കുട്ടികളുടെ വിശുദ്ധനായ മിറായിലെ നിക്കോളാസ്

കുട്ടികളുടെ വിശുദ്ധനായ മിറായിലെ നിക്കോളാസ്

അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 06

മിറായിലെ മെത്രാന്‍ ആയിരുന്ന നിക്കോളാസ് പാശ്ചാത്യ, പൗരസ്ത്യ ദേവാലയങ്ങളില്‍ ഒരുപോലെ വന്ദിച്ചു വരുന്ന വിശുദ്ധനാണ്. അദ്ദേഹത്തിന്റെ നാമധേയത്തില്‍ പ്രാചീന കാലത്ത് സ്ഥാപിതമായിട്ടുള്ള ദേവാലയങ്ങളുടെ എണ്ണം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. മൂന്നാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഏഷ്യാ മൈനറിലെ ലിസിയാ എന്ന പ്രദേശത്തുള്ള വാതര എന്ന ഗ്രാമത്തിലാണ് നിക്കോളാസിന്റെ ജനനം.


സാന്താ ക്ലോസായാണ് അമേരിക്കയില്‍ ഇദ്ദേഹത്തിന്റെ സ്മരണ ഇപ്പോഴും നിലനില്‍ക്കുന്നത്. കുട്ടികളുടെ വിശുദ്ധനായാണ് നിക്കോളാസ് അറിയപ്പെടുന്നത്. വിശുദ്ധ നിക്കോളാസിനെ വിശുദ്ധ ആന്‍ഡ്ര്യുവിനൊപ്പം റഷ്യയിലെ സഹ മധ്യസ്ഥരില്‍ ഒരാളായി കണക്കാക്കി ആദരിക്കുന്നു.

ലിസിയായിലെ മിറായില്‍ മെത്രാപ്പോലീത്തയായിരുന്ന അമ്മാവന്‍ നിക്കോളാസിനെ സീയോനിലെ ആശ്രമാധിപതിയായി നിയമിച്ചു. അമ്മാവന്റെ മരണത്തോടെ നിക്കോളാസ് അടുത്ത മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായ മതപീഡനത്തില്‍ ക്രിസ്തീയ തത്വങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചു. എന്നാല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് മോചിതനായി.

ദരിദ്രരോടുള്ള സ്‌നേഹം അദ്ദേഹത്തിന്റെ പ്രത്യേക ഗുണ വിശേഷമായിരുന്നു. ഒരിക്കല്‍ വാതരയിലെ നിര്‍ധനനായ ഒരു മനുഷ്യന്‍ തന്റെ മൂന്നു പെണ്‍മക്കളെ കെട്ടിച്ചുവിടാന്‍ യാതൊരു നിവൃത്തിയുമില്ലാതെ വിഷമിച്ചു. അവസാനം അവരെ തെരുവിലേക്ക് ഇറക്കിവിടാന്‍ നിര്‍ഭാഗ്യവാനായ ആ പിതാവ് നിര്‍ബന്ധിതനായി. ഈ മനുഷ്യനെ കുറിച്ചറിഞ്ഞ നിക്കോളാസ് രഹസ്യമായി മൂന്ന് സ്വര്‍ണ കിഴികള്‍ ജനലിലൂടെ അദ്ദേഹത്തിന്റെ കുടിലിലേക്കിട്ടു.

അങ്ങനെ ആ പെണ്‍കുട്ടികളെ കെട്ടിച്ചയക്കുവാന്‍ വേണ്ട സ്ത്രീധനം അവര്‍ക്ക് രഹസ്യമായി നല്‍കി. പണയത്തിന്‍മേല്‍ കടം കൊടുക്കുന്നവരുടെ അടയാള ചിഹ്നമായ മൂന്ന് സ്വര്‍ണ ഗോളങ്ങളുടെ ഉത്ഭവത്തിനു പിന്നില്‍ ഈ കഥയില്‍ പരാമര്‍ശിക്കുന്ന മൂന്ന് സ്വര്‍ണ കിഴികളാണെന്ന് പറയപ്പെടുന്നു.

എ.ഡി 350 ഡിസംബര്‍ ആറിന് നിക്കോളാസ് മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഭൗതീക ശരീരം മിറായിലുള്ള ഒരു ദേവാലയത്തില്‍ അടക്കം ചെയ്തു. 1087 വരെ ഇത് അവിടെ ഉണ്ടായിരുന്നു. പിന്നീട് ഇറ്റലിയിലെ ഒരു തീരദേശ പട്ടണമായ ബാരിയിലെ നാവികര്‍ ഈ ഭൗതീകാവശിഷ്ടങ്ങള്‍ പിടിച്ചെടുക്കുകയും ഇവ തങ്ങളുടെ പട്ടണത്തിലേക്ക് കൊണ്ടുവരികയും ചെയ്തു.

ഇതിനോടകം തന്നെ വിശുദ്ധനോടുള്ള ഭക്തി യൂറോപ്പിലും കൂടാതെ ഏഷ്യയിലും പരക്കെ വ്യാപിച്ചു. പാശ്ചാത്യലോകത്ത് ഇത് ഒരു മത നവീകരണത്തിനു തന്നെ തുടക്കം കുറിച്ചു. വിശുദ്ധന്റെ ഇടപെടല്‍ നിമിത്തം ധാരാളം അത്ഭുത പ്രവര്‍ത്തികള്‍ നടന്നതായി പറയപ്പെടുന്നു. ബാരിയിലെ 'സാന്‍ നിക്കോളാ' ദേവാലയത്തില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ഔഷധ മൂല്യമുള്ള 'മന്നാ ഡി.എസ് നിക്കോളാ' എന്നറിയപ്പെടുന്ന ഒരു തരം തൈലം ഒഴുകികൊണ്ടിരിക്കുന്നതായി പറയപ്പെടുന്നു.

ഗ്രീസ്, റഷ്യ, ഇറ്റലി, ജര്‍മ്മനി, ഓസ്ട്രിയ, ബെല്‍ജിയം, നേപ്പിള്‍സ്, സിസിലി, ലോറൈന്‍ എന്നിവിടങ്ങളിലെ പല നഗരങ്ങളിലും വിശുദ്ധ നിക്കോളാസിനെ മാധ്യസ്ഥ വിശുദ്ധനായി ആദരിച്ചു വരുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ബിഥീനിയായിലെ അബ്രഹാം

2. ബെല്‍ജിയത്തിലെ ജെറാര്‍ഡ്

3.റോമന്‍ കന്യകയായ അസെല്ലാ

4. ഹെമായി ആശ്രമത്തിന്റെ സ്ഥാപകയായ ജെര്‍ത്രൂദ് സീനിയര്‍

5. ആഫ്രിക്കന്‍ രക്തസാക്ഷികളായ ഡയനീഷ്യ, ദത്തീവ, ലെയോന്‍സിയാ, ടെന്‍സിയൂസ്, എമിലിയന്‍, ബോനിഫസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.