രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ സാധ്യത; ഏഴ് സംസ്ഥാനങ്ങളില്‍ സൈകോവ് ഡി നല്‍കും

രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ സാധ്യത; ഏഴ് സംസ്ഥാനങ്ങളില്‍ സൈകോവ് ഡി നല്‍കും

ന്യുഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ സാധ്യത. കോവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ട് പേരില്‍ ഒരാള്‍ രോഗം മാറി രാജ്യം വിട്ട സാഹചര്യത്തില്‍ വിദേശത്ത് നിന്ന് എത്തിയവരുടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. രണ്ട് ദിവസത്തിനിടെ 7500 ഓളം പേരാണ് രാജ്യത്ത് എത്തിയിട്ടുള്ളത്.

ഒമിക്രോണ്‍ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് എത്തിയ ആറു പേര്‍ക്കു കൂടി ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചു. വിമാന സര്‍വ്വീസുകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ വീണ്ടും രംഗത്തെത്തി. ഡല്‍ഹിയില്‍ ഒരു വാക്‌സീനെങ്കിലും എടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ നിയന്ത്രണത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്.

അതേസമയം പരിശോധന, നിരീക്ഷണം,നിയന്ത്രണം എന്നിവ സംസ്ഥാനങ്ങള്‍ കടുപ്പിക്കുകയാണ്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കണമെന്ന ആവശ്യം കര്‍ണാടക, ദില്ലി അടക്കം കൂടുതല്‍ സംസ്ഥാനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ
പുതിയ കോവിഡ് പ്രതിരോധ വാക്‌സീനായ സൈകോവ് ഡി ആദ്യം ഏഴ് സംസ്ഥാനങ്ങളില്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, യു പി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാകും ആദ്യം വിതരണം നടത്തുക.

ബെംഗ്‌ളൂരുവിലെത്തിയ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കര്‍ണാടകയില്‍ അതീവ ജാഗ്രത തുടരുകയാണ്. ഇവരുമായി ഇടപെട്ട കൂടുതല്‍ പേരെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങി. 66കാരനായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി ദുബായിലേക്ക് തിരിച്ചു പോയിരുന്നു. 46കാരനായ ഡോക്ടര്‍ ബെം്ഗ്‌ളൂരുവില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിന് കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. ഹൈറിസ്‌ക് രാജ്യങ്ങളിലേക്ക് ഒന്നും ഇക്കാലയളവില്‍ ഡോക്ടര്‍ യാത്ര നടത്തിയിരുന്നില്ല. ഈ ഡോക്ടര്‍ക്ക് വിദേശ യാത്രാ പശ്ചാത്തലമില്ല. അതുകൊണ്ടുതന്നെ ഒമിക്രോണ്‍ ബാധിച്ചത് ബംഗ്ലൂരുവില്‍ നിന്നാകാം എന്ന് കര്‍ണാടക ആരോഗ്യവകുപ്പ് പറയുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരടക്കം പത്ത് പേരുടെ പരിശോധന ഫലം ഉടന്‍ വരും.

ഇതിനിടെ ഡോക്ടറുടെ 13 വയസുള്ള മകള്‍, ഭാര്യ, ഭാര്യാപിതാവ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറ് വയസുള്ള മകന്‍ നെഗറ്റീവ് ആണെങ്കിലും വീണ്ടും പരിശോധന നടത്തും. സഹപ്രവര്‍ത്തകനായ മറ്റൊരു ഡോക്ടര്‍ക്കും കോവിഡ് ഉണ്ട്. ആശങ്ക വേണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.