ആരാണ് നല്ല സമറായൻ?

ആരാണ് നല്ല സമറായൻ?

മൂന്നു വർഷം മുമ്പാണ്‌ സഹപാഠിയായ ജോബി പയ്യപ്പിള്ളിയച്ചൻ ഇരുചക്രവാഹനത്തിൽ തിരുവനന്തപുരം മുതൽ കാശ്മീർവരെ യാത്ര നടത്തുന്നത്. 'പെൺകുട്ടികളുടെ സുരക്ഷ' എന്ന ആപ്തവാക്യവും അതിന്റെ ബോധവത്ക്കരണത്തിനാവശ്യമായ നോട്ടീസുകളുമായാണ് അച്ചൻ യാത്ര തിരിക്കുന്നത്. രണ്ടു മാസം കൊണ്ട്  പതിനാലായിരം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് അച്ചൻ തന്റെ യജ്ഞം പൂർത്തിയാക്കിയത്. യാത്രയ്ക്ക് മാസങ്ങൾ മുമ്പ് അച്ചൻ ബൈക്ക് റിപ്പയറിങ്ങ് പഠിച്ചു. ദിവസങ്ങളോളം ആശ്രമത്തിന്റെ തിണ്ണയിൽ കിടന്നുറങ്ങി വരാനിരിക്കുന്ന ദിനങ്ങൾക്കുവേണ്ടി ഒരുങ്ങി. വഴിയിൽ തമ്പടിക്കുവാൻ സഹായിക്കുന്ന ടെന്റും അവശ്യം വേണ്ട വസ്ത്രങ്ങളും കുർബാനയർപ്പിക്കാനുള്ള തിരുവസ്തുക്കളുമായി അച്ചൻ 2018 സെപ്തംബർ 10-ാം തിയതി യാത്ര തിരിച്ചു.

യാത്രയിലെ മറക്കാനാകാത്ത ഒരു അനുഭവം അച്ചൻ പങ്കുവച്ചതോർക്കുന്നു. ലഡാക്കിൽ നിന്നുള്ള മടക്കയാത്ര. കാർഗിൽ ആയിരുന്നു ലക്ഷ്യം. സാധാരണ ഗതിയിൽ സന്ധ്യ മയങ്ങിയാൽ യാത്ര ചെയ്യാറില്ല. കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും ചെറിയതോതിൽ മഞ്ഞുപെയ്യാൻ തുടങ്ങി. ധരിച്ച വസ്ത്രങ്ങളും കൈയുറകളും തുളച്ച് തണുപ്പ് അസ്ഥികൾ വരെ എത്തി. എവിടെയെങ്കിലും വിശ്രമിക്കാ ഒരിടം ലഭിച്ചെങ്കിൽ എന്ന് മനസ് ആഗ്രഹിച്ച നിമിഷങ്ങൾ. അവിടെയെങ്ങും മനുഷ്യവാസമുള്ള ഒരിടം പോലുമില്ലായിരുന്നു. കുറച്ചുദൂരം മുന്നോട്ടു നീങ്ങിയപ്പോൾ ദൂരെ ഒരു തിരിവെട്ടം കണ്ടു. വെളിച്ചം ലക്ഷ്യമാക്കി അച്ചൻ കുതിച്ചു. അത് ചെറിയൊരു കടയായിരുന്നു. ബൈക്ക് നിറുത്തിയതേ മധ്യവയസ്ക്കനായ കടയുടമ വന്ന് കാര്യം തിരക്കി. അച്ചന്റെ അവസ്ഥ മനസിലാക്കിയ അയാൾ വെടിഞ്ഞ് അച്ചന്റെ കൈയുറകൾ ഊരി കൈകൾ തിരുമ്മിക്കൊടുത്തു. കടയോട് ചേർന്നുള്ള ഭവനത്തിലേക്ക് ആനയിച്ചു. കുടിക്കാൻ ചായ നൽകി. അവർ സംസാരിച്ചിരിക്കേ അദ്ദേഹത്തിന്റെ ഭാര്യ ഭക്ഷണമൊരുക്കി. മൂവരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു. അച്ചന് വിശ്രമിക്കാൻ ഒരു മുറിയും നൽകി. പ്രഭാതത്തിൽ വീട്ടുടമസ്ഥൻ വാതിലിൽ തട്ടിയിട്ട് പറഞ്ഞു: "പ്രാഥമിക ആവശ്യങ്ങൾക്കും കുളിക്കാനുമായ് വെള്ളം ചൂടാക്കിയിട്ടുണ്ട് ...പ്രാതലും തയ്യാറാണ്..." പ്രാതൽ കഴിച്ച് അവരോട് നന്ദി പറഞ്ഞു യാത്ര തുടരാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ വീട്ടുടമ ഓടിവന്ന് ഒരു പൊതി നൽകിക്കൊണ്ട് പറഞ്ഞു: "ഉച്ചയ്ക്ക് കഴിക്കാനുള്ളതാണ് ...നല്ല യാത്ര നേരുന്നു ....ദൈവം കാക്കട്ടെ!" അക്ഷരാർത്ഥത്തിൽ മിഴികൾ നിറഞ്ഞൊഴുകിയ നിമിഷങ്ങളായിരുന്നു അതെന്ന് പയ്യപ്പിള്ളിയച്ചൻ പറഞ്ഞപ്പോൾ കേട്ടിരുന്ന എന്റെയും ഉള്ളിൽ ജ്വലനം സംഭവിച്ചു.

ക്രിസ്തു തന്റെ ശിഷ്യരെ രണ്ടുപേർ വീതം യാത്രയാക്കിയപ്പോൾ അവരോട് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. "യാത്രയ്‌ക്കു വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ - കരുതരുത്‌. ചെരിപ്പു ധരിക്കാം, രണ്ട്‌ ഉടുപ്പുകള്‍ ധരിക്കരുത്‌...."(മര്‍ക്കോസ്‌ 6 : 8-9)

ജീവിതം ഒരു യാത്രയാണ്. ഈ യാത്രയിൽ ഭാരങ്ങൾ ഏറുമ്പോൾ കർത്താവൊരുക്കിയ കരുതലിന്റെ കരങ്ങളാണ് നമുക്ക് നഷ്ടമാകുക എന്ന ഓർമ എത്ര ഊഷ്മളമാണ്.

വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ
തിരുനാൾ മംഗളങ്ങൾ!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.