'സമ്മര്‍ദ്ദത്തില്‍പ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ല': മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് തൊട്ടു പിന്നാലെ പ്രതികരണവുമായി ഗവര്‍ണര്‍ വീണ്ടും

'സമ്മര്‍ദ്ദത്തില്‍പ്പെട്ട്  പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ല': മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് തൊട്ടു പിന്നാലെ പ്രതികരണവുമായി ഗവര്‍ണര്‍ വീണ്ടും

ന്യൂഡല്‍ഹി: ചാന്‍സിലര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കത്തില്‍ താന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും  അദ്ദേഹം  ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബാഹ്യ ഇടപെടല്‍ എന്ന ആരോപണത്തോട് പ്രതികരിക്കുന്നില്ല. സ്വന്തം അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട്, സമ്മര്‍ദ്ദത്തില്‍ ആയി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലാത്തിനാലാണ് ചുമതല ഒഴിയുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണര്‍ ഉന്നയിച്ച അസാധാരണ ആരോപണങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം.

സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലെന്ന ഗവര്‍ണരുടെ വിമര്‍ശനത്തിന് വാര്‍ത്താ സമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞത്. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ പരസ്യ പ്രസ്താവന അങ്ങേയറ്റം ദുഖകരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിസി നിയമനം കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെന്ന പ്രസ്താവന ഒട്ടും ശരിയല്ല. മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാന്‍സലര്‍ സ്ഥാനം സര്‍ക്കാര്‍ ഒരിക്കലും മോഹിച്ചിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ തുടരണമെന്നും ആവശ്യപ്പെട്ടു. ഗവര്‍ണറുമായി ഏറ്റുമുട്ടുകയെന്ന നയം സര്‍ക്കാരിനില്ലെന്നാണ് പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഗവര്‍ണര്‍ പരസ്യമായി പറഞ്ഞതിനാലാണ്  താനും 
മറുപടി പറഞ്ഞതെന്നാണ് വിശദീകരണം.

ഉന്നത വിദ്യഭ്യാസ രംഗത്തെ അമിത രാഷ്ട്രീയവല്‍ക്കരണത്തിനെതിരെ ഗവര്‍ണര്‍ പരസ്യമായി പൊട്ടിത്തെറിച്ചത് സര്‍ക്കാരിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് മറുപടി പറഞ്ഞത്.

വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ക്കെതിരെ കാലങ്ങളായുള്ള പരാതിയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൂല്യച്ച്യുതിയുമെല്ലാം ഇതോടെ വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്. ചാന്‍സിലര്‍ പദവിയിലുള്ള ഗവര്‍ണര്‍ക്ക് തന്നെ മനസ് മടുത്തെങ്കില്‍ സാധാരണക്കാരന് നീതിയെവിടെയെന്ന ചോദ്യവും പ്രസക്തമാക്കുന്നതാണ് പുതിയ വിവാദം.

സര്‍വകലാശാലകളിലെ അമിത രാഷ്ട്രീയം, വിസിമാരടക്കം ഉന്നതസ്ഥാനങ്ങളിലെ ഇഷ്ടനിയമനം, രാഷ്ട്രീയ നേതാക്കളുടെയും ഉന്നത സ്വാധീനമുള്ളവരുടെയും ബന്ധുക്കളെ നിയമിക്കല്‍, കച്ചവട താല്‍പര്യങ്ങള്‍ സംരക്ഷിക്കല്‍ തുടങ്ങി ഒരു കാലത്തും പൊതു സമൂഹത്തിന് അംഗീകരിക്കാനാകാത്ത കാര്യങ്ങള്‍ നമ്മുടെ സര്‍വകലാശാലകളില്‍ തുടങ്ങിയിട്ട് കാലമേറെയായി.

ലോകമാകെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ മുന്നേറുമ്പോള്‍ കാലത്തിനനുസരിച്ച മാറ്റങ്ങളില്ലെന്നത് കേരളത്തിന്റെ പോരായ്മയായിരുന്നു. ജാതിയടിസ്ഥാനത്തിലും രാഷ്ട്രീയാടിസ്ഥാനത്തിലും വിസിമാരെ നിയമിക്കുന്നുവെന്ന് യുഡിഎഫ് ഭരണകാലത്ത് ആരോപണമുന്നയിച്ച സിപിഎം അധികാരത്തില്‍ തുടരുമ്പോള്‍ പരമാവധി സ്ഥാനങ്ങളില്‍ ഇഷ്ടക്കാരെ കുത്തി നിറയ്ക്കുന്ന സമീപനത്തിനെതിരെയാണ് തനിക്ക് മടുത്തുവെന്ന് ഒരു ഭരണത്തലവന്‍ തുറന്നടിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.