ചെന്നൈ: ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേരുടെ ഭൗതിക ശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര കോയമ്പത്തൂര്‍ സൂലൂരിലെ വ്യോമ താവളത്തിലേക്ക് പോവുന്നതിനിടെ അകമ്പടി വാഹനങ്ങളില്‍ ഒന്ന് അപകടത്തില്‍ പെട്ടു. ഊട്ടി ചുരമിറങ്ങുമ്പോള്‍ വാഹനം അപകടത്തില്‍ പെടുകയായിരുന്നു. രണ്ട് പേര്‍ക്ക് പരിക്ക് പറ്റി.
വെല്ലിംങ്ങ്ടണ്‍ സൈനിക പരേഡ് ഗ്രൗണ്ടില്‍ നിന്ന് റോഡ് മാര്‍ഗമായിരുന്നു യാത്ര. പരേഡ് ഗ്രൗണ്ടില്‍ പൂര്‍ണ്ണ ബഹുമതികള്‍ നല്‍കിയാണ് സൈനിക ഉദ്യോഗസ്ഥരെ യാത്രയാക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, വ്യോമസേന മേധാവി വി ആര്‍ ചൗധരി, തമിഴ്‌നാട് മന്ത്രിസഭയിലെ അംഗങ്ങള്‍, ഗവര്‍ണര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വൈകിട്ടോടെ സുലൂരിലെ വ്യോമ താവളത്തിലെത്തുന്ന ഭൗതിക ശരീരങ്ങള്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെടും.
ജനറല്‍ ബിപിന്‍ റാവത്തിന് ഏറെ ഹൃദയബന്ധമുളള വെല്ലിംങ്ടണ്‍ സൈനിക പരേഡ് ഗ്രൗണ്ടില്‍ നടന്ന പൊതുദര്‍ശനം ഏറെ വൈകാരികമായിരുന്നു. വെല്ലിംങ്ങ്ടണിലെ സൈനിക പരേഡ് ഗ്രൗണ്ടില്‍ പലവട്ടം സല്യൂട്ട് നല്‍കുകയും പിന്നീട് സല്യൂട്ട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടാവണം ബിപിന്‍ റാവത്ത്. അതേ ഗ്രൗണ്ടില്‍ എം ഐ 17 വി 5 ഹെലിക്കോപ്ടറിലെ സഹയാത്രികരായിരുന്ന 13 പേര്‍ക്കൊപ്പം അദ്ദേഹം അന്ത്യാഭിവാദ്യം സ്വീകരിച്ചു.
ഊട്ടിയിലെ വെല്ലിംങ്ടണ്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ഇന്ന് രാവിലെ സൈനിക വ്യൂഹത്തിന്റെ അകമ്പടിയോടെയാണ് വെല്ലിംങ്ടണിലെ പരേഡ് ഗ്രൗണ്ടില്‍ എത്തിച്ചത്. സംയുക്ത സൈനിക മേധാവിയെ യാത്രയാക്കാന്‍ പാതയുടെ ഇരുവശങ്ങളിലും നൂറുകണക്കിനാളുകളാണ് കാത്തു നിന്നത്. പട്ടാള വണ്ടിയില്‍ ഒരുമിച്ചാണ് ജനറല്‍ ബിപിന്‍ റാവത്തിന്റേയും പത്‌നി മധുലിക റാവത്തിന്റേയും മൃതദേഹങ്ങള്‍ എത്തിച്ചത്. പിന്നാലെ മറ്റ് സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങളും സൈനികതാവളത്തിലേക്ക് എത്തിച്ചു.
ബിപിന്‍ റാവത്തടക്കം 14 പേര്‍ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്ടര്‍ ബുധനാഴ്ച ഉച്ചയോടെയാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട്ടിലെ കൂനൂരിന് സമീപമായിരുന്നു അപകടം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.