സന്തോഷ് ട്രോഫിയില്‍ വരവറിയിച്ച് കേരളം; ലക്ഷദ്വീപിനെ കീഴടക്കിയത് എതിരില്ലാത്ത അഞ്ച് ഗോളിന്

സന്തോഷ് ട്രോഫിയില്‍ വരവറിയിച്ച് കേരളം;  ലക്ഷദ്വീപിനെ കീഴടക്കിയത് എതിരില്ലാത്ത അഞ്ച് ഗോളിന്

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബാള്‍ യോഗ്യത റൗണ്ടില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് മിന്നുന്ന വിജയ തുടക്കം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ എതിരാളികളായ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തറപറ്റിച്ചാണ് കേരളം തങ്ങളുടെ വരവറിയിച്ചത്.

മത്സരം തുടങ്ങി നാലാം മിനിട്ടില്‍ തന്നെ കേരളം ലീഡെടുത്തു. ലക്ഷദ്വീപ് പ്രതിരോധ നിര വരുത്തിയ പിഴവിനെ തുടര്‍ന്ന് കേരളത്തിന് അനുകൂലമായി റഫറി പെനാല്‍ട്ടി അനുവദിക്കുകയായിരുന്നു. കിക്ക് എടുത്ത നിജൊ ഗില്‍ബര്‍ട്ട് പന്ത് സുരക്ഷിതമായി വലയിലെത്തിച്ചു.

12ാം മിനിട്ടില്‍ ജെസിന്‍ തോണിക്കര കേരളത്തിന്റെ ലീഡ് വര്‍ധിപ്പിച്ചു. ത്രൂ പാസ് സ്വീകരിച്ച ജെസിന്‍ ലക്ഷ്വദ്വീപ് ഗോള്‍ കീപ്പറെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതിന് തൊട്ടുപിറകേ പ്രതിരോധ താരം ഉബൈദുള്ള ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ ലക്ഷദ്വീപ് പൂര്‍ണമായും പ്രതിരോധത്തിലായി. തുടക്കത്തില്‍ തന്നെ പത്തുപേരായി ചുരുങ്ങിയ ലക്ഷദ്വീപിന് ആക്രമിച്ചു കളിക്കുന്ന കേരളത്തിന് മുന്നില്‍ ഛെറുത്തു നില്‍ക്കാന്‍ പോലുമായില്ല.

37ാം മിനിട്ടില്‍ അവരുടെ അണ്ടര്‍ 21 താരം മുഹമ്മദ് തന്‍വീര്‍ സ്വന്തം ഗോള്‍ പോസ്റ്റിലേക്ക് പന്ത് അടിച്ച് കേരളത്തിന്റെ ലീഡ് വര്‍ധിപ്പിച്ചതോടെ ലക്ഷദ്വീപ് മത്സരം പൂര്‍ണമായും കൈവിട്ട അവസ്ഥയിലായി. ലക്ഷദ്വീപ് ഗോള്‍കീപ്പര്‍ മുഹമ്മദ് ഷമീര്‍ ക്ലിയര്‍ ചെയ്ത പന്ത് തന്‍വീറിന്റെ ദേഹത്ത് തട്ടി വലയിലേക്ക് പോവുകയായിരുന്നു.

പിന്നീട് കണ്ടത് കേരളത്തിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കു മുന്നില്‍ പതറിപ്പോകുന്ന ലക്ഷദ്വീപിന്റെ പ്രതിരോധനിരയേയും പന്തിനായി കേരള താരങ്ങളുടെ പിറകേ പായുന്ന മുന്നേറ്റ നിരയേയുമാണ്. 81ാം മിനിട്ടില്‍ പകരക്കാരന്‍ എസ് രാജേഷിലൂടെ കേരളം തങ്ങളുടെ നാലാം ഗോളും ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിട്ടില്‍ അര്‍ജുന്‍ ജയരാജിലൂടെ അഞ്ചാം ഗോളും സ്വന്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.