനത്തിന് 2014-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഡേവിഡ് ഗുല്‍പ്പിലില്‍ നേടി.

അര്‍ബുദരോഗത്തെതുടര്‍ന്ന് 2019-ല്‍ അഭിനയത്തില്‍നിന്നു വിരമിച്ചു.

ചാര്‍ലീസ് കണ്‍ട്രി എന്ന ചിത്രത്തില്‍ ഡേവിഡ് ഗുല്‍പ്പിലില്‍

ഡേവിഡ് ഗുല്‍പ്പിലിന്റെ മരണത്തില്‍ സൗത്ത് ഓസ്ട്രേലിയന്‍ പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷല്‍ അനുശോചിച്ചു. ഓസ്ട്രേലിയന്‍ സിനിമയുടെ ചരിത്രത്തെ ലോകസിനിമയില്‍ അടയാളപ്പെടുത്തിയ നടനായിരുന്നു ഡേവിഡ് ഗുല്‍പ്പിലില്‍. വെള്ളിത്തിരയില്‍ ആദിവാസി സമൂഹത്തിന്റെ പ്രാതിനിധ്യം രൂപപ്പെടുത്തിയ ഐതിഹാസിക നടന്റെ വേര്‍പാടില്‍ സൗത്ത് ഓസ്ട്രേലിയയിലെ ജനങ്ങള്‍ക്കൊപ്പം താനും അനുശോചിക്കുന്നു-പ്രീമിയര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.