ന്യൂ സൗത്ത് വെയില്‍സില്‍ നവംബറില്‍ അനുഭവപ്പെട്ടത് 121 വര്‍ഷത്തിനിടെ ഏറ്റവുമധികം തണുപ്പും മഴയും

ന്യൂ സൗത്ത് വെയില്‍സില്‍ നവംബറില്‍ അനുഭവപ്പെട്ടത് 121 വര്‍ഷത്തിനിടെ ഏറ്റവുമധികം തണുപ്പും മഴയും

സിഡ്‌നി: 121 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തണുപ്പുള്ള നവംബര്‍ മാസത്തിലൂടെയെന്ന് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനം കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 1900ന് ശേഷമുള്ള ഏറ്റവും കൂടിയ തണുപ്പാണ് നവംബറില്‍ അനുഭവപ്പെട്ടത്.

സംസ്ഥാനത്തെ ചില നഗരങ്ങളില്‍ സാധാരണ മഴയുടെ നാലിരട്ടി മഴ പെയ്തതായി ബ്യൂറോ ഓഫ് മെറ്റീരിയോളജി രേഖകള്‍ വ്യക്തമാക്കുന്നു. സമുദ്രജലവും ഉപരിതലവും അന്തരീക്ഷവും സാധാരണയിലും തണുക്കുന്ന ലാ നിന പ്രതിഭാസമാണ് ഇതിനു കാരണം.

കഴിഞ്ഞ മാസം ഓസ്‌ട്രേലിയയില്‍ അനുഭവപ്പെട്ട ശൈത്യവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ബ്യൂറോ ഓഫ് മെറ്റീരിയോളജി പുറത്തുവിട്ടിരുന്നു. ന്യൂ സൗത്ത് വെയില്‍സിലെ ബാതര്‍സ്റ്റ് മുതല്‍ ഫോര്‍ബ്‌സ് വരെയുള്ള നഗരങ്ങളില്‍ ഇക്കുറി പെയ്ത മഴ മുന്‍ റെക്കോര്‍ഡുകളേക്കാള്‍ അഞ്ചിരട്ടി കൂടുതലാണെന്ന് കണക്കുകള്‍ പറയുന്നു.

ന്യൂ സൗത്ത് വെയില്‍സില്‍ കഴിഞ്ഞ മാസം പെയ്ത ശരാശരി മഴ 132.04 മില്ലീമീറ്ററായിരുന്നു. 1917-ല്‍ പെയ്ത 120.19 മില്ലീമീറ്റര്‍ മഴയേക്കാള്‍ കൂടുതല്‍.

നവംബറില്‍ രാജ്യത്ത് പെയ്തതും റെക്കോര്‍ഡ് മഴയാണ്. 1973-ല്‍ പെയ്ത 70.14 മില്ലീമീറ്ററാണ് ഇതിനു മുന്‍പുള്ള റെക്കോര്‍ഡ് മഴ. ഇക്കുറി ശരാശരി 72.62 മില്ലീമീറ്ററാണ് ഓസ്ട്രേലിയയില്‍ ലഭിച്ചത്. 1999 ന് ശേഷമുള്ള ഏറ്റവും തണുപ്പേറിയ നവംബറാണ് ഓസ്ട്രേലിയയില്‍ അനുഭവപ്പെട്ടത്.

നവംബറില്‍ ബാതര്‍സ്റ്റ് നഗരങ്ങളില്‍ 113 വര്‍ഷത്തിനിടെ ഏറ്റവും വലിയ മഴയാണു പെയ്തത്-241.6 മില്ലിമീറ്റര്‍. ഫോര്‍ബ്സില്‍ 172.6 മി.മീ.

2020-ന്റെ ആദ്യത്തില്‍ വരള്‍ച്ച ഉണ്ടായത് മുതല്‍ ഓസ്ട്രേലിയയിലെ കാലാവസ്ഥ ഈര്‍പ്പമുള്ള അവസ്ഥയ്ക്ക് അനുകൂലമാണ്.

മധ്യ, കിഴക്കന്‍ ഓസ്ട്രേലിയയുടെ ഭൂരിഭാഗം പ്രദേശങ്ങളിലുമുള്ള ജലാശയങ്ങള്‍ നിറഞ്ഞതിനാല്‍ കൂടുതല്‍ വെള്ളപ്പൊക്കമുണ്ടാക്കാന്‍ അധികം മഴ വേണ്ടിവരില്ലെന്നു ബ്യൂറോ ഓഫ് മെറ്റീരിയോളജി ന്യൂ സൗത്ത് വെയില്‍സ്, ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടിറി ഓപ്പറേഷന്‍സ് മാനേജര്‍ അഗത ഇമില്‍സ്‌ക പറഞ്ഞു. അടുത്ത ആഴ്ച, വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ 50 മില്ലീമീറ്ററോ അതില്‍ കൂടുതലോ വീഴ്ച പ്രതീക്ഷിക്കാമെന്ന് അഗത അറിയിച്ചു.

2020-ലെ നവംബര്‍ മാസം അസാധാരണമാംവിധം വരണ്ടതായിരുന്നു, ഈ വര്‍ഷം മണ്ണിന്റെ നനവു വര്‍ധിച്ചു. നദികളും അണക്കെട്ടുകളും നിറഞ്ഞുകവിഞ്ഞതായി ബ്യൂറോയിലെ കാലാവസ്ഥാ പ്രവചന സേവനങ്ങളുടെ തലവന്‍ ആന്‍ഡ്രൂ വാട്ട്കിന്‍സ് പറഞ്ഞു. തല്‍ഫലമായി, വെള്ളപ്പൊക്കമുണ്ടാവാന്‍ കൂടുതല്‍ മഴ വേണ്ടിവരില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതിനകം വെള്ളപ്പൊക്കമുണ്ടായി.

അതേസമയം ക്വീന്‍സ്ലന്‍ഡ് സംസ്ഥാനത്ത് ഇന്നലെ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒരാള്‍ മരിച്ചു. ഇംഗിള്‍വുഡിലെ നൂറുകണക്കിനാളുകളെ ഒറ്റരാത്രികൊണ്ട് ഒഴിപ്പിച്ചു. ഇവിടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും റോഡുകളും വെള്ളത്തില്‍ മുങ്ങി. പലരുടെയും കാറുകള്‍ ഒഴുകിപ്പോയി.


ക്വീന്‍സ്ലാന്‍ഡിലെ ഇംഗിള്‍വുഡ് പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

തൂവൂമ്പയ്ക്ക് സമീപമുള്ള യലങ്കൂരില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് കാറുകള്‍ റോഡില്‍ നിന്ന് ഒഴുകിപ്പോയതിനെത്തുടര്‍ന്നാണ് അതിലുണ്ടായിരുന്ന 73 വയസുകാരന്‍ മരിച്ചത്. മറ്റേ കാറിലുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയും സെന്‍ട്രല്‍ ക്വീന്‍സ്ലാന്റിലെ എമറാള്‍ഡിന് സമീപം വെള്ളപ്പൊക്കത്തില്‍ കാര്‍ അരുവിയിലേക്ക് വീണ് 70-കാരന്‍ മരിച്ചിരുന്നു.

ഇംഗിള്‍വുഡിന് സമീപമുള്ള ചെറുപട്ടണമായ യെലാര്‍ബണിലെ താമസക്കാരെയും ഒഴിപ്പിച്ചു. ലെയ്ബേണിന് അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

മാക്കിന്‍ടയര്‍ ബ്രൂക്കില്‍ ജലനിരപ്പ് 11.2 മീറ്ററിലെത്തി. ഇതിനു മുന്‍പ് 1988-ലാണ് റെക്കോഡ് ജലനിരപ്പുണ്ടായത്-10.5 മീറ്റര്‍.

നിലവില്‍, ഇംഗിള്‍വുഡ്, ഗൂണ്ടിവിണ്ടി മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.
കൂള്‍മുണ്ട ഡാം കവിഞ്ഞൊഴുകിയതോടെ ഇംഗിള്‍വുഡിലെയും ഗൂണ്ടിവിണ്ടിയിലെയും റോഡുകള്‍ വെള്ളത്തില്‍ മുങ്ങി.

ക്വീന്‍സ്ലാന്റില്‍ എവിടെയും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കുകയും മുന്നറിയിപ്പുകള്‍ പിന്തുടരുകയും വേണമെന്ന് എമര്‍ജന്‍സി സര്‍വീസ് മന്ത്രി മാര്‍ക്ക റയാന്‍ പറഞ്ഞു. പുറത്തിറങ്ങേണ്ടി വന്നാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആളുകള്‍ മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ വെള്ളപ്പൊക്കത്തിലൂടെ വാഹനമോടിക്കുകയും അവരെ രക്ഷപ്പെടുത്തേണ്ടിയും വന്ന സാഹചര്യം നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26