ആൽഫിയുടേത് പൊരുതി നേടിയ വിജയം

ആൽഫിയുടേത് പൊരുതി നേടിയ വിജയം

ലൈഫ്ഡെയിൽ സുനിഷ വി.എഫ് എഴുതിയ കുറിപ്പും വീഡിയോയും കാണാനിടയായി. ആൽഫി എന്ന മുപ്പത്തിരണ്ട്കാരിയുടെ അദ്ഭുതമൂറുന്ന ജീവിതമാണ് എഴുത്തുകാരി പരിചയപ്പെടുത്തുന്നത്. വളരെ കുഞ്ഞിലെ ആൽഫിയുടെ ശരീരത്തിലെ തൊലി പൊളിഞ്ഞു പോകുമായിരുന്നു. വയനാട്ടിലെ തണുപ്പുമൂലമാണെന്നായിരുന്നു മാതാപിതാക്കൾ കരുതിയത്. എന്നാൽ അത് വൈദ്യശാസ്ത്രത്തിനു പോലും പേര് നിർണ്ണയിക്കാൻ കഴിയാത്ത ഒരു തരം ത്വക്ക് രോഗമാണെന്ന് പിന്നീടുള്ള നാളുകളിലാണ് അവർ മനസിലാക്കുന്നത്. ശരീരത്തിൽ മുഖമൊഴികെ മറ്റെല്ലാ ഭാഗങ്ങളിലും തൊലി ചുരുണ്ടു വരികയും വിണ്ടുകീറുകയും വിവർണമാകുകയും ചെയ്യുന്ന ഒരു പ്രത്യേക രോഗം. ആശുപത്രികൾ ഏറെ കയറിയിറങ്ങിയെങ്കിലും വൈദ്യശാസ്ത്രം ഈ രോഗത്തിനു മുമ്പിൽ തോൽവി സമ്മതിച്ചു. കുഞ്ഞുനാൾ മുതൽ ക്ലാസിലെ കുട്ടികൾ അവളെ ഒറ്റപ്പെടുത്തുമായിരുന്നു.
ബെഞ്ചിന്റെ അരികിലിരുന്ന് അവൾ കണ്ണീരൊഴുക്കും. ഒരിക്കൽ ഒരു സഹപാഠി അവളെ പരിഹസിക്കുന്നത് കണ്ട അധ്യാപിക ആ കുട്ടിയെ ശകാരിച്ചു. എന്നിട്ട് ആൽഫിയെ ചേർത്തു നിർത്തി പറഞ്ഞു: " നമ്മെപ്പോലെ ഇവളെ സൃഷ്ടിച്ചതും ദൈവമാണ്. അതുകൊണ്ട് ഇനിയാരും ഇവരെ കളിയാക്കരുത്..." ആ ചേർത്തുപിടിക്കലിൽ ആൽഫിയുടെ മനസിൽ വിരിഞ്ഞത്
പ്രത്യാശയായിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ധ്യാപകർ ക്ലാസിലില്ലാത്ത സമയത്ത്  ആൽഫി ഒരു കവിതയെഴുതി.
കവിത വായിച്ച ഒരു അധ്യാപകൻ പിറ്റേ ദിവസം സ്കൂൾ അസംബ്ലിയിൽ അതുറക്കെ പാടി. അതെഴുതിയ കൊച്ചു മിടുക്കിയെ വിളിച്ചു വരുത്തി. ഏറ്റവും പിറകിൽ നിൽക്കുന്നവരും കാണത്തക്കവിധത്തിൽ കരങ്ങളിൽ അവളെ ഉയർത്തിപ്പിടിച്ചു: "ഈ കുട്ടി നിങ്ങൾക്കെല്ലാം മാതൃകയാണ് ... ഒഴിവു സമയം എങ്ങനെ ഉപയോഗിക്കണം എന്നതിന് ഉത്തമ മാതൃക ...."പിന്നീടങ്ങോട്ട് ആൽഫി ഒട്ടും പതറിയിട്ടില്ല. പത്താം ക്ലാസിൽ അവൾ ഉന്നത വിജയം നേടി. പ്ലസ്ടുവിനു ശേഷം മെഡിക്കൽ എൻഡ്രൻസ് പാസായെങ്കിലും സാമ്പത്തിക ഞെരുക്കം മൂലം ഡിഗ്രിക്ക് ചേരുകയായിരുന്നു. ഇംഗ്ലീഷിൽ ബിരുദം കരസ്ഥമാക്കി. തുടർന്ന് നാലാം റാങ്കോടെ ബിരുദാനന്തര ബിരുദവും കയ്യിലൊതുക്കി. ബി. എഡ് പഠനത്തിന്റെ ഭാഗമായ് ക്ലാസെടുക്കാൻ എട്ടാം ക്ലാസിൽ പോയതിന്റെ ഓർമകൾ അവൾ ഇന്നും മറന്നിട്ടില്ല. എഴുന്നേറ്റ് നിന്ന് അഭിസംബോധന ചെയ്യേണ്ട കുട്ടികൾ അവളെകണ്ടപ്പോൾ
പ്രത്യേകതരം സ്വരം പുറപ്പെടുവിച്ചു. അവർക്കു മുമ്പിൽ ഒരു നിമിഷം പകച്ചുപോയെങ്കിലും തന്റെ രോഗത്തെക്കുറിച്ചും അത് ചികിത്സിക്കാനായ് നടത്തിയ യാത്രകളെക്കുറിച്ചും ആൽഫി വിവരിച്ചപ്പോൾ കുട്ടികളുടെ മിഴികളിൽ അനുതാപത്തിന്റെയും സ്നേഹത്തിന്റെയും ഉറവകൾ പൊട്ടി. ആൽഫി ഇന്ന് പോണ്ടിച്ചേരി സർവ്വകലാശാലയിൽ ഗവേഷക വിദ്യാർത്ഥിനിയാണ്.
ക്രിസ്തുവിനെ ഒരു ജേഷ്ഠന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ആൽഫിയെക്കുറിച്ച് കൂടുതൽ അറിയാൻ ലൈഫ്ഡേയുടെ
ഈ ലിങ്ക് ക്ലിക് ചെയ്യുക. (https://youtu.be/2X-ZhNN1bwslifeday.in)

നാം ആഗ്രഹിക്കാത്ത രോഗാവസ്ഥകളിലൂടെയും തിരസ്ക്കരണങ്ങളിലൂടെയും ഒറ്റപ്പെടലുകളിലൂടെയുമെല്ലാം കടന്നുപോകുമ്പോൾ ദൈവത്തിലേക്ക് നോക്കി പതറാതെ മുന്നേറാൻ നമുക്ക് കഴിയണം. തന്നെ അംഗീകരിക്കാത്ത യഹൂദർക്കിടയിൽ പതറാതെ മുന്നേറിയ ക്രിസ്തുവിന്റെ വാക്കുകൾ നമുക്ക് കരുത്തേകട്ടെ: "....എന്റെ പിതാവാണ്‌ എന്നെ മഹത്വപ്പെടുത്തുന്നത്‌. നിങ്ങള്‍ അവിടുത്തെ അറിഞ്ഞിട്ടില്ല; ഞാനോ അവിടുത്തെ അറിയുന്നു....." (യോഹന്നാന്‍ 8 : 55) തിരിച്ചറിയുക.. പരീക്ഷണങ്ങളിൽ നമ്മൾ പലപ്പോഴും പതറുന്നത് ചേർത്തു നിർത്തി കരുത്തേകുന്ന ദൈവത്തെ ഇനിയും അടുത്ത് അറിയാത്തതിനാലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26