കണ്ടാല്‍ വെറും ഒരു കമ്മല്‍, ചരിത്രം അറിഞ്ഞാല്‍ ഞെട്ടും !

കണ്ടാല്‍ വെറും ഒരു കമ്മല്‍, ചരിത്രം അറിഞ്ഞാല്‍ ഞെട്ടും !

1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ യൂറോപ്പ് അടക്കി ഭരിച്ചിരുന്ന ബൈസന്റിയം ചക്രവര്‍ത്തി തന്റെ വിശ്വസ്തനായ അംഗരക്ഷകന് നല്‍കിയ സ്വര്‍ണ സമ്മാനം. ഡെന്‍മാര്‍ക്കില്‍ നിന്നും കണ്ടെത്തിയ കമ്മല്‍ പതിനൊന്നാം നൂറ്റാണ്ട് മുതല്‍ നോര്‍ഡിക് രാജ്യങ്ങളില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത 'തികച്ചും അമൂല്യമായ' സ്വര്‍ണാഭരണമാണെന്നാണ് വിലയിരുത്തല്‍.

ഡെന്മാര്‍ക്കിലെ വെസ്റ്റ് ജുട്ട്ലന്‍ഡിലെ ബോവ്ലിംഗിനടുത്തുള്ള വയലില്‍ ഒരു മെറ്റല്‍ ഡിറ്റക്ടറിസ്റ്റാണ് ഇത് കണ്ടെത്തിയത്. ഈ കമ്മല്‍ യഥാര്‍ത്ഥത്തില്‍ ബൈസന്റിയത്തിലോ ഈജിപ്തിലോ രൂപകല്‍പന ചെയ്തതാണെന്നും മെഡിറ്ററേനിയനിലുടനീളം അംഗരക്ഷകര്‍ക്ക് സ്വാധീനമുണ്ടായിരുന്നതായും കരുതപ്പെടുന്നു. ബൈസന്റൈന്‍ സാമ്രാജ്യം (395 മുതല്‍ 1204 വരെയും 1261 മുതല്‍ 1453 വരെയും), കിഴക്കന്‍ റോമന്‍ സാമ്രാജ്യം അല്ലെങ്കില്‍ ബൈസന്റിയം എന്നും അറിയപ്പെട്ടിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഇന്നത്തെ ഇസ്താംബുള്‍ ആസ്ഥാനമായുള്ള ഒരു ശക്തമായ നാഗരികതയായിരുന്നു ഇത്.

ഡെന്മാര്‍ക്ക് നാഷണല്‍ മ്യൂസിയത്തിന്റെ വൈക്കിംഗ് എക്സിബിഷന്‍ 'ടോഗ്ടെറ്റില്‍' ഈ ആഭരണം ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'ദി ക്രൂയിസ്' എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേര്. ഈ കമ്മലിന്റെ മറുജോഡിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലോകമെമ്പാടുമുള്ള മറ്റ് 10 മുതല്‍ 12 വരെ മാതൃകകള്‍ മാത്രമേ ഇതുവരെയായി അറിയാവൂ. സ്‌കാന്‍ഡിനേവിയയില്‍ നിന്ന് ഇതുവരെ ഇതുപോലുള്ള ഒരെണ്ണം പോലും ഞങ്ങള്‍ കണ്ടെത്തിയിട്ടില്ല,' നാഷണല്‍ മ്യൂസിയം ഡെന്‍മാര്‍ക്കിലെ ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ പെന്റ്‌സ് പറയന്നു.

ഇതുപോലുള്ള മികച്ചതും വിലമതിക്കാനാവാത്തതുമായ ഒരു ആഭരണം ഒരു വലിയ സ്വര്‍ണ നിധിയോടോപ്പമോ രാജകീയ ശവകുടീരത്തിലോ കണ്ടെത്തുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്നും പീറ്റര്‍ പറയുന്നു. എന്നാല്‍, ഈ കമ്മലുകള്‍ ലഭിച്ചതാകട്ടെ ഒരു മൈതാനത്ത് നിന്നും. ചെറിയ സ്വര്‍ണ ബോളുകളും സ്വര്‍ണ റിബണുകളും കൊണ്ട് അലങ്കരിച്ചതും സ്വര്‍ണ നൂലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഫ്രെയിമില്‍ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള സ്വര്‍ണ്ണ തകിടാണ് കണ്ടെത്തിയത്.

ചന്ദ്രക്കലയുടെ ആകൃതിയിലുള്ള പ്ലേറ്റ് ഒരു ഇനാമല്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. കണ്ടെത്തിയപ്പോള്‍ ഇത് ചെറുതായി പൊട്ടിയിരുന്നു. ലോഹത്തില്‍ ഉരുകുന്നതിന് മുമ്പ് ഗ്ലാസ് പൊട്ടിച്ച് പൊടിച്ച് കൊണ്ട് ഒരു പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ടതിനാല്‍ അത് അത്ര സുതാര്യമല്ല. ഒരു മരത്തിനോ ചെടിക്കോ ചുറ്റുമുള്ള രണ്ട് സ്‌റ്റൈലൈസ്ഡ് പക്ഷികളാണ് ഇനാമലിന്റെ രൂപരേഖ.

ഇത്തരത്തിലുള്ള ആഭരണങ്ങള്‍ ഈജിപ്ത്, സിറിയ, ബൈസാന്റിയം, റഷ്യ എന്നിവിടങ്ങളില്‍ നിന്നും ഉള്ളതാണെന്ന് കരുതപ്പെടുന്നു. ശൈലിയുടെയും കരകൗശലത്തിന്റെയും കാര്യത്തില്‍ ഇത് ഡാഗ് മാര്‍ക്ക് കുരിശിന് സമാനമാണ്. 11 അല്ലെങ്കില്‍ 12 നൂറ്റാണ്ടിലെ ബൈസന്റൈന്‍ അവശിഷ്ടമാകാമിതെന്ന് കരുതുന്നു. കമ്മലും ഡാഗ് മാര്‍ക്ക് കുരിശും വൈക്കിംഗ് യുഗത്തിലോ മധ്യകാലത്തിലോ നിര്‍മ്മിക്കപ്പെട്ടതാകാം.
അവ കച്ചവടം ചെയ്യപ്പെടാതെ രാജാക്കന്മാരും ചക്രവര്‍ത്തിമാരും ദാനം ചെയ്തതാകാമെന്നും കരുതപ്പെടുന്നു.

സെന്റ് ബെന്‍ഡ്സ് പള്ളിയിലെ ഒരു രാജ്ഞിയുടെ ശവക്കുഴിയില്‍ ഡാഗ്മാര്‍ക്ക് കുരിശ് കണ്ടെത്തിയതിന്റെ കാരണം ഇതാകാമെന്നും പുരാവസ്തു ശാസ്ത്രജ്ഞര്‍ കരുതുന്നു. എന്നാല്‍ സമീപത്തൊന്നും സമുദ്ര യാത്രയ്ക്കുള്ള സാധ്യതയില്ലാത്ത ബോവ്ലിംഗിലെ ഒരു വയലില്‍ നിന്നാണ് ഈ പുതിയ നിധി കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഈ കമ്മല്‍ എങ്ങനെ എപ്പോള്‍ ഈ വയലില്‍ എത്തി എന്നത് നിഗൂഢമാണ്.

ഭൂമിക്കടിയില്‍ നിന്നും സ്വര്‍ണവും വെള്ളിയും തേടുന്ന 54 കാരനായ ഫ്രണ്ട്‌സ് ഫുഗ്ള്‍ വെസ്റ്റര്‍ഗാര്‍ഡാണ് അമൂല്യമായ ഈ കണ്ടെത്തല്‍ നടത്തിയത്. 'ഭൂതകാലത്തില്‍ നിന്ന് ഒരു വാചകം ലഭിക്കുന്നത് പോലെയാണിത്.' എന്നായിരുന്നു തന്റെ കണ്ടെത്തലിനെ കുറിച്ച് ഫുഗ്ള്‍ വെസ്റ്റര്‍ഗാര്‍ഡ് നാഷണല്‍ മ്യൂസിയത്തോട് പറഞ്ഞത്. സ്‌കാന്‍ഡിനേവിയയില്‍ നിന്നുള്ള യോദ്ധാക്കള്‍ അടങ്ങുന്ന അംഗ രക്ഷകനുണ്ടായിരുന്ന ബൈസന്റൈന്‍ ചക്രവര്‍ത്തിക്ക് വേണ്ടി നിരവധി അംഗരക്ഷകര്‍ യുദ്ധ സേവനത്തിന് പോയതാകാം ഈ കമ്മല്‍ ഇവിടെയെത്താനുള്ള ഒരു കാരണമെന്നും പറയപ്പെടുന്നു.

കിഴക്ക് നിന്ന് കൂലിപ്പടയാളികള്‍ പട്ടും ആയുധങ്ങളുമായി വീട്ടിലേക്ക് വന്നതായി ഐസ്ലാന്‍ഡിക് പാട്ടുകളില്‍ പറയുന്നുണ്ട്. ചക്രവര്‍ത്തി തന്റെ അംഗരക്ഷകന് ഇടയ്ക്കിടെ മികച്ച സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും പറയപ്പെടുന്നു. അതിനാല്‍ കമ്മല്‍ തന്റെ ഏറ്റവും മികച്ച അംഗരക്ഷകന് ചക്രവര്‍ത്തി വ്യക്തിപരമായി നല്‍കിയതാകാം. പിന്നീട് ഡെന്മാര്‍ക്കില്‍ അജ്ഞാതമായ സാഹചര്യത്തില്‍ അത് നഷ്ടപ്പെട്ടിരിക്കാമെന്നും കരുതുന്നു. വെസ്റ്റ് ജട്ട്ലാന്റിന് ലോകമെമ്പാടും എല്ലായ്‌പ്പോഴും ശക്തമായ ബന്ധമുണ്ടെന്ന് ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നുവെന്ന് കമ്മല്‍ ലഭിച്ച പ്രദേശത്തിന് അടുത്തുള്ള ഹോള്‍സ്റ്റെബ്രോ മ്യൂസിയത്തിലെ ഇന്‍സ്‌പെക്ടര്‍ ആസ്ട്രിഡ് ടോഫ്റ്റ്ഡാല്‍ ജെന്‍സന്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.