ദക്ഷിണേന്ത്യ നോട്ടമിട്ട് മമത; കേരളത്തിലടക്കം സന്ദര്‍ശനം നടത്തി പ്രശാന്ത് കിഷോര്‍

ദക്ഷിണേന്ത്യ നോട്ടമിട്ട് മമത; കേരളത്തിലടക്കം സന്ദര്‍ശനം നടത്തി പ്രശാന്ത് കിഷോര്‍

ടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടാക്കിയ മുന്നേറ്റത്തിന് പിന്നാലെ ദക്ഷിണേന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിക്കാനുള്ള ശ്രമങ്ങളുമായി വംഗനാടിന്റെ ദീദി മമതാ ബാനര്‍ജി. കേരളത്തിലടക്കം മമതയുടെ ചാരന്മാര്‍ വട്ടമിട്ട് പറക്കുന്നുണ്ട്. തെലങ്കാനയും ആന്ധ്ര പ്രദേശും കര്‍ണാടകവുമാണ് പ്രധാന ടാര്‍ഗറ്റ്. തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറാണ് 'മമതാ മിഷന്' ചുക്കാന്‍ പിടിക്കുന്നത്.

ഈ സംസ്ഥാനങ്ങളിലെ പല നേതാക്കളുമായി പ്രശാന്ത് രഹസ്യ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജന പിന്തുണയുള്ള കോണ്‍ഗ്രസ് നേതാക്കളാണ് മുഖ്യ ലക്ഷ്യം. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട പല നേതാക്കളെയും തൃണമൂല്‍ രഹസ്യമായി സമീപിച്ച് തുടങ്ങിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളെയാണ് കൂടുതലായി നോട്ടമിട്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട കണ്ണൂരിലെ മമ്പറം ദിവാകരന്‍, പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ. ഗോപിനാഥ് തുടങ്ങിയ പ്രമുഖരാണ് പ്രശാന്തിന്റെ ലിസ്റ്റിലുള്ളത്.

ഇവിടെ മുന്‍നിര നേതാക്കന്‍മാരെ കൂടുതലായി കിട്ടില്ല എന്നതിനാല്‍ താഴേ തട്ടില്‍ വേരോട്ടമുള്ള നേതാക്കളെയാണ് തൃണമൂലിന് വേണ്ടത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്ന കരുത്തിലേക്ക് പാര്‍ട്ടിയെ മാറ്റിയെടുക്കുകയാണ് ആദ്യ ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുറച്ച് സീറ്റില്‍ മത്സരിക്കാനും പ്ലാനുണ്ട്.


കര്‍ണാടകയില്‍ കഴിഞ്ഞ മാസം പ്രശാന്ത് എത്തിയിരുന്നു. ഇവിടെ കോണ്‍ഗ്രസിനെ മാത്രമല്ല ബിജെപി നേതാക്കളെയും പ്രശാന്ത് സമീപിക്കുന്നുണ്ട്. കൃത്യമായ ജാതി വിഭാഗത്തില്‍പ്പെട്ട പ്രബല നേതാക്കളെയാണ് ലക്ഷ്യമിടുന്നത്. കര്‍ണാടകത്തില്‍ ലിംഗായത്ത് നേതാക്കളായിരുന്നു ടാര്‍ഗറ്റ്.

എന്നാല്‍ ഇത് ആദ്യ ഘട്ടത്തില്‍ കാര്യമായി വിജയിച്ചിട്ടില്ല. ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെയും മകന്‍ വിജയേന്ദ്രയെയും കാണാനായി പ്രശാന്ത് ശ്രമിച്ചിരുന്നെങ്കിലും കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിച്ചില്ല.

എന്നാല്‍ പിന്നീട് സംസ്ഥാനത്തിന് പുറത്ത് ഇവര്‍ പരസ്പരം കണ്ടതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ അങ്ങനൊരു കൂടിക്കാഴ്ച്ചയേ നടന്നിട്ടില്ലെന്നാണ് ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ വിജയേന്ദ്ര പറയുന്നത്. താനോ പിതാവോ പ്രശാന്തിനെ കണ്ടിട്ടില്ല. എംഎല്‍സി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ തിരക്കിലാണ് തങ്ങള്‍. ബിജെപിയെ ശക്തിപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിജയേന്ദ്ര പറയുന്നു.

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തനായ യെദ്യൂരപ്പയുടെ നിസഹകരണമാണ് അടുത്തിടെ ഹംഗലില്‍ അടക്കം ബിജെപി തോറ്റതിന് കാരണമെന്ന് വിശ്വസിക്കുന്നവര്‍ കര്‍ണാടകയില്‍ നിരവധിയുണ്ട്. ലിംഗായത്തുകളും ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. പ്രമുഖ ലിംഗായത്ത് നേതാവായ എം.ബി പാട്ടീലിനെയും പ്രശാന്ത് സമീപിച്ചിരുന്നു. ചില നേതാക്കളെ മമത നേരിട്ട് വിളിക്കുന്നുമുണ്ട്.

തെലങ്കാനയില്‍ അടുത്തയിടെ നടന്ന ഹുസുരാബാദ് തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ക്യാമ്പ് നിരാശയിലാണ്. ഇത് മുതലെടുക്കാനാണ് മമതയുടെ നീക്കം. പാര്‍ലമെന്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് തൃണമൂല്‍ നോട്ടമിട്ടിരിക്കുന്നത്. പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകര്‍, മുന്‍ എംപിമാര്‍, പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം പ്രതിച്ഛായ ഉള്ളവര്‍ എന്നിങ്ങനെയുള്ള നേതാക്കളെയാണ് തൃണമൂല്‍ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന മുന്‍ എംപി കൊണ്ഡ വിശ്വേശ്വര്‍ റെഡ്ഡിയെ പ്രശാന്ത് ബന്ധപ്പെട്ടുവെന്നാണ് സൂചന. എന്നാല്‍ കൂടിക്കാഴ്ച്ച നടന്നിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. വിശ്വേശ്വര്‍ റെഡ്ഡിയെ തെലങ്കാനയില്‍ തൃണമൂലിന് ലഭിച്ചാല്‍ അത് വന്‍ നേട്ടമാകും. കോണ്‍ഗ്രസിനൊപ്പം ബിജെപി, ടിആര്‍എസ് തുടങ്ങിയ പാര്‍ട്ടികളിലെ ജന സ്വാധീനമുള്ള നേതാക്കളെയും പ്രശാന്ത് കിഷോര്‍ സമീപിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ നടത്തുന്ന രാഷ്ട്രീയ നീക്കം വിജയിക്കണമെങ്കില്‍ അണികള്‍ക്കിടയില്‍ ശക്തമായി വേരോട്ടമുള്ള നേതാക്കള്‍ തന്നെ വേണമെന്ന് മമതയ്ക്ക് നിര്‍ബന്ധമുണ്ട്. ഒക്ടോബര്‍ മുതല്‍ തെലങ്കാനയില്‍ നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. തെലങ്കാന ജന സമിതി നേതാവ് പ്രൊഫ കോദണ്ഡ റാമിനെയും പ്രശാന്ത് ബന്ധപ്പെട്ടിട്ടുണ്ട്.

അതിനിടെ ദക്ഷിണേന്ത്യയില്‍ മമത നടത്തുന്ന നീക്കങ്ങളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വളരെ സൂക്ഷ്മതയോടെ നിരീക്ഷിച്ച് വരികയാണ്. കാരണം മമത ബാനര്‍ജി അടുത്തയിടെ മേഘാലയയില്‍ നടത്തിയ ഓപ്പറേഷനിലൂടെ കോണ്‍ഗ്രസിനുണ്ടായ നഷ്ടം വളരെ വലുതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.