ഊട്ടി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ച വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഊട്ടിയ്ക്ക് സമീപം കൂനൂരില്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് 11 പേര്‍ മരിച്ചതായി വിവരം. ജനറല്‍ ബിപിന്‍ റാവത്തിനെ അതീവ ഗുരുതര പരിക്കുകളോടെ വെല്ലങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ടു പേരും ആശുപത്രിയില്‍ ചികിത്സയിലുണ്ട്
സുലൂര്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് തൊട്ടടുത്ത വെല്ലിങ്ടണ്‍ ഡിഫന്‍സ് കോളജിലേക്ക് പോയ എം.ഐ 17 വി5 എന്ന ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടത്. കോളജില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനാണ് ബിപിന്‍ റാവത്ത് അവിടേക്ക് തിരിച്ചത്.
അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ചില സൈനിക ഉദ്യോഗസ്ഥരുമടക്കം 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. മോശം കാലവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
ബിപിന്‍ റാവത്ത് ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലീഡ്ഡര്‍, ലഫ്റ്റനന്റ് കേണല്‍ ഹജീന്ദര്‍ സിങ്, നായിക് ഗുര്‍സേവക് സിങ്, നായിക് ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായികുമാരായ വിവേക് കുമാര്‍, സായി തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരടക്കമാണ് 14 പേര്‍ ഹെലികോപ്ടറിലുണ്ടായിരുന്നത്.
ഹെലികോപ്റ്റര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഓടിയെത്തിയ നാട്ടുകാരാണ് പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പിന്നീട് സൈനിക സംഘങ്ങള്‍ അപകട സ്ഥലത്ത് പാഞ്ഞെത്തി. വ്യോമസേന ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തിര മന്ത്രിസഭാ യോഗം ഡല്‍ഹിയില്‍ ചേരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വൈകാതെ സംഭവ സ്ഥലത്തേക്ക് പുറപ്പെടും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
കരസേനാ മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് 2019 ഡിസംബര്‍ 30 നാണ് സംയുക്ത സൈനിക മേധാവിയായി നിയമിതനായത്. 2019 ഡിസംബര്‍ 31 ന് കരസേനാ മേധാവിയായി വിരമിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന് പുതിയ ചുമതല നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.