ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത നിലയില്‍; അന്വേഷണം ആരംഭിച്ചു

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത നിലയില്‍; അന്വേഷണം ആരംഭിച്ചു

കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത നിലയില്‍. പ്രശസ്ത വാസ്തുശില്‍പിയായ റൊമാള്‍ഡോ ഗിയുര്‍ഗോള രൂപകല്‍പന ചെയ്ത ചരിത്രപ്രസിദ്ധമായ സെന്റ് തോമസ് അക്വിനാസ് പള്ളിയാണ് ക്രിസ്മസിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ തകര്‍ത്തത്. മോഷണശ്രമത്തിനിടെയാണ് പള്ളി തകര്‍ത്തതെന്നാണു പ്രാഥമിക വിലയിരുത്തല്‍.

ചൊവ്വാഴ്ച്ച വൈകിട്ട് ആറിനാണ് ചാന്‍വുഡില്‍ സ്ഥിതി ചെയ്യുന്ന പള്ളി തകര്‍ത്ത നിലയില്‍ മുതിര്‍ന്ന ഇടവകാംഗമായ ബില്‍ ഫിറ്റ്സ്പാട്രിക് കണ്ടത്. പള്ളി നശിപ്പിച്ചത് അവിശ്വസനീയമാണെന്ന് അദ്ദേഹം പ്രതികരിച്ചു.



അള്‍ത്താര പൂര്‍ണമായും തകര്‍ത്തു. ക്രിസ്തുവിന്റെ ക്രൂശിതരൂപത്തിനും കേടുപാടുകള്‍ വരുത്തി. ഉണ്ണിയേശുവിനെ കൈയില്‍ വഹിക്കുന്ന മാതാവിന്റെ പ്രതിമ പല ഭാഗങ്ങളായി നിലത്തു ചിതറിക്കിടക്കുകയാണ്. പള്ളിക്കുള്ളിലെ ബെഞ്ചുകളും മറിച്ചിട്ട് അലങ്കോലപ്പെടുത്തി. ഭിത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ടിവി വലിച്ചു താഴെയിടാന്‍ ശ്രമിച്ചിട്ടുണ്ട്.

അക്രമസംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഫാ. ടോം തോണ്‍ടണിന്റെ നിര്‍ദേശപ്രകാരമാണ് ബില്‍ ഫിറ്റ്‌സ്പാട്രിക് പള്ളിയിലെത്തിയത്.


ഇടവകാംഗമായ ബില്‍ ഫിറ്റ്‌സ്പാട്രിക് പള്ളിക്കുള്ളിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നു.

ചൊവ്വാഴ്ച്ച രാവിലെ പത്തിന് പള്ളിയില്‍ സര്‍വീസ് ഉണ്ടായിരുന്നതായും അതിനു ശേഷം വാതിലുകള്‍ സുരക്ഷിതമായി പൂട്ടിയിരുന്നതായും ബില്‍ ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. വാതിലിനു സമീപമുള്ള ജനല്‍ തകര്‍ത്ത നിലയിലാണ്. വിശുദ്ധ തോമസ് അക്വിനാസുമായി ബന്ധപ്പെട്ട അപൂര്‍വമായ പഴയ ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെല്‍ഫും നശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു. ഗ്രന്ഥത്തിലെ താളുകള്‍ കീറിയ നിലയിലാണ്.

വൈകിട്ട് സംഭവം കണ്ടപ്പോള്‍തന്നെ ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി പോലീസിനെ അറിയിച്ചെങ്കിലും പിറ്റേന്നു രാവിലെ മാത്രമേ പള്ളിയിലേക്കു വരാന്‍ കഴിയൂ എന്ന് പറഞ്ഞതായി ബില്‍ ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. ബുധനാഴ്ച്ച രാവിലെ പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

പള്ളി തകര്‍ത്ത സംഭവത്തില്‍ ഇടവകാംഗങ്ങള്‍ ഏറെ നടുക്കത്തിലാണ്.

1989-ല്‍ റൊമാള്‍ഡോ ഗിയുര്‍ഗോള പാര്‍ലമെന്റ് ഹൗസില്‍ ജോലി ചെയ്തിരുന്ന കാലയളവിലാണ് പള്ളി രൂപകല്‍പന ചെയ്തത്. പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പള്ളിയുടെ മനോഹരമായ രൂപകല്‍പ്പനയ്ക്ക് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.