ജനീവ: കോവിഡിനെതിരേ നിലവിലുള്ള വാക്‌സിനുകള്‍ ഒമിക്രോണിന്റെ വ്യാപനം തടയാന്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥന്‍ മൈക്കല്‍ റയാന്‍. മുന്‍ കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രത കൂടിയതാണ് ഒമിക്രോണ്‍ എന്ന് പറയാനാകില്ല.
ഇപ്പോഴുള്ള വാക്‌സിനുകള്‍ക്ക് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാന്‍ ഒമിക്രോണിന് കഴിയില്ല. പക്ഷേ, കുറച്ചുനാള്‍ കഴിയുമ്പോള്‍ ഈ വാക്‌സിനുകള്‍ക്ക് ഒമിക്രോണിനെ ചെറുക്കാന്‍ പറ്റാതെ വന്നേക്കാം. ഡെല്‍റ്റയേക്കാളും മറ്റ് വകഭേദങ്ങളേക്കാളും കൂടുതല്‍ തീവ്രമായി ആളുകളെ രോഗികളാക്കാന്‍ ഒമിക്രോണിനു കഴിഞ്ഞിട്ടില്ലെങ്കിലും ഭാവിയില്‍ സാഹചര്യം മാറിയേക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
വളരെ തീവ്രമായ വകഭേദം അല്ല ഒമിക്രോണ്‍ എന്നാണ് പ്രാഥമിക നിഗമനങ്ങള്‍ വ്യക്തമാക്കുന്നത്. പക്ഷേ ഈ വാദം ഉറപ്പിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. വാക്‌സിനുകളെ മറികടന്ന് മനുഷ്യശരീരത്തില്‍ ഒമിക്രോണ്‍ പ്രവര്‍ത്തിക്കും എന്നതിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് വിഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റയാന്‍ പറഞ്ഞു.
ഏതൊരു പുതിയ വകഭേദവും ആദ്യഘട്ടത്തില്‍ കൂടുതല്‍ പേരിലേക്ക് പകരാനാണ് സാധ്യത. പഴയ വകഭേദങ്ങളുമായാണ് അവ ഏറ്റുമുട്ടുന്നത്. അതില്‍ പുതിയതിന് മുന്‍തൂക്കം ലഭിക്കുന്നു. നിലവിലുള്ള എല്ലാ വകഭേദങ്ങളെയും ചെറുക്കുന്ന ഫലപ്രദമായ വാക്‌സിനുകള്‍ ലോകത്തുണ്ട്. കടുത്ത പനിയോ വൈദ്യപരിശോധനയോ ആവശ്യം വന്നാലും അതിന് വേണ്ടിവരുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ തയ്യാറാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ തുടരുകതന്നെ വേണം. വാക്‌സിന്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ കര്‍ശനമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു.
വൈറസിന്റെ പ്രകൃതത്തില്‍ മാറ്റം വന്നെന്നു പറയാനാകില്ല. പക്ഷേ മാറ്റം വന്നിരിക്കുന്നത് അതിന്റെ വ്യാപനശേഷിയിലാണ്. അതു തിരിച്ചറിയണമെന്നും റയാന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.