ഇടുക്കി ഡാം തുറന്നു; മുല്ലപ്പെരിയാറില്‍ ഒന്നൊഴികെ എല്ലാ ഷട്ടറുകളും അടച്ചു; നിരവധി വീടുകളില്‍ വെള്ളം കയറി

ഇടുക്കി ഡാം തുറന്നു; മുല്ലപ്പെരിയാറില്‍ ഒന്നൊഴികെ എല്ലാ ഷട്ടറുകളും അടച്ചു; നിരവധി വീടുകളില്‍ വെള്ളം കയറി

ഇടുക്കി: വൃഷ്ടി പ്രദേശത്ത് പെയ്ത മഴയും തമിഴ്‌നാട് ഇന്നലെ രാത്രി മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളമൊഴുക്കിയതും മൂലം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി അണക്കെട്ടിലെ മൂന്നാം നമ്പര്‍ ഷട്ടര്‍ രാവിലെ ആറ് മണിയോടെ 40 സെന്റി മീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ 40,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

മൂന്നു മാസത്തിനിടെ നാലാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു.

അതേസമയം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇന്നലെ തുറന്ന ഒമ്പത് ഷട്ടറുകളില്‍ ഒരെണ്ണം ഒഴികെ എട്ടും അടച്ചു. തുറന്ന ഒരു ഷട്ടര്‍ വഴി 141.25 ഘനയടി ജലമാണ് ഇപ്പോള്‍ തമിഴ്നാട് പുറത്തേക്ക് ഒഴുക്കുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. 900 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 141.85 അടിയായി താഴ്ന്നിട്ടുണ്ട്.


മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് പുല്ലു വില കല്‍പ്പിച്ച് തമിഴ്നാട് ഇന്നലെ രാത്രി ഒമ്പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ ഉയര്‍ത്തിയത് പെരിയാര്‍ തീരത്തുള്ളവര്‍ക്ക് കൂടുതല്‍ ദുരിതം സൃഷ്ടിച്ചു. 12654.09 ക്യുസെക്സ് ജലം ഒഴുകിയെത്തിയതോടെ നിരവധി വീടുകളിലും ചപ്പാത്ത് പാലത്തിലും വെള്ളം കയറി.

കടശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗര്‍, നല്ലതമ്പി കോളനി എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തി. വള്ളക്കടവില്‍ പൊലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥര്‍ക്ക് എതിരെയും പ്രതിഷേധം ഉണ്ടായി.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.