'ആത്മീയ അന്ധതയില്‍ നിന്ന് കൂട്ടായ്മയോടെ രക്ഷ തേടണം': സൈപ്രസിലെ വചന സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ

 'ആത്മീയ അന്ധതയില്‍ നിന്ന് കൂട്ടായ്മയോടെ രക്ഷ തേടണം': സൈപ്രസിലെ വചന സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ

നിക്കോസിയ: ആധുനിക ലോകത്തില്‍ വന്നുപെടുന്ന ആത്മീയ അന്ധതയില്‍ നിന്ന് കൂട്ടായ്മയോടെയുള്ള രക്ഷയും വിശ്വാസ പുനര്‍ജന്മവും സാധ്യമാക്കാനും പുതിയ ശക്തി കൈവരിക്കാനും യേശുവിന്റെ സഹായം തേടണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. 'നമ്മുടെ കണ്ണുകളെയും ഹൃദയങ്ങളെയും സ്പര്‍ശിക്കാനും നമ്മെ വെളിച്ചത്തിലേക്ക് നയിക്കാനും ആത്മീയ പുനര്‍ജന്മവും പുതിയ ശക്തിയും നല്‍കാനും യേശു ആഗ്രഹിക്കുന്നു.'- സൈപ്രസ് പര്യടനത്തിനിടെ നിക്കോസിയയിലെ ജിഎസ്പി സ്റ്റേഡിയത്തില്‍ ദിവ്യബലിയര്‍പ്പണവേളയില്‍ നല്‍കിയ വചന സന്ദേശത്തില്‍ മാര്‍പ്പാപ്പ പറഞ്ഞു.

വിശുദ്ധ മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ യേശു കടന്നുപോകുമ്പോള്‍ രണ്ട് അന്ധന്മാര്‍ 'ദാവീദിന്റെ പുത്രാ, ഞങ്ങളോട് കരുണ കാണിക്കണമേ' എന്ന് നിലവിളിക്കുന്ന ഭാഗത്തെ അധികരിച്ചായിരുന്നു വചന സന്ദേശം. രണ്ടുപേരും അന്ധരാണെങ്കിലും ലോകത്തിലേക്ക് വന്ന മിശിഹായാണ് യേശുവെന്ന് അവര്‍ തിരിച്ചറിയുന്നുണ്ടെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. 'കര്‍ത്താവ് വരുമ്പോള്‍ അവനെ സ്വാഗതം ചെയ്യാന്‍ ഈ ആഗമനകാലത്ത് അവര്‍ നമുക്കു മാതൃകയാണ്.'

ഇരുവരും സൗഖ്യത്തിനായി യേശുവിന്റെ അടുക്കല്‍ പോയതാണ് സംഭവത്തിലെ ആദ്യ ഭാഗമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. അവര്‍ക്ക് അവനെ കാണാന്‍ കഴിഞ്ഞില്ല. പക്ഷേ, അവര്‍ അവന്റെ ശബ്ദം കേള്‍ക്കുകയും ആ കാല്‍പ്പാടുകള്‍ പിന്തുടരുകയും ചെയ്യുന്നു. രണ്ടു പേരും യേശുവില്‍ വിശ്വസിച്ചു.അതിനാല്‍ അവരുടെ കണ്ണുകള്‍ക്ക് വെളിച്ചം കിട്ടാന്‍ അവര്‍ അവനെ അനുഗമിച്ചു.

ചരിത്രത്തിന്റെ ഇരുട്ടിനുള്ളില്‍, ഹൃദയത്തിന്റെയും ലോകത്തിന്റെയും 'രാത്രികളെ' പ്രകാശിപ്പിക്കുന്ന വെളിച്ചമാണ് യേശുവെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതിനാലാണ് ഇരുവരും യേശുവില്‍ വിശ്വസിച്ചത്. നമുക്കും നമ്മുടെ ഹൃദയത്തില്‍ ഒരുതരം 'അന്ധത' ഉണ്ട്; രണ്ട് അന്ധന്മാരെപ്പോലെ പലപ്പോഴും ജീവിതത്തിന്റെ അന്ധകാരത്തില്‍ മുഴുകിയിരിക്കുകയാണു നാം. പലപ്പോഴും നമ്മള്‍ അന്ധകാരത്തില്‍ ഒറ്റപ്പെട്ട്, നമ്മോട് തന്നെ സഹതപിക്കുന്നു. ദുഃഖം നമ്മുടെ കൂട്ടാളിയാകുന്നതില്‍ സംതൃപ്തരാകുകയും ചെയ്യുന്നു. ഇതിനു പകരം നമ്മള്‍ യേശുവിന്റെ അടുത്തേക്ക് പോകണം- പാപ്പ പറഞ്ഞു.'നമ്മുടെ ഹൃദയത്തെ സുഖപ്പെടുത്താന്‍ യേശുവിന് അവസരം നല്‍കാം.'

'അവര്‍ വേദന പങ്കിട്ടു'

'ആ അന്ധന്മാര്‍ അവരുടെ വേദന പങ്കിട്ടു' എന്നതാണ് അടുത്ത ഘട്ടം - മാര്‍പ്പാപ്പ തുടര്‍ന്നു. അവര്‍ ഒരുമിച്ച് സഹായം അഭ്യര്‍ത്ഥിക്കുന്നു.ഇത് ക്രിസ്തീയ ജീവിതത്തിന്റെ വാചാലമായ അടയാളവും സഭാ ചൈതന്യത്തിന്റെ വ്യതിരിക്തമായ സ്വഭാവവുമാണ്. 'ഞങ്ങള്‍' ആയി ചിന്തിക്കുക, സംസാരിക്കുക, പ്രവര്‍ത്തിക്കുക. വ്യക്തിത്വത്തെയും ഹൃദയത്തെയും ദോഷകരമായി ബാധിക്കുന്ന സ്വയംപര്യാപ്തത ത്യജിക്കപ്പെടണം.

രണ്ട് അന്ധരും നമ്മെ ഒട്ടേറെ കാര്യങ്ങള്‍ പഠിപ്പിക്കുന്നു. 'പാപത്തിന്റെ ഫലമായി നാമോരോരുത്തരും ഏതെങ്കിലും വിധത്തില്‍ അന്ധരാണ്. ഇക്കാരണത്താല്‍ ദൈവത്തെ നമ്മുടെ പിതാവായി കാണാന്‍ കഴിയാതെ പോകുന്നു. പരസ്പരം സഹോദരീസഹോദരന്മാരായി കാണുന്നതില്‍ നിന്നും ഇത് നമ്മെ തടയുന്നു. ഈ പാപം യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുന്നു - മാര്‍പ്പാപ്പ തുടര്‍ന്നു. ഈ ആന്തരിക അന്ധത നാം മാത്രം വഹിക്കുകയാണെങ്കില്‍് അമിതഭാരമുണ്ടാകാം. 'നമ്മള്‍ പരസ്പരം അരികില്‍ നില്‍ക്കേണ്ടതുണ്ട്; നമ്മുടെ വേദന പങ്കിടാനും മുന്നോട്ടുള്ള പാതയെ ഒരുമിച്ച് നേരിടാനും'.

'നമ്മുടെ ആന്തരിക അന്ധകാരത്തെയും സഭയിലും സമൂഹത്തിലും മുന്നിലുള്ള വെല്ലുവിളികളെയും അഭിമുഖീകരിക്കുമ്പോള്‍, നമ്മുടെ സാഹോദര്യ ബോധം പുതുക്കാനുള്ള നിയോഗം സുപ്രധാനമാണ്. നമ്മള്‍ വിഭജിക്കപ്പെട്ടാല്‍ ഒരിക്കലും നമ്മുടെ അന്ധതയില്‍ നിന്ന് പൂര്‍ണമായി സുഖപ്പെടില്ല. നമ്മുടെ വേദന ഒരുമിച്ച് വഹിക്കുമ്പോള്‍, നമ്മുടെ പ്രശ്‌നങ്ങള്‍ ഒരുമിച്ച് നേരിടുമ്പോള്‍, പരസ്പരം കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ രോഗശാന്തി സംഭവിക്കുന്നു'

'സന്തോഷത്തോടെ വചനം പ്രസംഗിച്ചവര്‍'

'അവര്‍ സന്തോഷത്തോടെ സുവിശേഷം പ്രഖ്യാപിച്ചു' എന്നതാണ് മൂന്നാമത്തെയും അവസാനത്തെയും ഘട്ടമെന്ന് മാര്‍പ്പാപ്പ പറഞ്ഞു. യേശു സുഖപ്പെടുത്തിയ രണ്ടു പേരും എല്ലായിടത്തും സുവാര്‍ത്ത പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇതില്‍ അല്‍പ്പം വിരോധാഭാസമുണ്ട് - മാര്‍പാപ്പ ചൂണ്ടിക്കാട്ടി. 'എന്താണ് സംഭവിച്ചതെന്ന് ആരോടും പറയരുതെന്ന് യേശു അവരോട് പറഞ്ഞിരുന്നു, എന്നിട്ടും അവര്‍ നേരെ വിപരീതമാണ് ചെയ്യുന്നത്.കര്‍ത്താവിനോട് അനുസരണക്കേട് കാണിക്കുക എന്നതായിരുന്നില്ല അവരുടെ ഉദ്ദേശ്യം. തങ്ങളുടെ രോഗശാന്തിയിലെ ആവേശവും യേശുവുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷവും തമസ്‌കരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇത്, യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ മറ്റൊരു വ്യതിരിക്തമായ അടയാളമാണ്'.

സുവിശേഷത്തിന്റെ വിമോചന സന്ദേശം സ്വന്തമാക്കി 'സന്തോഷത്തോടെ' ജീവിക്കുന്നതിന് നിക്കോസിയ സ്റ്റേഡിയത്തില്‍ സന്നിഹിതരായ എല്ലാവരോടും മാര്‍പ്പാപ്പ നന്ദി പറഞ്ഞു. 'ഈ പാതയില്‍ മുന്നേറാന്‍' അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സുവിശേഷത്തിലെ രണ്ട് അന്ധന്മാരെപ്പോലെ, 'നമുക്ക് ഒരിക്കല്‍ കൂടി യേശുവിനെ കണ്ടുമുട്ടാം; നമ്മള്‍ കണ്ടുമുട്ടുന്ന എല്ലാവരുടെയും മുൂന്നില്‍ യേശുവിന്റെ നിര്‍ഭയ സാക്ഷികളാകാം!'

'സഹോദരന്മാരേ, നമ്മുടെ അന്ധതയുടെ നിലവിളി കേട്ടുകൊണ്ട് കര്‍ത്താവായ യേശുവും സൈപ്രസിന്റെ തെരുവുകളിലൂടെ കടന്നുപോകുന്നു. നമുക്ക് അവനിലുള്ള വിശ്വാസം പുതുക്കാം. നമുക്ക് അവനോട് പറയാം: യേശുവേ, നിന്റെ വെളിച്ചം ഞങ്ങളുടെ അന്ധകാരത്തേക്കാള്‍ വലുതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു; ഞങ്ങളെ സുഖപ്പെടുത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മ പുതുക്കാനും നിനക്കു കഴിയും.' ഞങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കണമേയെന്നും പ്രാര്‍ത്ഥിക്കാം - മാര്‍പ്പാപ്പ ഉപസംഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26