കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് കേന്ദ്രം കത്തു നല്‍കി; സമരം പിന്‍വലിച്ചേക്കും

കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് കേന്ദ്രം കത്തു നല്‍കി; സമരം പിന്‍വലിച്ചേക്കും

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് കേന്ദ്രം കത്തു നല്‍കി. എന്നാല്‍ കത്തിലെ നിര്‍ദ്ദേശങ്ങള്‍ ഔദ്യോഗിക രേഖയാണെന്നുറപ്പാക്കും വിധം കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ട് നല്‍കണമെന്നും അങ്ങനെയെങ്കില്‍ ഇന്ന് പ്രക്ഷോഭം അവസാനിപ്പിക്കുമെന്നും എസ്.കെ.എം നേതാക്കള്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.

കഴിഞ്ഞ ദിവസം കര്‍ഷക സമരം അവസാനിപ്പിക്കാന്‍ സംഘടനകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടനകള്‍ക്ക് കത്ത് നല്‍കുകയും അമിത് ഷാ കര്‍ഷക നേതാക്കളുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ കത്തിലെ രണ്ട് കാര്യങ്ങള്‍ കര്‍ഷകര്‍ക്ക് സ്വീകാര്യമായില്ല.

കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തിലും മിനിമം താങ്ങ് വില നിശ്ചയിക്കുന്ന കാര്യത്തിലുമുള്ള വിയോജിപ്പ് രേഖപ്പെടുത്തി അയച്ച കത്തിന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ കരട് നിര്‍ദ്ദേശങ്ങളായി മറുപടി നല്‍കുകയായിരുന്നു. ഇത് സംയുക്ത കിസാന്‍ മോര്‍ച്ച യോഗം അംഗീകരിച്ചു. എല്ലാ ആവശ്യങ്ങളിലും കേന്ദ്രം കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനമെടുത്തതായി രാഷ്ട്രീയ കിസാന്‍ സംഘ് നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വി ബിജു പറഞ്ഞു. ഇന്നലെ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച പൊതുയോഗം സര്‍ക്കാരിന്റെ കരട് നിര്‍ദ്ദേശം അംഗീകരിക്കുന്ന പ്രമേയം പാസാക്കി. ഇന്ന് ലഭിക്കുന്ന ഔദ്യോഗിക പരിരക്ഷയുള്ള കരട് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സമരം അവസാനിപ്പിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.