ദുബായ്: ഫ്രാന്‍സില്‍ നിന്നും യു.എ.ഇ. 80 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തുന്ന പര്യടന വേളയിലാണ് ഇതുസംബന്ധിച്ചുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പ് വച്ചത്. 13,669 കോടി രൂപ (16 ബില്യണ്‍ യൂറോ) ചെലവിലാണ് വിമാനങ്ങള്‍ യുഎഇ സ്വന്തമാക്കുന്നത്. എഫ് 4 മോഡല്‍ റഫാല്‍ വിമാനങ്ങളാണ് യുഎഇ വാങ്ങുന്നതെന്ന് ഫ്രാന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
റഫാല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ദാസ്സോ ഏവിയേഷന്റെ ചെയര്‍മാനും സിഇഒയുമായ എറിക് ട്രാപ്പിയര്‍, യുഎഇയുടെ പ്രതിരോധ സുരക്ഷാ ചുമതലയുള്ള തവാസുന്‍ ഇക്കണോമിക് കൗണ്‍സില്‍ സിഇഒ താരീഖ് അബ്ദുള്‍ റഹീം അല്‍ ഹൊസാനി എന്നിവരാണ് കരാറില്‍ ഒപ്പ് വച്ചത്.ദാസ്സോ ഏവിയേഷന്‍ ഒപ്പിടുന്ന ഏറ്റവും വലിയ വിമാന വില്‍പ്പന കരാറാണിത്. ഇന്ത്യ വാങ്ങുന്നത് 36 റഫാല്‍ വിമാനങ്ങളാണ്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍, യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.12 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് ഹെലിക്കോപ്റ്ററുകള്‍ വാങ്ങാനും യുഎഇ കരാര്‍ ഒപ്പിട്ടു.
എഫ് 4 മോഡല്‍ വിമാനങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. 2024 ഓടെ ഇത് പൂര്‍ത്തിയാകുമെന്നാണ് വിവരം. യു.എ.ഇക്ക് 2027 മുതലാകും റഫാലിന്റെ വിതരണം ആരംഭിക്കുന്നത്. ഇക്കാര്യത്തില്‍ നിലനിന്നിരുന്ന പത്തു വര്‍ഷക്കലത്തെ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചാണ് ഫ്രാന്‍സുമായി കരാറില്‍ ഒപ്പിടാന്‍ യുഎഇ തയ്യാറായത്.ഇന്ത്യ വാങ്ങിയതിന് പിന്നാലെ റഫാലിന് ആവശ്യക്കാര്‍ ഏറിയിരുന്നു.ഈജിപ്ഷ്യന്‍ വ്യോമസേന, ഖത്തര്‍ വ്യോമസേന, ഹെല്ലനിക് (ഗ്രീസ്) വ്യോമസേന, ക്രൊയേഷ്യന്‍ വ്യോമസേന തുടങ്ങിയവരും ദാസ്സോ ഏവിയേഷന്റെ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനുള്ള കരാറില്‍ ഒപ്പ് വച്ചിട്ടുണ്ട്.
പ്രധാനമായും എക്സ്പോ 2020ല്‍ പങ്കെടുക്കുന്നതിനാണ് ഇമ്മാനുവല്‍ മാക്രോണ്‍ ദുബായിലെത്തിയതെങ്കിലും ഇരു രാജ്യങ്ങളുമായി പ്രതിരോധ രംഗത്തു സഹകരണം ഊട്ടിയുറപ്പിക്കാനുള്ള ദൗത്യവും സന്ദര്‍ശനത്തിന്റെ ഭാഗമാണ്.നിലവില്‍ ഫ്രാന്‍സിന് അബുദബിയില്‍ ഒരു പെര്‍മനന്റ് മിലിട്ടറി ബേസ് ഉണ്ട്. അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനുമായി മികച്ച സൗഹൃദ ബന്ധമാണ് അദ്ദേഹത്തിനുള്ളത്. വിശാലമായ സാമ്പത്തിക ബന്ധങ്ങള്‍ കരുപ്പിടിപ്പിക്കാനും ഇരു നേതാക്കള്‍ക്കിടയില്‍ ധാരണയുണ്ടായെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.