ആര്‍ച്ച് ബിഷപ്പ് പാട്രിക് ഒ റീഗന്‍, ബിഷപ്പ് ഷെയ്ന്‍ മക്കിന്‍ലേ
അഡ്ലെയ്ഡ്: റോമില്‍ 2023-ല്‍ നടക്കാനിരിക്കുന്ന 16-ാമത് ആഗോള മെത്രാന്‍ സിനഡില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് ആര്‍ച്ച് ബിഷപ്പ് പാട്രിക് ഒ റീഗനും ബിഷപ്പ് ഷെയ്ന്‍ മക്കിന്‍ലേയും പങ്കെടുക്കും. അടുത്തിടെ നടന്ന ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെ പ്ലീനറി യോഗത്തിലാണ് പ്രതിനിധികളെ തെരഞ്ഞെടുത്തത്.
സിനഡല്‍ സഭയ്ക്കായി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും' (For a Synodal Church: Communion, Participation and Mission) എന്നതാണ് സിനഡിന്റെ പ്രമേയം.
ഒക്ടോബര്‍ 10ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സിനഡിലേക്ക് സഭ ഔദ്യോഗികമായി പ്രവേശിച്ചത്. രൂപതാതലം, ദേശീയതലം, ഭൂഖണ്ഡതലം, ആഗോളതലം എന്നീ ഘട്ടങ്ങളിലൂടെ മുന്നേറുന്ന സിനഡിന്റെ രൂപതാതല സിനഡ് സമ്മേളനങ്ങള്‍ 2021 ഒക്ടോബര്‍ 17 മുതല്‍ 2022 ഏപ്രില്‍ വരെ നടക്കും.
ഭൂഖണ്ഡതല സമ്മേളനത്തോടനുബന്ധിച്ച് ന്യൂസിലന്‍ഡ്, പസഫിക്, സോളമന്‍ ദ്വീപുകള്‍/പാപ്പുവ ന്യൂ ഗിനിയ എന്നിവിടങ്ങളിലെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സുകളുമായി ഓസ്ട്രേലിയയിലെ ബിഷപ്പുമാര്‍ സഹകരിക്കും. 2023 ഒക്ടോബറില്‍ റോമില്‍, ആര്‍ച്ച് ബിഷപ്പ് പാട്രിക് ഒ റീഗനും ബിഷപ്പ് ഷെയ്ന്‍ മക്കിന്‍ലേയും പങ്കെടുക്കുന്ന സമ്മേളനത്തെ രൂപപ്പെടുത്താന്‍ ഇത്തരം സഹകരണം സഹായിക്കും.
പ്ലീനറി കൗണ്‍സിലിലൂടെയും രൂപതാ സമ്മേളനങ്ങളിലൂടെയും ഓസ്ട്രേലിയയിലെ ദൈവജനം ആത്മീയതയിലൂന്നിയ സംവാദത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുകയാണെന്ന് അഡ്ലെയ്ഡ് ആര്‍ച്ച് ബിഷപ്പ് പാട്രിക് ഒ റീഗന്‍ പറഞ്ഞു.
ആഗോള സിനഡിലേക്കുള്ള തങ്ങളുടെ സംഭാവനയ്ക്ക് ഈ സമ്മേളനങ്ങള്‍ ശക്തമായ അടിത്തറ നല്‍കുമെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മുന്‍ സിനഡുകളില്‍നിന്ന് വ്യത്യസ്തമായി, പ്രാദേശിക കൂടിയാലോചനകളിലൂടെയും വിവിധ സഭാ കൂട്ടായ്മകളുടെയും സംഘടനകളുടെയും സംവാദങ്ങളിലൂടെയുമാണ് സിനഡ് പ്രക്രിയ പുരോഗമിക്കുന്നത്.
നമ്മുടെ കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും ശക്തിപ്പെടുത്തുന്ന വിധത്തില്‍ എങ്ങനെ ഒരുമിച്ച് യാത്ര ചെയ്യാം എന്ന് തിരിച്ചറിയാനുള്ള മികച്ച അവസരമാണ് സിനഡിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ നമുക്ക് നല്‍കുന്നതെന്ന് സാന്‍ഡ്ഹര്‍സ്റ്റ് ബിഷപ്പും ഓസ്ട്രേലിയയിലെ അഞ്ചാം പ്ലീനറി കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റുമായ ബിഷപ്പ് മക്കിന്‍ലേ പറഞ്ഞു.
ഒരുമിച്ച് സഞ്ചരിക്കുന്ന സഭയായി സാര്‍വത്രിക സഭയെ രൂപപ്പെടുത്തുക എന്നതാണ് സിനഡിന്റെ അടിസ്ഥാന ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26