"നിന്റെ മനസിൽ ഞാൻ തപസിരിക്കാം"


"ബുദ്ധിപരമായ വെല്ലുവിളി എന്നത് നമ്മുടെ രാജ്യത്തെ സുപ്രധാന സാമൂഹ്യ, സാമ്പത്തിക ആരോഗ്യപ്രശ്നമാണ്. ഇത് അക്രമിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ അമൂല്യ നിക്ഷേപങ്ങളെയാണ്. നമ്മുടെ മക്കളെ!" 1963 ഫെബ്രുവരി അഞ്ചിന്, ബുദ്ധിന്യൂനതയോടെ പിറന്ന തന്റെ ഇളയ പെങ്ങൾ റോസ് മേരിയെ നെഞ്ചോടു ചേർത്തു പിടിച്ച് അമേരിക്കയുടെ പ്രസിഡന്റ് ജോൺ എഫ് കെന്നഡി രാഷ്ട്രത്തോടു പറഞ്ഞത്, ഒരു പുതിയ ലോകചരിത്രത്തിന്റെ നാന്ദിയായി മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സംഘാതമായ പരിചരണത്തിന്റെയും പരിപാലനത്തിന്റെയും ചരിത്രത്തിന്റെ തുടക്കം!

വ്യത്യസ്തമായ കഴിവുകളുള്ളവരായ നമ്മുടെ സഹോദരങ്ങളെ പ്രത്യേകമായി ഓർക്കുന്നുതിനുള്ള ദേശീയ ദിനമാണ് ഡിസംബർ എട്ട്. ഈ ദിനത്തിനു മുൻപും പിൻപുമുള്ള ഈ സഹോദരങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും ഭിന്നശേഷിയുള്ളവർക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും പുനരധിവാസവും നൽകുന്ന കേരളത്തിലെ മുന്നൂറിലേറെ സ്പെഷ്യൽ സ്കൂളുകളുടെയും നാലായിരത്തിലേറെ സ്പെഷ്യൽ സ്കൂൾ അധ്യാപകരുടെയും ജീവിതത്തിന് അടുത്തേക്കു നീങ്ങി നിൽക്കാൻ പൊതുസമൂഹത്തിനുള്ള കടമയുടെ ഓർമ്മപ്പെടുത്തലാണ് ഈ സുദിനം.

ബൗദ്ധിക ശേഷി 70 ശതമാനത്തിൽ താഴെയുള്ള വ്യക്തികളാണ് ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവർ. ഇതിൽ 75-90 ശതമാനം ലഘു വൈകല്യമുള്ളവരാണ്. ലോകജനസംഖ്യയുടെ രണ്ട്-മൂന്ന് ശതമാനം ഭിന്നശേഷിയുള്ളരാണെന്ന് കണക്കുകൾ പറയുന്നു. ഇതിൽ നാലിലൊന്ന് പേർ ജനിതകമായ വൈകല്യം മൂലം ഈ അവസ്ഥയിലേക്കുവരുമ്പോൾ അഞ്ച് ശതമാനത്തിന് ഈ അവസ്ഥ പൈതൃക വഴിയിൽ നിന്നും പകർന്നു കിട്ടുന്നതാണ്. ഈ അവസ്ഥയുടെ ശരിയായ കാരണം ഇന്നും അജ്ഞാതമാണ്. ക്രിസ്തുവിനു മുൻപ് അഞ്ചാം നൂറ്റാണ്ടിലെ ഹിപ്പോക്രാറ്റസിന്റെ പഠനമനുസരിച്ച് മനുഷ്യ മസ്തിഷ്കത്തിലെ നാലു ഹ്യൂമറുകളുടെ അസന്തുലിതാവസ്ഥയാണ് ബുദ്ധി ന്യൂനതയ്ക്കു കാരണം.

പതിമൂന്നാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ബുദ്ധിന്യൂനതയുള്ളവരെ സ്വയം സഹായിക്കാനാകാത്തവർ പരസഹായം അർഹിക്കുന്നവർ എന്ന് അംഗീകരിച്ചെങ്കിലും 1960-കളിൽ തോമസ് വില്ലിസാണ് ബുദ്ധിവൈകല്യം, മസ്തിഷ്കത്തിന്റെ ഘടനാവൈകല്യം മൂലമുള്ള ഒരു രോഗാവസ്ഥയാണ് എന്നു കണ്ടെത്തിയത് നവോത്ഥാനകാലത്തിനു മുൻപ് യൂറോപ്പിൽ പതിത പരിപാലനം എന്നത് ക്രൈസ്തവ ദേവാലയങ്ങളും ക്രിസ്തീയ സന്യാസ ആശ്രമങ്ങളോടു ചേർന്നുള്ള സേവന കർമ്മങ്ങൾ മാത്രമായിരുന്നു
18-19 നൂറ്റാണ്ടുകളിൽ ഭിന്നശേഷിക്കാർക്കായി പരിശീലന, പുനരധിവാസ കേന്ദ്രങ്ങൾ തുറക്കപ്പെട്ടു. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ചാൾസ് ഡാർവിൻ പരിണാമ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ച് ഫ്രാൻസിസ് ഗാൾട്ടൺ പ്രജനന നിയന്ത്രണത്തിലൂടെ ബുദ്ധിവൈകല്യമുള്ളവരെ ഒഴിവാക്കണമെന്നു നിർദ്ദേശിച്ചു. ഈ നിഷേധ നിലപാടിനെ പിന്തുടർന്നത് ഹിറ്റ്ലറാണ്. ഹിറ്റ്ലറിന്റെ കൂട്ടക്കൊലക്കാലത്ത് ബുദ്ധി വികാസം പ്രാപിക്കാത്ത പാവങ്ങളെ കൂട്ടിയിട്ട് കത്തിച്ചും ജീവനോടെ കുഴിച്ചുമൂടിയും മാനുഷികതയുടെ ചരിത്രത്തിനുമേൽ അയാൾ പൈശാചികതയുടെ കരിന്തുണി വിരിച്ചു!

1905 -ൽ ആൽഫ്രഡ് ബിന്നറ്റ് ആദ്യമായി ശിശുക്കളുടെ ബുദ്ധിശക്തി അളക്കുന്ന മാനകം അവതരിപ്പിച്ചു. 1917 ബൗദ്ധിക വികസന വെല്ലുവിളിയുള്ളവർക്കായി സ്ഥാപിച്ച സിവിറ്റൻ ഇന്റർനാഷണൽ എന്ന സംഘടന സ്പെഷ്യൽ എഡ്യൂക്കേഷൻ എന്ന ആശയം വികസിപ്പിച്ച് അധ്യാപക പരിശീലന കേന്ദ്രങ്ങൾ തുടങ്ങി. അരനൂറ്റാണ്ട് മുമ്പ് ഫാ. ഫെലിക്സ് സിഎംഐ എന്ന താപസ വൈദികനിലൂടെ കേരളത്തിലും സ്പെഷ്യൽ എഡ്യൂക്കേഷന്റെ വാതിലുകൾ തുറക്കപ്പെട്ടു. ഇന്നു കേരളത്തിലുള്ള സ്പെഷ്യൽ സ്കൂൾ അധ്യാപകരിൽ പകുതിയോളം അദ്ദേഹത്തിന്റെ തിരുവനന്തപുരം സി.എം.ഐ.ആറിന്റെ സംഭാവനയാണ്.

"കുഞ്ഞേ നീയറിഞ്ഞല്ലോ, നീയിങ്ങനെയായത്. നീയറിയുന്നുമില്ല, നീയെങ്ങനെയാകുമെന്ന്! ഇനി നിന്റെ ചേതനയിൽ സത്വബോധമുണരുന്നതുവരെ, നിന്റെ മനസിൽ ഞാൻ തപസിരിക്കാം". ഭിന്നശേഷിയുള്ള ഓരോ ശിശു മനസിന്റെയും കണ്ണിൽ നോക്കി നമുക്ക് മന്ത്രിക്കാം. നമുക്ക് മനുഷ്യരാകാം ഇവരുടെ ദൈവമാകാം.

ഫാ. റോയി കണ്ണൻചിറ സിഎംഐ എഴുതിയ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്ത ഭാഗമാണിത്. പത്തുവർഷം കൊണ്ട് എഴുതിയ ബുക്കാണിത്. സാഹിതി ഇന്റർനാഷണലിന്റെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം പ്രപഞ്ച മാനസത്തിന് ലഭിച്ചിട്ടുണ്ട്.

ഫാ. റോയി കണ്ണൻചിറ സിഎംഐയുടെ കൂടുതൽ രചനകൾ വായിക്കുന്നതിന് : https://cnewslive.com/author/15946/1


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.