വാഷിങ്ടണ്‍: നിയമവാഴ്ചയോടും ബഹുസ്വര ധാര്‍മ്മികതയോടുമുള്ള ബഹുമാനത്തില്‍ അധിഷ്ഠിതമായ ജനാധിപത്യ മനോഭാവം ഇന്ത്യക്കാരുടെ സവിശേഷതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വൈറ്റ് ഹൗസില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിക്കുന്ന വെര്‍ച്വല്‍ ഡെമോക്രസി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യന്‍ പ്രവാസി സമൂഹവും ഈ ജനാധിപത്യ സ്വഭാവം പേറുന്നുണ്ട്. അതുവഴി അവരെ ദത്തെടുത്ത രാജ്യങ്ങളുടെ സാമ്പത്തിക ക്ഷേമത്തിനും സാമൂഹിക ഐക്യത്തിനും സംഭാവന ചെയ്യുന്നു,' രണ്ട് ദിവസത്തെ ഉച്ചകോടിക്കു തുടക്കം കൂറിച്ചുള്ള പ്രധാന നേതാക്കളുടെ പ്ലീനറി സെഷനില്‍ വീഡിയോ ലിങ്ക് വഴി പ്രധാനമന്ത്രി പറഞ്ഞു.
ജനാധിപത്യ രാജ്യങ്ങള്‍ അവരുടെ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങള്‍ സജീവമായി പാലിക്കേണ്ടതിന്റെ ആവശ്യകത നരേന്ദ്ര മോഡി ഊന്നിപ്പറഞ്ഞു. സംവേദനക്ഷമത, ഉത്തരവാദിത്തം, പങ്കാളിത്തം, പരിഷ്‌കരണ ത്വര എന്നിവ ഇന്ത്യന്‍ ജനാധിപത്യ ഭരണത്തിന്റെ നാല് തൂണുകളാണെന്നും അദ്ദേഹം വിശദീകരിച്ചു. ജനാധിപത്യം ലോകത്തെങ്ങും കനത്ത വെല്ലുവിളി നേരിടുകയാണെന്നും ഇതു പ്രതിരോധിക്കാന്‍ വെര്‍ച്വല്‍ ഡെമോക്രസി ഉച്ചകോടി ഫലപ്രദമാകണമെന്നും നേരത്തെ ആമുഖ സന്ദേശത്തില്‍ ജോ ബൈഡന്‍ പറഞ്ഞു.
ഇറാഖ്, ഇന്ത്യ, പാകിസ്താന്‍ ഉള്‍പ്പെടെ 110 ഓളം രാജ്യങ്ങളെയാണ് ഉച്ചകോടിയിലേക്ക് ബൈഡന്‍ ക്ഷണിച്ചിട്ടുള്ളത്.എന്നാല്‍ പാകിസ്താന്‍ ക്ഷണം നിരസിച്ചു. അമേരിക്കയുടെ പ്രധാന എതിരാളിയായ ചൈനയെ ക്ഷണിച്ചില്ല.റഷ്യയെയും ഒഴിവാക്കി. അതേസമയം, തായ്വാനെ ക്ഷണിച്ചു. ബൈഡന്റെ പുതിയ നീക്കം ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. നാറ്റോ അംഗമായ തുര്‍ക്കിയും ക്ഷണിതാക്കളുടെ പട്ടികയില്‍നിന്ന് പുറത്താണ്. മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളില്‍ ഇസ്രായേലും ഇറാഖും മാത്രമേ പങ്കെടുക്കുന്നുള്ളൂ. യുഎസിന്റെ പരമ്പരാഗത അറബ് സഖ്യകക്ഷികളായ ഈജിപ്ത്, സൗദി അറേബ്യ, ജോര്‍ദാന്‍, ഖത്തര്‍, യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവരെ ക്ഷണിച്ചിട്ടില്ല.
തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ സ്വേച്ഛാധിപത്യ സ്വഭാവമുള്ളയാളാണെന്നും ഡൊണാള്‍ഡ് ട്രംപിന്റെ ഉറച്ച പിന്തുണക്കാരനാണെന്നും വിമര്‍ശിക്കപ്പെട്ടിട്ടും ബൈഡന്‍ ബ്രസീലിനെ ക്ഷണിച്ചു. യൂറോപ്പില്‍ മനുഷ്യാവകാശ രേഖയെച്ചൊല്ലി യൂറോപ്യന്‍ യൂനിയനുമായി നിരന്തരമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്ന പോളണ്ടിനെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കടുത്ത ദേശീയവാദിയായ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ നേതൃത്വത്തിലുള്ള ഹംഗറിയെ ഒഴിവാക്കി്.
ആഫ്രിക്കയില്‍ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ദക്ഷിണാഫ്രിക്ക, നൈജീരിയ, നൈജര്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. സ്വേച്ഛാധിപത്യത്തിനെതിരേ പ്രതിരോധിക്കുക, അഴിമതിക്കെതിരേ പോരാടുക, മനുഷ്യാവകാശങ്ങളോടുള്ള ആദരവ് പ്രോല്‍സാഹിപ്പിക്കുക' എന്നിങ്ങനെ മൂന്ന് പ്രധാന വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ നടക്കുമെന്നാണ് ഓഗസ്റ്റില്‍ ഉച്ചകോടി പ്രഖ്യാപിച്ചുകൊണ്ട് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.