ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതി ഛത്തീസ്ഗഡില്‍; 945 കോടിയുടെ കരാര്‍ സ്വന്തമാക്കി ടാറ്റ

ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതി ഛത്തീസ്ഗഡില്‍; 945 കോടിയുടെ കരാര്‍ സ്വന്തമാക്കി ടാറ്റ

ന്യൂഡല്‍ഹി: സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് വമ്പന്‍ സൗരോര്‍ജ കരാര്‍ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. 945 കോടി പദ്ധതി ചെലവുള്ള, രാജ്യത്തെ ഏറ്റവും വലിയ സോളാര്‍, ബാറ്ററി സംഭരണ പദ്ധതിയാണ് ടാറ്റ പവര്‍ സോളാര്‍ സിസ്റ്റം ലിമിറ്റഡ് സ്വന്തമാക്കിയത്. 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുന്ന 945 കോടി രൂപയുടെ പദ്ധതി ഛത്തീസ്ഗഡിലാണ് സജ്ജമാകുന്നത്.

കരാര്‍ പ്രാബല്യത്തിലാകുന്നതു സംബന്ധിച്ച് ഔദ്യോഗികമായ ഉത്തരവ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ടാറ്റയ്ക്ക് ലഭിച്ചു.ടാറ്റ പവറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ടാറ്റ പവര്‍ സോളാര്‍ സിസ്റ്റം ലിമിറ്റഡ്.100 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിയും 120 മെഗാവാട്ട് യൂട്ടിലിറ്റി സ്‌കെയില്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റവുമാണ് കരാര്‍ പ്രകാരം തയ്യാറാക്കേണ്ടത്.

രാജ്യത്തെ ഏറ്റവും വലിയ ബി.ഇ.എസ്.എസ് ( ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം) യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള അഭിമാനകരമായ ഓര്‍ഡര്‍ സോളാര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ചതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ടാറ്റ പവര്‍ സിഇഒ പ്രവീര്‍ സിന്‍ഹ പ്രതികരിച്ചു. ഛത്തീസ്ഗഡില്‍ സ്ഥിതി ചെയ്യുന്ന പ്രോജക്ട് സൈറ്റുകളില്‍ പദ്ധതിയുടെ എന്‍ജിനീയറിങ്, ഡിസൈനിങ്, വിതരണം, നിര്‍മാണം, രൂപീകരണം, പരീക്ഷണ പ്രവര്‍ത്തനങ്ങള്‍, കമ്മീഷന്‍ ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്നതായി അദ്ദേഹം അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.