ഇന്ത്യയിലും ഒമിക്രോണ്‍: കര്‍ണാടകയില്‍ രണ്ട് പേരില്‍ വൈറസ് ബാധ; ലോകത്ത് 30 രാജ്യങ്ങളിലായി 375 പേര്‍ക്ക് രോഗം

ഇന്ത്യയിലും ഒമിക്രോണ്‍:  കര്‍ണാടകയില്‍ രണ്ട് പേരില്‍ വൈറസ് ബാധ;  ലോകത്ത് 30 രാജ്യങ്ങളിലായി 375 പേര്‍ക്ക് രോഗം

ബംഗളൂരു: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ ചികിത്സയില്‍ കഴിയുന്ന 46 ഉം 66 ഉം വയസുള്ള രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വാര്‍ത്താകുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. എല്ലാവരും എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇപ്പോള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാരുമായി സമ്പര്‍ക്കത്തിലായിരുന്ന 15 ഓളം പേരെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിരീക്ഷണത്തിലാക്കുകയും ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം 16ാം തീയതിയും 20ാം തീയതിയുമാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശികള്‍ ന്യൂഡല്‍ഹി വഴി ബംഗളൂരുവില്‍ എത്തിച്ചേര്‍ന്നത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയ 66 കാരനിലാണ് ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ഇയാളുമായി സമ്പര്‍ക്കത്തിലായിരുന്ന 46 കാരനില്‍ പിന്നീടാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്.

ഇതോടെ ഇതുവരെ 30 രാജ്യങ്ങളിലായി 375 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയ്ക്കു പിന്നാലെ യുഎഇയിലും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയില്‍ നിന്നെത്തിയ സ്ത്രീയില്‍ വൈറസ് കണ്ടെത്തിയതെന്ന് യുഎഇ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

നേരത്തെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് യു.എസില്‍ തിരിച്ചെത്തിയ ആളിലും വൈറസ് ബാധ കണ്ടെത്തിയിരുന്നു. നവംബര്‍ 22 നാണ് ഇയാള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് കാലിഫോര്‍ണിയയില്‍ എത്തിയത്. ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.