ഒരു മിനിറ്റില്‍ ജീവനെടുക്കും; സ്വിറ്റ്സര്‍ലന്‍ഡില്‍ ദയാവധത്തിനുള്ള ആത്മഹത്യാ യന്ത്രത്തിന് അനുമതി; വിമര്‍ശനം

ഒരു മിനിറ്റില്‍ ജീവനെടുക്കും; സ്വിറ്റ്സര്‍ലന്‍ഡില്‍ ദയാവധത്തിനുള്ള ആത്മഹത്യാ യന്ത്രത്തിന് അനുമതി; വിമര്‍ശനം

ബേണ്‍: ഒരു മിനിട്ട് കൊണ്ട് ഒരാളുടെ ജീവനെടുക്കുന്ന ആത്മഹത്യ യന്ത്രത്തിന് അനുമതി നല്‍കി സ്വിറ്റ്സര്‍ലന്‍ഡ്. ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവന്‍ അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിനാണ് നിയമാനുമതി നല്‍കിയത്. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള എക്സിറ്റ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയാണ് യന്ത്രം വികസിപ്പിച്ചെടുത്തത്. ദയാവധം, ആത്മഹത്യ എന്നിവയെ മഹത്വവല്‍കരിക്കുന്നതാണ് പുതിയ ഉപകരണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

ശവപ്പെട്ടിയുടെ ആകൃതിയിലുള്ള യന്ത്രത്തിന് സാര്‍കോ ക്യാപ്സ്യൂള്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. സാര്‍കോ സൂയിസൈഡ് പോഡില്‍ കടന്നാല്‍ ഒരു മിനുട്ട് കൊണ്ട് 'സുഖ മരണം' ലഭിക്കും എന്നാണ് സംഘടനയുടെ അവകാശവാദം.

മരിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ മെഷീന് അകത്തുകയറി കിടക്കണം. തുടര്‍ന്ന മെഷീന്‍ നിരവധി ചോദ്യങ്ങള്‍ ചോദിക്കും. ചോദിക്കുന്നതിന് എല്ലാം ഉത്തരം നല്‍കിയ ശേഷം മെഷീനിലുള്ള ബട്ടണ്‍ അമര്‍ത്തണം. ബട്ടണ്‍ അമര്‍ത്തിയതിന് ശേഷമാണ് മെഷീനിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

യന്ത്രത്തിലേക്ക് രോഗിയെ പ്രവേശിപ്പിച്ചാല്‍ ഓക്സിജന്‍ അളവ് വളരെ പെട്ടെന്ന് കുറച്ച് ജീവന്‍ അവസാനിപ്പിക്കും. ഇതിനുശേഷം മൃതദേഹം മാറ്റിയാല്‍ യന്ത്രം വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന.

യന്ത്രത്തിന് അകത്തു കയറിയാല്‍ ശരീരം തളര്‍ന്നവര്‍ക്കു പോലും ഇതു പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് 'ദി ഇന്‍ഡിപെന്റഡ്' റിപ്പോര്‍ട്ടു ചെയ്യുന്നു. കണ്ണിലെ ചലനം ഉപയോഗിച്ചും യന്ത്രം പ്രവര്‍ത്തിപ്പിക്കാം എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

എക്സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് നിഷ്‌കെയാണ് യന്ത്രം വികസിപ്പിച്ചത്. ഡോ. ഡെത്ത് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ശരീരത്തിലെ ഓക്സിജന്റെ അളവു കുറക്കാനായി നൈട്രജനാണ് ഉപയോഗിക്കുന്നത്. ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ക്യാപ്സ്യൂളില്‍ നൈട്രജന്‍ നിറയും. 30 സെക്കന്‍ഡിനുള്ളില്‍ ശരീരത്തിലെ ഓക്സിജന്റെ അളവ് 21 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറയും. ബോധം നഷ്ടപ്പെട്ട് ഏകദേശം 5-10 മിനിറ്റിനുള്ളില്‍ മരണം സംഭവിക്കും.

'അപ്രതീക്ഷിതമായ തടസങ്ങള്‍ സംഭവിച്ചില്ലെങ്കില്‍, അടുത്ത വര്‍ഷം സ്വിറ്റ്സര്‍ലന്‍ഡില്‍ സാര്‍കോ ഉപയോഗത്തിന് ലഭ്യമാക്കാന്‍ ഞങ്ങള്‍ തയ്യാറാണ്'-ഡോ. ഫിലിപ്പ് നിഷ്‌കെ പറയുന്നു.

ദയാവധത്തിന് നിയമപ്രകാരം അനുമതിയുള്ള രാഷ്ട്രമാണ് സ്വിറ്റ്സര്‍ലാന്‍ഡ്. കഴിഞ്ഞ വര്‍ഷം ഏകദേശം 1300 പേരാണ് രാജ്യത്ത് ഇത്തരത്തില്‍ മരണം സ്വീകരിച്ചത്. ദീര്‍ഘകാലമായ കോമയില്‍ കിടക്കുന്ന രോഗികളെ മരുന്നു കുത്തിവച്ചാണ് മരണത്തിലേക്കു നയിക്കുന്നത്.

പുതിയ ഉപകരണത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇത് ഗ്യാസ് ചേംബറാണെന്നും ആത്മഹത്യയെ മഹത്വവല്‍ക്കരിക്കുകയാണെന്നും എതിര്‍ക്കുന്നവര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.