സൈപ്രസില്‍ മാര്‍പാപ്പ ബലിയര്‍പ്പിച്ച സ്റ്റേഡിയത്തിനു പുറത്ത് കത്തിയുമായി ഒരാള്‍ പിടിയില്‍

സൈപ്രസില്‍ മാര്‍പാപ്പ ബലിയര്‍പ്പിച്ച സ്റ്റേഡിയത്തിനു പുറത്ത് കത്തിയുമായി ഒരാള്‍ പിടിയില്‍

നിക്കോസ്യ: സൈപ്രസ് സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ച നിക്കോസ്യയിലെ ജിസ്പി സ്റ്റേഡിയത്തിനു പുറത്ത് കത്തിയുമായി ഒരാള്‍ പിടിയിലായി. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരുന്നു. മാര്‍പാപ്പയുടെ സാന്നിധ്യവുമായി ഇതിനു ബന്ധമില്ലെന്നാണ് പൊലീസ് നല്‍കുന്ന ആദ്യ സൂചന.

കുര്‍ബാനയില്‍ പങ്കെടുക്കാനായി എത്തിയവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെയാണ് ഒരാളില്‍ നിന്ന് കത്തി കണ്ടെത്തിയത്. ഇയാളുടെ പേര് പുറത്തു വിട്ടിട്ടില്ല. സ്വകാര്യ ആവശ്യത്തിനാണ് കത്തി സൂക്ഷിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്.

മാര്‍പാപ്പയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് മാര്‍പാപ്പ നിക്കോസിയായിലെ ജിഎസ്പി സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ഓര്‍ത്തഡോക്സ് സഭയിലെ രണ്ടു ബിഷപ്പുമാരും പങ്കെടുത്തു. കുര്‍ബാനയ്ക്കിടെ മാര്‍പാപ്പ നല്‍കിയ സന്ദേശത്തില്‍ ഐക്യത്തിനുള്ള ആഹ്വാനമാണ് മുഴങ്ങിയത്.

അതിനിടെ കുടിയേറ്റക്കാരോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കരുതലിന്റെ അടയാളമായി സൈപ്രസില്‍ നിന്ന് ഇറ്റലിയിലേക്ക് 12 അഭയാര്‍ത്ഥികളെ കൈമാറാന്‍ സഹായിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.

ഇംഗ്ലീഷ് സംസാരിക്കുന്ന ന്യൂനപക്ഷവും ഫ്രഞ്ച് സംസാരിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ മൂലമുണ്ടായ ആംഗ്ലോഫോണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് കാമറൂണില്‍ നിന്ന് പലായനം ചെയ്ത ക്രിസ്ത്യാനികളും ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റലിയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന കുടിയേറ്റക്കാരില്‍ ഉള്‍പ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.