ജര്‍മനിയില്‍ രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് പൊട്ടിത്തെറിച്ച് നാലു പേര്‍ക്ക് പരിക്ക്

ജര്‍മനിയില്‍ രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് പൊട്ടിത്തെറിച്ച് നാലു പേര്‍ക്ക് പരിക്ക്

മ്യൂണിച്ച്: ജര്‍മനിയില്‍ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ച് നാലു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തുരങ്ക നിര്‍മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്.

മ്യൂണിച്ചിലെ തിരക്കേറിയ ട്രയിന്‍ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഒരു എസ്‌കവേറ്റര്‍ മറിഞ്ഞു. 250 കിലോഗ്രാം ഭാരമുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് പിന്നാലെ ട്രയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു.

രണ്ടാം ലോക മഹായുദ്ധം അവസാനിച്ച് എഴുപതു വര്‍ഷം കഴിഞ്ഞിട്ടും ജര്‍മനിയില്‍ അക്കാലത്തെ ബോംബുകള്‍ കണ്ടെത്തുന്നത് പതിവാണ്. ഓരോ വര്‍ഷവും രണ്ടായിരം ടണ്ണിലധികം സജീവമായിട്ടുള്ള ബോംബുകളും യുദ്ധോപകരണങ്ങളും കണ്ടെത്താറുണ്ട്. യുദ്ധകാലത്ത് 1.5 മില്യണ്‍ ടണ്‍ ബോംബുകളാണ് രാജ്യത്ത് ബ്രിട്ടീഷ്-അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വര്‍ഷിച്ചിട്ടുള്ളത്. ആറു ലക്ഷം പേര്‍ക്കാണ് സ്ഫോടനങ്ങളില്‍ ജീവന്‍ നഷ്ടമായത്. ഇതില്‍ 15 ശതമാനം ബോംബുകള്‍ പൊട്ടിയിട്ടില്ലെന്നാണ് ഔദ്യോഗിക കണക്കുകള്‍. ചില ബോംബുകള്‍ ഇരുപതടി വരെ താഴ്ച്ചയിലാണ് മറഞ്ഞുകിടക്കുന്നത്.

ജര്‍മ്മനിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പതിവായി രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബുകള്‍ കണ്ടെത്താറുണ്ട്. അവ സാധാരണയായി സ്ഫോടകവസ്തു വിദഗ്ധര്‍ നിര്‍വീര്യമാക്കുകയോ നിയന്ത്രിത സ്‌ഫോടനങ്ങളാല്‍ നശിപ്പിക്കുകയോ ആണ് ചെയ്യുന്നത്. എങ്കിലും ഇത്തരം ബോംബുകള്‍ മാരകമായ അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്.

2010-ല്‍ ഗോട്ടിംഗെന്‍ നഗരത്തില്‍ 450 കിലോ ബോംബ് നിര്‍വീര്യമാക്കാനുള്ള തയാറെടുപ്പിനിടെ പൊട്ടിെത്തറിച്ച് മൂന്ന് സ്ഫോടകവസ്തു വിദഗ്ധര്‍ കൊല്ലപ്പെട്ടു. 2014-ല്‍ യൂസ്‌കിര്‍ചെന്‍ നഗരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആയുധം ബോംബില്‍ തട്ടി പൊട്ടിെത്തറിച്ചതിനെതുടര്‍ന്ന് തൊഴിലാളി കൊല്ലപ്പെട്ടു. 1994-ല്‍ സമാനമായ അപകടത്തില്‍ ബെര്‍ലിനില്‍ മൂന്ന് നിര്‍മ്മാണ തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.

2012-ല്‍ മ്യൂണിക്കില്‍ 226 കിലോ ഭാരമുള്ള ബോംബ് നിര്‍വീര്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ പൊട്ടിത്തെറിച്ച് 17 കെട്ടിടങ്ങള്‍ക്ക് നാശമുണ്ടാവുകയും ദശലക്ഷക്കണക്കിന് യൂറോയുടെ നഷ്ടമുണ്ടാവുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.