ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തെ അമേരിക്ക താഴ്ത്തികെട്ടാന്‍ ശ്രമിച്ചു: വിമര്‍ശനവുമായി റഷ്യ

ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തെ അമേരിക്ക താഴ്ത്തികെട്ടാന്‍ ശ്രമിച്ചു: വിമര്‍ശനവുമായി റഷ്യ

ന്യുഡല്‍ഹി: അമേരിക്കയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി റഷ്യ. ഇന്ത്യ -റഷ്യ നയതന്ത്രബന്ധത്തെ അമേരിക്ക താഴ്ത്തികെട്ടാന്‍ ശ്രമിച്ചെന്നായിരുന്നു റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജെ ലവ്റോവയുടെ ആരോപണം. അമേരിക്കയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യയ്ക്ക് മേലെ സമ്മര്‍ദ്ദം ഉണ്ടായെന്നും എന്നാല്‍ ആരില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങണം എന്ന കാര്യത്തില്‍ ഇന്ത്യ സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു സെര്‍ജെ ലവ്‌റോവ്. റഷ്യയും ഇന്ത്യയും തമ്മിലുള്ള വിശിഷ്ടമായ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഈ കൂടിക്കാഴ്ച സഹായിക്കുമെന്ന് വിദേശ കാര്യ മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയില്‍ സുപ്രധാന ആയുധ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇരുപത്തിയൊന്നാമത് വാര്‍ഷിക ഉച്ചക്കോടിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ നടന്ന മന്ത്രി തല കൂടിക്കാഴ്ച്ചയിലാണ് സൈനിക സഹകരണത്തിനുള്ള നിര്‍ണായക തീരുമാനങ്ങളുണ്ടായത്.

അത്യാധുനിക എകെ 203 തോക്കുകള്‍ വാങ്ങുന്നതടക്കമുള്ള സുപ്രധാനമായ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പു വെച്ചത്. കലാശ്‌നിക്കോവ് സീരിസിലെ തോക്കുകള്‍ കൈമാറാനുള്ള കരാറില്‍ ഭേദഗതി വരുത്താനും വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമായി. റഷ്യ ഇന്ത്യയ്ക്ക് കൈമാറാനിരിക്കുന്ന എസ് 400 മിസൈലിന്റെ മാതൃക പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ കൈമാറും.

പുടിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി രണ്ട് എസ് 400 മിസൈലുകള്‍ റഷ്യ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. അഫ്ഗാനിലെ രാഷ്ട്രീയ സംഭവങ്ങള്‍ മധ്യേഷ്യയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍, സമുദ്ര സുരക്ഷ, തീവ്രവാദ ഭീഷണി തുടങ്ങിയ വിഷയങ്ങള്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നു. ഇതിനു പുറമെ വ്യാപാര, ഊര്‍ജ്ജ,സാങ്കേതിക വിദ്യ, മേഖലകളിലെ സഹകരണവും മന്ത്രിതല കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ആയതായാണ് സൂചന. ഇരുപത്തിയൊന്നാമത് ഇന്ത്യ-റഷ്യ ഉച്ചക്കോടിക്കായി പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ ഡല്‍ഹിയിലെത്തി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ഇരുവരും കൂടിക്കാഴ്ച നടത്തുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.