ജനറല്‍ ബിപിന്‍ റാവത്തിന്റെ സംസ്‌കാരം നാളെ; മൃതദേഹങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും

ജനറല്‍ ബിപിന്‍ റാവത്തിന്റെ സംസ്‌കാരം നാളെ; മൃതദേഹങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും. അദ്ദേഹത്തിന്റെയും ഭാര്യ മധുലിക റാവത്ത് ഉള്‍പ്പെടെ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് സായുധ സേനാംഗങ്ങളുടെ ഭൗതിക ശരീരം ഇന്ന് വൈകുന്നേരത്തോടെ ഡല്‍ഹിയിലെത്തിക്കും.

ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും ഭൗതിക ശരീരം വെള്ളിയാഴ്ച സ്വന്തം വീട്ടിലെത്തിക്കും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ പൊതുദര്‍ശനത്തിന് അനുവദിക്കും. തുടര്‍ന്ന് കാമരാജ് മാര്‍ഗില്‍ നിന്ന് വിലാപയാത്രയായി എത്തിക്കുന്ന ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും. ഊട്ടിക്ക് സമീപപ്രദേശമായ കുനൂരില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു (08 ഡിസംബര്‍ 2021) സംഭവം. കനത്ത മഞ്ഞ് വീഴ്ചയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു.

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡര്‍, ലെഫ്റ്റനന്റ് കേണല്‍ എച്ച്. സിങ്, വിങ് കമാന്‍ഡര്‍ പി.എസ്. ചൗഹാന്‍, സ്‌ക്വാഡ്രന്‍ ലീഡര്‍ കെ. സിങ്, ജെ.ഡബ്ല്യൂ.ഒ. ദാസ്, ജെ.ഡബ്ല്യൂ.ഒ. പ്രദീപ് എ., ഹവീല്‍ദാര്‍ സത്പാല്‍, നായിക് ഗുര്‍സേവക് സിങ്, നായിക് ജിതേന്ദര്‍, ലാന്‍സ് നായിക് വിവേക്, ലാന്‍സ്നായിക് എസ്. തേജ എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ മരിച്ചവരുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. രാവിലെ ഒന്‍പത് മണിക്ക് വെല്ലിംഗ്ടണില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ ഉണ്ടാകും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഗവര്‍ണറും പുഷ്പചക്രം അര്‍പ്പിക്കും.

അതേസമയം സംഭവത്തില്‍ പ്രതികൂലകാലാവസ്ഥയടക്കം പല കാരണങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കോപ്റ്ററിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് വ്യക്തതയുണ്ടാകൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

പാറക്കെട്ടുകളും മലകളും താഴ്‌വാരങ്ങളുമുള്ള പ്രദേശത്താണ് അപകടം നടന്നത്. ഒപ്പം മൂടല്‍മഞ്ഞും സാധാരണമാണ്. ഇവ കോപ്റ്ററുകളെ അപകടത്തിലാക്കുന്ന പ്രധാന ഘടകമാണ്. മൂടല്‍മഞ്ഞ് വൈമാനികരുടെ കാഴ്ച മറയ്ക്കുന്നതിനാല്‍ അപകടസാധ്യത ഏറെയാണ്. എന്‍ജിന്‍ തകരാറുമൂലം കോപ്റ്ററുകള്‍ അപകടത്തില്‍പ്പെടുന്നത് അസാധാരണമല്ല. അപകടത്തില്‍പ്പെട്ട എം.ഐ-17വി5 കോപ്റ്ററിന് രണ്ട് എന്‍ജിനുകളാണുള്ളത്. ഒരു എന്‍ജിന്‍ തകരാറിലായാല്‍പ്പോലും സാധാരണ ഗതിയില്‍ കോപ്റ്ററിനെ താഴെയിറക്കാന്‍ രണ്ടാമത്തെ എന്‍ജിന്‍ ഉപയോഗിച്ച് സാധിക്കും. രണ്ട് എന്‍ജിനും തകരാറിലായാല്‍പ്പോലും ഓട്ടോറൊട്ടേഷന്‍ മോഡില്‍ ഇറക്കാം.

കോപ്റ്ററിലുണ്ടായ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും അപകടത്തിനുകാരണമായേക്കാമെന്നും പറയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായ അഭ്യര്‍ഥനാസന്ദേശം (ഡിസ്ട്രസ് കോള്‍) അടുത്തുള്ള മോണിറ്ററിങ് സ്റ്റേഷനിലേക്ക് അയക്കാറുണ്ട്. കോപ്റ്ററിന് ഇറങ്ങാന്‍ സാധിക്കുന്ന, സമീപത്തെ വിമാനത്താവളങ്ങളിലേക്കോ കപ്പലിലേക്കോ സന്ദേശമയക്കാം. എന്നാല്‍ നീലഗിരി സംഭവത്തില്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.