ക്രിസ്മസ്, അവധിക്കാല യാത്രകള്‍ മുടക്കി ഒമിക്രോണ്‍ വ്യാപനം; നിരാശ പങ്കിട്ട് പ്രവാസി മലയാളികള്‍

ക്രിസ്മസ്, അവധിക്കാല യാത്രകള്‍ മുടക്കി ഒമിക്രോണ്‍ വ്യാപനം; നിരാശ പങ്കിട്ട് പ്രവാസി മലയാളികള്‍


വാഷിംഗ്ടണ്‍ /ദുബായ് /ന്യൂഡല്‍ഹി:കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ മുപ്പതോളം രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ ആ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്കുള്ള മലയാളികളുടെ ക്രിസ്മസ്, അവധിക്കാല യാത്രാ പരിപാടികള്‍ അനിശ്ചിതത്വത്തിലായി. ആയിരക്കണക്കിന് അമേരിക്കന്‍ മലയാളികള്‍ യാത്ര റദ്ദാക്കിക്കഴിഞ്ഞതായാണ് വിവരം. ഗള്‍ഫ് മേഖലയിലെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെയും പ്രവാസികളും ഇതേ വിഷമത്തിലാണ്. ശൈത്യകാല അവധി പ്രയോജനപ്പെടുത്തി നാട്ടിലേക്കും ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിനോദ യാത്ര ഉള്‍പ്പെടെ ആസൂത്രണം ചെയ്തിരുന്നവര്‍ക്കു മുന്നില്‍ ഒമിക്രോണ്‍ അവിചാരിത 'വില്ലനാ'യി.

നാട്ടിലേക്കുള്ള യാത്രയ്ക്കു തയ്യാറായിരുന്ന ഗള്‍ഫ് പ്രവാസികളില്‍ 30 ശതമാനം പേര്‍ യാത്ര ഒഴിവാക്കിയതായി ട്രാവല്‍ രംഗത്തുള്ളവര്‍ വ്യക്തമാക്കി. രാജ്യാന്തര യാത്രക്കാര്‍ക്ക് കേരളത്തില്‍ ഏഴു ദിവസം ക്വാറന്റീന്‍ ഉണ്ടാകുമെന്ന അഭ്യൂഹവും പ്രവാസികളെ ആശയകുഴപ്പത്തിലാക്കി. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് പിന്നീട് അറിയിപ്പു വന്നെങ്കിലും സാഹചര്യങ്ങള്‍ ഏതു സമയവും മാറിമറിയാമെന്ന ആശങ്ക ഇപ്പോഴുമുണ്ട്. വരും നാളുകളില്‍ നിയന്ത്രണം കടുപ്പിച്ചാല്‍ മടങ്ങിവരാനാകുമോ എന്ന സന്ദേഹമാണ് യാത്ര റദ്ദാക്കാനുള്ള പ്രധാന കാരണം. വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍ ഡിസംബറില്‍ പോകാനിരിക്കെയാണ് ഭീതിപരത്തി ഒമിക്രോണ്‍ എത്തിയത്.

ലോകാരോഗ്യ സംഘടനയാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പുതിയ സ്ഥിതിഗതികളെ അതീവ ഗൗരവത്തോടെയാണ് തങ്ങള്‍ കാണുന്നതെന്നും എല്ലാ ലോകരാജ്യങ്ങളും ആ ഗൗരവം പുലര്‍ത്തണമെന്നും ഡബ്ല്യുഎച്ച്ഒ ഡയരക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. പുതിയ വകഭേദത്തില്‍ അത്ഭുതമില്ലെന്നും കോവിഡ് വ്യാപനം തുടരുന്ന കാലത്തോളം ഇത്തരത്തിലുള്ള സംഭവങ്ങള്‍ പ്രതീക്ഷിക്കാമെന്നുമാണ് ഡബ്ല്യുഎച്ച്ഒ തലവന്റെ നിരീക്ഷണം.

ഒന്നര വര്‍ഷത്തിലേറെ അനക്കമറ്റു കിടന്ന വിമാനക്കമ്പനികളും ടൂറിസം ഉള്‍പ്പെടെയുള്ള അനുബന്ധ മേഖലകളും പുനരുജ്ജീവന ലക്ഷണം കാണിച്ചു തുടങ്ങിയ ശേഷമാണ് എല്ലാം തകിടം മറിയുന്നത്.ഇന്ത്യ ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാനയാത്രകള്‍ പഴയ തോതില്‍ പുനഃസ്ഥാപിക്കാനുള്ള തീരുമാനം ഇതിനകം തന്നെ മരവിപ്പിച്ചു കഴിഞ്ഞു. യുഎസില്‍ ബൈഡന്‍ ഭരണവും വരുന്ന ആഴ്ച മുതല്‍ യാത്രാനിബന്ധനകള്‍ കര്‍ക്കശമാക്കുകയാണ്. അമേരിക്കയിലേക്കെത്തുന്ന യാത്രികര്‍ ഇനി മുതല്‍ 24 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഇതുവരെ 72 മണിക്കൂര്‍ മുന്‍പ് വരെ ചെയ്യാനാകുമായിരുന്നു.

'എയര്‍ ബബിള്‍' ആയാലും വൈതരണി

നിലവിലെ 'എയര്‍ ബബിള്‍' യാത്രാസൗകര്യമുപയോഗിച്ച് നാട്ടിലെത്താമെന്ന് വിചാരിച്ചാലും ഇന്ത്യയിലെത്തുന്ന യാത്രികരെ കാത്തിരിക്കുന്നത് കര്‍ശനമായ ഹോം/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറണ്ടൈന്‍/സ്വയം ആരോഗ്യനിരീക്ഷണ വ്യവസ്ഥകളും ആവര്‍ത്തിച്ചുള്ള ടെസ്റ്റുകളുമാണ്. കോവിഡ് നെഗറ്റീവ് ആയാല്‍ പോലും യാത്രകള്‍ അവസാനിക്കുക ഹോം/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറണ്ടൈനിലാവാനുള്ള സാധ്യതകള്‍ പ്രവാസികള്‍ മുന്‍കൂട്ടി കാണുന്നു.

നവംബര്‍ 28ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാരുടെ വരവിന്റെ കാര്യത്തില്‍ 'അറ്റ് റിസ്‌ക്' എന്ന പരിഗണന മുന്‍നിര്‍ത്തിയുള്ള സമീപനമായിരിക്കും സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്:

ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ യാത്ര ചെയ്യുന്ന ദിവസത്തിന് മുന്‍പുള്ള 14 ദിവസങ്ങളിലെ യാത്രാവിവരങ്ങള്‍ https://www.newdelhiairport.in/airsuvidha/apho-registration എന്ന ഐഡിയില്‍ ലഭ്യവുമാകുന്ന 'എയര്‍ സുവിധ' പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ കോവിഡ് നെഗറ്റീവ് ആണെന്ന് കാട്ടുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലവും ഇതേ വെബ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം.ഇതേ പോര്‍ട്ടല്‍ വഴിയോ ബന്ധപ്പെട്ട എയര്‍ലൈന്‍ വഴി ഇന്ത്യന്‍ മിനിസ്ട്രി ഓഫ് സിവില്‍ ഏവിയേഷനെ നേരിട്ടോ തങ്ങള്‍ ഇന്ത്യയിലെ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ നിശ്ചയിക്കുന്നതനുസരിച്ചുള്ള ഹോം/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറണ്ടൈനിനോ സ്വയം ആരോഗ്യനിരീക്ഷണത്തിനോ തയ്യാറാണെന്ന സത്യവാങ്മൂലം സമര്‍പ്പിക്കണം.

'അറ്റ് റിസ്‌ക്' ലിസ്റ്റില്‍ പെടുന്ന രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രികര്‍ ഇന്ത്യയിലെത്തിയ പാടെ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. ഈ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും അവര്‍ 7 ദിവസം ഹോം ക്വാറണ്ടൈനിന് വിധേയരാകണം. എട്ടാം ദിവസം അവര്‍ വീണ്ടും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാകണം. ആ ടെസ്റ്റ് ഫലവും നെഗറ്റീവ് ആണെങ്കില്‍ പിന്നീടുള്ള 7 ദിവസം സ്വയം ആരോഗ്യനിരീക്ഷണം നടത്തണം.

ഇന്ത്യയിലെത്തിയ ഉടനെയോ എത്തിയ ശേഷം എട്ടാം ദിവസമോ നടത്തുന്ന ടെസ്റ്റുകള്‍ പോസിറ്റീവ് ഫലം നല്‍കിയാല്‍ അവരുടെ ടെസ്റ്റ് സാംപിള്‍ ജീനോമിക്ക് പരിശോധനയ്ക്ക് അയക്കുകയും അവരെ ഐസൊലേഷനിലേക്ക് മാറ്റി പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ നല്‍കുകയും ചെയ്യും. അവരുടെ ജീനോമിക് ടെസ്റ്റ് ഫലം ഒമിക്രോണ്‍ നെഗറ്റീവ് ആണെങ്കില്‍ ചികില്‍സിക്കുന്ന ഡോക്ടറുടെ യുക്താനുസരണം ഡിസ്ചാര്‍ജ് ചെയ്യാം. ഫലം പോസിറ്റീവ് ആണെങ്കില്‍ കര്‍ശനമായ ഐസൊലേഷന് അവരെ വിധേയാക്കുകയും ജീനോമിക് ടെസ്റ്റ് ഫലം ഒമിക്രോണ്‍ നെഗറ്റീവ് ആകുന്നത് വരെ പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ നല്‍കുകയും ചെയ്യും.

'നോട്ട് അറ്റ് റിസ്‌ക്' എന്ന വിഭാഗത്തില്‍ പെടുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രികരില്‍ നിന്ന് 2 ശതമാനം പേരുടെ റാന്‍ഡം സാംപിള്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കും.ഈ സാംപിളുകള്‍ നല്‍കുന്ന ഫലം നെഗറ്റീവ് ആണെങ്കില്‍ ആ രാജ്യത്ത് നിന്നെത്തുന്ന യാത്രികര്‍ 14 ദിവസം സ്വയം ആരോഗ്യനിരീക്ഷണം നടത്തിയാല്‍ മതിയാകും. ഏതെങ്കിലും സാംപിള്‍ ടെസ്റ്റ് ഫലം പോസിറ്റീവ് ആയാല്‍ ആ രാജ്യത്ത് നിന്ന് വരുന്ന യാത്രികരുടെ സാംപിളുകള്‍ ജീനോമിക് ടെസ്റ്റിനയയ്ക്കുന്നതും അവര്‍ക്ക് പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ നല്‍കുന്നതുമാണ്.

ഇതില്‍ ഏത് ഗണത്തില്‍ പെടുന്ന യാത്രക്കാരാണെങ്കിലും അവര്‍ ഹോം/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറണ്ടൈനിലായിരിക്കുമ്പോഴോ സ്വയം ആരോഗ്യനിരീക്ഷണം നടത്തുമ്പോഴോ കോവിഡ് പോസിറ്റീവ് ആയാല്‍ അവര്‍ ഉടന്‍ തന്നെ ഏറ്റവും അടുത്തുള്ള ആരോഗ്യപരിരക്ഷാ കേന്ദ്രവുമായോ 1075 എന്ന ദേശീയ ഹെല്‍പ് ലൈന്‍ നമ്പറിലോ സംസ്ഥാന തലത്തിലെ മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.