ഇസ്ലാമാബാദ്/കാബൂള്‍: ഇറാന്റെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ അതിര്‍ത്തി മേഖലയോട് ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലെ താലിബാനും ഇറാനിയന്‍ സേനയും തമ്മില്‍ വെടിവയ്പ്പ് ഉണ്ടായതായി റിപ്പോര്‍ട്ട്. ഇരുപക്ഷത്തും ആളപായമില്ല.
അഫ്ഗാന്‍ പ്രവിശ്യയായ നിമ്രോസിനോട് ചേര്‍ന്നാണ് സംഭവം. അഫ്ഗാനിസ്ഥാനുമായി 900 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇറാന്‍ പങ്കിടുന്നത്. അഫ്ഗാനില്‍ അട്ടിമറി ഭരണത്തിലൂടെ അധികാരത്തിലെത്തിയ താലിബാന്‍ സര്‍ക്കാരിനെ ഇറാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
അതിര്‍ത്തി സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അവിടെ താമസിക്കുന്നവര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നാണ് ഇറാനിയന്‍ വിദേശകാര്യ വക്താവ് സയീദ് ഖതീബ്സദേ സംഭവത്തെ കുറിച്ച് പറഞ്ഞത്. താലിബാന്റെ പേരെടുത്ത് വിമര്‍ശിക്കാന്‍ ഇദ്ദേഹം തയ്യാറായിട്ടില്ല. 'പ്രശ്നങ്ങള്‍ പരിഹരിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളുടേയും സുരക്ഷാ സേനാംഗങ്ങള്‍ തമ്മില്‍ സംസാരിച്ച് വെടിവയ്പ്പ് അവസാനിപ്പിച്ചു'വെന്നും സയീദിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇറാന്റെ കര്‍ഷകര്‍ സുരക്ഷാ അതിര്‍ത്തിയോട് ചേര്‍ന്ന് സഞ്ചരിച്ചപ്പോള്‍ ഇത് തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് താലിബാന്‍ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. താലിബാന്‍ ആദ്യം വെടിയുതിര്‍ത്തുവെന്നും, ഇറാന്‍ സേന ഇതിനോട് തിരിച്ചടിച്ചുവെന്നും വാര്‍ത്തയില്‍ പറയുന്നു. അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ അതിര്‍ത്തി രാജ്യങ്ങളോട് സൗഹാര്‍ദ്ദപരമായി പെരുമാറണമെന്ന് ഇറാന്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന ആറ് രാജ്യങ്ങളുടെ കൂടിക്കാഴ്ചയിലാണ് ഇറാന്‍ ഈ ആവശ്യം മുന്നോട്ട് വച്ചത്.
'ഏറ്റുമുട്ടലുകള്‍ അവസാനിച്ചു, ഇറാന്‍ താലിബാനുമായി വിഷയം ചര്‍ച്ച ചെയ്യുകയാണ്,' തസ്‌നിം വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.സായുധ പോരാട്ടത്തിനിടെ താലിബാന്‍ ഇറാന്‍ അതിര്‍ത്തി പോസ്റ്റ് പിടിച്ചെടുത്തുവെന്ന വാര്‍ത്ത തെറ്റാണെന്ന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. അതേസമയം, പ്രാദേശിക തലത്തിലുള്ള തെറ്റിദ്ധാരണയാണ് അഫ്ഗാന്‍ അതിര്‍ത്തി പ്രവിശ്യയായ നിംറൂസിന് സമീപം സംഘര്‍ഷത്തിന് കാരണമായതെന്ന് താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു.ഇരുവിഭാഗവും കാര്യങ്ങള്‍ മനസ്സിലാക്കിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്ന് മുജാഹിദ് പറഞ്ഞു. ഇത്തരം തെറ്റിദ്ധാരണകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ താലിബാന്‍ നേതാക്കള്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാന്‍-ഇറാന്‍ അതിര്‍ത്തിയിലെ അനൗപചാരിക 'ക്രോസിംഗുകള്‍' അന്താരാഷ്ട്ര മനുഷ്യക്കടത്തിനും മയക്കുമരുന്ന് കടത്തിനും ഉപയോഗിക്കുന്നത് ഉഭയകക്ഷി സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഓഗസ്റ്റില്‍ താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിനുശേഷം 300,000-ത്തിലധികം അഫ്ഗാനികള്‍ ഈ നിയമവിരുദ്ധ വഴികള്‍ ഉപയോഗിച്ച് ഇറാനിലേക്ക് പലായനം ചെയ്തതായാണ് കണക്ക്.
യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന്റെ നിയന്ത്രണം മൂന്ന് മാസം മുമ്പ് പാശ്ചാത്യ പിന്തുണയുള്ള മുന്‍ അഫ്ഗാന്‍ സര്‍ക്കാരില്‍ നിന്ന് താലിബാന്‍ പിടിച്ചെടുത്തതിന് ശേഷവും കാബൂളിലെ എംബസി അടയ്ക്കാതിരുന്ന ചൈന, റഷ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നിവയുള്‍പ്പെടെയുള്ള ഏതാനും രാജ്യങ്ങളില്‍ ഇറാനും ഉള്‍പ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.