'തായ് വാനെ തൊട്ടാല്‍ യു.എസും ഞങ്ങളും നോക്കിനില്‍ക്കില്ല ': ജപ്പാന്‍;അംബാസഡറെ വരുത്തി പ്രതിഷേധമറിയിച്ച് ചൈന

'തായ് വാനെ തൊട്ടാല്‍ യു.എസും ഞങ്ങളും നോക്കിനില്‍ക്കില്ല ': ജപ്പാന്‍;അംബാസഡറെ വരുത്തി പ്രതിഷേധമറിയിച്ച് ചൈന

ടോക്കിയോ/ബീജിംഗ് : 'ചൈന തായ് വാനെ ആക്രമിച്ചാല്‍ തന്റെ രാജ്യത്തിനോ യു. എസിനോ നോക്കിനില്‍ക്കാന്‍ കഴിയില്ലെ'ന്ന് മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ നല്‍കിയ മുന്നറിയിപ്പില്‍ രോഷം പൂണ്ട് ചൈന. ജപ്പാന്റെ ബീജിംഗിലെ അംബാസഡറെ അടിയന്തരമായി വിളിച്ചുവരുത്തി ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു.

ചൈനയും ജപ്പാനും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളുടെ ലംഘനമാണ് ആബെയുടെ പരാമര്‍ശമെന്നും 'തികച്ചും തെറ്റായിപ്പോയി' ആ നടപടിയെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഹുവ ചുന്‍യിംഗ് അംബാസഡര്‍ ഹിഡിയോ തരുമിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞത്.

അമേരിക്കയ്ക്ക് പിന്നാലെ തായ് വാന് ജപ്പാന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നാണ് ആബെ തുറന്നു പറഞ്ഞത്. മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മുന്നറിയിപ്പ് സ്വരം കലര്‍ന്ന പ്രസ്താവന ചൈനീസ് പ്രസിഡന്റ്  ഷി ജിന്‍ പിംഗിനുള്ള ശക്തമായ മറുപടിയാണെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

തായ് വാനിലെ പ്രശസ്ത ചിന്തകാരന്മാരുടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ടാണ് ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ചൈനയ്ക്ക് താക്കീത് നല്‍കിയത്. തായ് വാന് നേരെ ചൈന നടത്തുന്ന സായുധ നീക്കം ജപ്പാന് നേരെ നീങ്ങുന്നതിന് തുല്യമാണ്. തായ് വാനുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ജപ്പാനും ബാധകമാണ്. ചൈനയുടെ പ്രസിഡന്റ്  ഷി ജിന്‍ പിംഗിന് ഈ സാഹചര്യത്തില്‍ യാതൊരു മിഥ്യാ ധരണയും വേണ്ടെന്നും ആബെ വ്യക്തമാക്കി.

നിലവിലെ മിസൈലുകളുടെ ശേഷി അഞ്ചിരട്ടിയാക്കാന്‍ ജപ്പാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് തായ് വാന് പിന്തുണ ശക്തമാക്കുന്നത്. 100-200 കിലോ മീറ്റര്‍ ദൂരം പോകുന്ന മിസൈലുകള്‍ക്ക് പകരം ആയിരം കിലോമീറ്റര്‍ ദൂരത്തിലെ ശത്രുക്കളുടെ ലക്ഷ്യസ്ഥാനം തകര്‍ക്കുന്ന പ്രതിരോധ വിന്യാസമാണ് ജപ്പാന്‍ നടത്തുന്നത്. മുന്‍ കാലങ്ങളില്‍ ജപ്പാനും ചൈനയും ദക്ഷിണ കൊറിയയും മേഖലയില്‍ ആയുധങ്ങള്‍ സംഭരിക്കുന്നതില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മാന്യത ചൈനയാണ് തകിടംമറിച്ച് അക്രമസ്വഭാവത്തിലേക്ക് നയിച്ചതെന്നും ജപ്പാന്‍ ആരോപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.