പടിഞ്ഞാറന്‍ ഓസ്ട്രേലിയ അടുത്ത വര്‍ഷം ഫെബ്രുവരി അഞ്ചിന് അതിര്‍ത്തികള്‍ തുറക്കുമെന്ന് പ്രീമിയര്‍

പടിഞ്ഞാറന്‍ ഓസ്ട്രേലിയ അടുത്ത വര്‍ഷം ഫെബ്രുവരി അഞ്ചിന് അതിര്‍ത്തികള്‍ തുറക്കുമെന്ന് പ്രീമിയര്‍

പെര്‍ത്ത്: ഏറെ കാത്തിരിപ്പിനു ശേഷം പടിഞ്ഞാറന്‍ ഓസ്ട്രേലിയ അടുത്ത വര്‍ഷം ഫെബ്രുവരി അഞ്ചിന് അതിര്‍ത്തികള്‍ തുറക്കും. പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍ പെര്‍ത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ 12 വയസും അതില്‍ കൂടുതലുമുള്ള ജനസംഖ്യയുടെ വാക്‌സിനേഷന്‍ നിരക്ക് 80 ശതമാനത്തിലെത്തിയ സാഹചര്യത്തിലാണ് ദീര്‍ഘകാലമായി കാത്തിരുന്ന പ്രഖ്യാപനം വന്നത്.

അതിര്‍ത്തികള്‍ തുറക്കുമ്പോഴേക്കും 90 ശതമാനം പേര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. രണ്ടു വര്‍ഷത്തിനു ശേഷമാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ അതിര്‍ത്തികള്‍ തുറക്കുന്നത്.

രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കും രാജ്യാന്തര യാത്രക്കാര്‍ക്കും ഫെബ്രുവരി മുതല്‍ സംസ്ഥാനത്തേക്കു ക്വാറന്റീന്‍ രഹിത പ്രവേശനമുണ്ടാകും. ഫെബ്രുവരി അഞ്ചിന് പുലര്‍ച്ചെ 12:01 മുതലാണ് പ്രവേശനം അനുവദിക്കുക. യാത്രക്കാര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കേണ്ടി വരും. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ തെളിവും സംസ്ഥാനത്തേക്കു പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പുള്ള നെഗറ്റീവ് കോവിഡ് പരിശോധനാ ഫലവും ഹാജരാക്കണം. സംസ്ഥാനത്ത് എത്തിക്കഴിയുമ്പോള്‍ വീണ്ടും ടെസ്റ്റ് നടത്തണം. 12 വയസും അതില്‍ കൂടുതലുമുള്ള എല്ലാ യാത്രക്കാര്‍ക്കും ഇത് ബാധകമാണ്.

യാത്രക്കാര്‍ അഞ്ചു ദിവസത്തിനകം സംസ്ഥാനം വിടുകയാണെങ്കില്‍ മടങ്ങുന്നതിന് മുന്‍പ് കോവിഡ് പരിശോധന നടത്തേണ്ടതില്ല. ജി2ജി പാസ് സംവിധാനം തല്‍ക്കാലം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

നവംബര്‍ അഞ്ചു മുതല്‍, ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലും 53,000-ത്തിലധികം പോസിറ്റീവ് കേസുകളും 220 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍ പറഞ്ഞു. നിലവില്‍ ടാസ്മാനിയ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളുമായുമുള്ള അതിര്‍ത്തികള്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ അടച്ചിട്ടിരിക്കുകയാണ്.

രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ബുധനാഴ്ച മുതല്‍ ഓസ്ട്രേലിയയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സ്‌കോട്ട് മോറിസണ്‍ പറഞ്ഞതിനു പിന്നാലെയാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ പ്രഖ്യാപനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.