ദക്ഷിണ കൊറിയയുമായി ബില്യണ്‍ ഡോളറിന്റെ ആയുധക്കരാറില്‍ ഓസ്‌ട്രേലിയ

ദക്ഷിണ കൊറിയയുമായി ബില്യണ്‍ ഡോളറിന്റെ ആയുധക്കരാറില്‍ ഓസ്‌ട്രേലിയ

ഏഷ്യയിലെ ഒരു രാജ്യവുമായി ഓസ്‌ട്രേലിയ ഒപ്പിടുന്ന ഏറ്റവും വലിയ സൈനിക കരാര്‍,
പ്രതിരോധശേഷി വര്‍ധിപ്പിക്കാനും തീരുമാനം

കാന്‍ബറ: ദക്ഷിണ കൊറിയയുമായി വന്‍ ആയുധക്കരാറില്‍ ഒപ്പിട്ട് ഓസ്‌ട്രേലിയ. രാജ്യത്തിന്റെ സൈനിക പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചരിത്രപരമായ നീക്കം. ഏതെങ്കിലും ഏഷ്യന്‍ രാഷ്ട്രവുമായി ഓസ്‌ട്രേലിയ ഒപ്പിടുന്ന ഏറ്റവും വലിയ സൈനിക കരാറാണിത്.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ നാലു ദിവസത്തെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെയാണ് ഒരു ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ കരാറില്‍ ഒപ്പിട്ടത്. കോവിഡ് 19 ഭീതിയെത്തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് രാജ്യാതിര്‍ത്തികള്‍ അടച്ചശേഷം ഓസ്‌ട്രേലിയയിലേക്ക് എത്തുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് മൂണ്‍ ജെ ഇന്‍.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും തമ്മില്‍ കാന്‍ബറയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ നിരവധി രാജ്യാന്തര കരാറുകളില്‍ ഒപ്പിട്ടു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുളള ലോ ആന്‍ഡ് സിറോ എമിഷന്‍ ടെക്‌നോളജി പാര്‍ട്ണര്‍ ഷിപ്പാണ് ഇതിലൊന്ന്. ഓസ്‌ട്രേലിയയില്‍ ഖനനം ചെയ്യുന്ന ധാതുക്കള്‍ ദക്ഷിണ കൊറിയയില്‍ ലഭ്യമാക്കുന്നതിനുളള കരാറിലും ഒപ്പിട്ടിട്ടുണ്ട്.

ദക്ഷിണ കൊറിയയിലെ ആയുധ നിര്‍മാതാക്കളായ ഹാന്‍വയാണ് ഓസ്‌ട്രേലിയന്‍ പ്രതിരോധ വിഭാഗത്തിന് ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുക. വന്‍ പ്രഹരശേഷിയുളള അത്യാധുനിക പീരങ്കികളാണ് ഓസ്‌ട്രേലിയയ്ക്കായി കമ്പനി പ്രധാനമായും നിര്‍മിക്കുന്നത്. കരസേനയ്ക്ക് ആയുധങ്ങള്‍ എത്തിക്കുന്നതിനുളള വാഹനങ്ങളും കൊറിയന്‍ കമ്പനി നിര്‍മിച്ചു നല്‍കും. ഈ കരാര്‍ ഭാവിയില്‍ കൂടുതല്‍ വികസിക്കുമെന്നാണ് ഹാന്‍വാ ആയുധ കമ്പനിയും പ്രതീക്ഷിക്കുന്നത്.

ഓസ്‌ട്രേലിയന്‍ കരസേനയ്ക്കായി കൂടുതല്‍ പ്രതിരോധ വാഹനങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തിലും ചര്‍ച്ചകള്‍ തുടരുന്നുണ്ട്. സൈനിക വളര്‍ച്ചയില്‍ സമാനമനസ്‌കരായ രാജ്യങ്ങളുമായി കൂടുതല്‍ അടുത്തു സഹകരിക്കാനും ഓസ്‌ട്രേലിയയുടെ സൈനിക ശേഷി കരുത്തുറ്റതാക്കാനുമാണ് ശ്രമമെന്നു പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രതികരിച്ചു. അതിന്റെ തുടക്കമായിട്ടാണ് ഒരു ബില്യണ്‍ കരാറില്‍ ദക്ഷിണ കൊറിയയുമായി ഏര്‍പ്പെടുന്നത്.

ദക്ഷിണ കൊറിയയുമായി സൈനിക സഹകരണത്തിലും വ്യാവസായിക വികസനത്തിലും ഉണ്ടാക്കിയ കരാറുകള്‍ ചൈനയ്ക്കുള്ള മറുപടി കൂടിയായാട്ടാണ് രാജ്യാന്തര നിരീക്ഷകര്‍ കരുതുന്നത്. പ്രത്യേകിച്ചും വ്യവസായ വാണിജ്യ മേഖലകളിലടക്കം ചൈനയും ഓസ്‌ട്രേലിയയുമായുളള ബന്ധം വഷളായി നില്‍ക്കുന്ന ഘട്ടത്തില്‍. ഏഷ്യന്‍ രാജ്യങ്ങളോട് ഓസ്‌ട്രേലയയ്ക്ക് കടുത്ത എതിര്‍പ്പുണ്ടെന്ന ചൈനയുടെ കുപ്രചരണത്തെ പ്രതിരോധിക്കാനും ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ മറ്റു രാഷ്ട്രീയ ഉദ്ദേശങ്ങളില്ലെന്നും സമാന മനസ്‌കരുമായി കൈകോര്‍ക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇരു രാഷ്ടത്തലവന്‍മാരും സംയ്കുതമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിലപാടെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.