പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ പുതു യുഗപ്പിറവി: ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി യുഎഇ കിരീടാവകാശി

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ പുതു യുഗപ്പിറവി: ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി യുഎഇ കിരീടാവകാശി

ദുബായ്: പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ പുതു യുഗപ്പിറവിക്കു തുടക്കം കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും യുഎഇ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ വിശദമായ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും ബന്ധം സ്ഥാപിച്ച് ഒരു വര്‍ഷത്തിന് ശേഷം, ആദ്യ സന്ദര്‍ശനത്തിനെത്തിയ ജൂത രാഷ്ട്ര നേതാവിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് കിരീടവകാശി ഊഷ്മള സ്വാഗതമോതി. യുഎഇ സന്ദര്‍ശിക്കുന്ന ആദ്യ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് ബെന്നറ്റ്.


'ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വിജയകരമായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള മഹത്തായ പങ്കാളിത്തവും ഊഷ്മള ബന്ധവും വികസിപ്പിക്കുന്നതിലെ മറ്റൊരു നാഴികക്കല്ലാണ്,'ചര്‍ച്ച സമാപിച്ച വിവരം അറിയിച്ചുകൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസും കിരീടാവകാശിയുടെ ഓഫീസും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ചര്‍ച്ചയുടെ വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇറാന്റെ ആണവായുധ പരീക്ഷണങ്ങള്‍ക്കു തടയിടുന്നതിനു വഴി തേടുകയായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.വിയന്നയില്‍ നടക്കുന്ന അന്താരാഷ്ട്ര ആണവ ചര്‍ച്ചകളില്‍ സാമ്പത്തിക ഉപരോധ തീരുമാനമെടുക്കാന്‍ യുഎഇ യുടെ പിന്തുണ ഇസ്രായേല്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.നഫ്താലി ബെന്നറ്റിനെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍-നഹ്യാന്‍ അദ്ദേഹത്തിന്റെ സ്വകാര്യ കൊട്ടാരത്തില്‍ ആണ് സ്വീകരിച്ചത്. തുടര്‍ന്നായിരുന്നു ചര്‍ച്ച.

ഇസ്രായേലുമായി കൊമ്പുകോര്‍ക്കുന്ന ഇറാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇസ്രായേല്‍ നടത്തുന്ന നീക്കം ഏറെക്കുറെ വിജയമാണ്. അതിനിടെയാണ് യുഎഇയുമായുള്ള ചര്‍ച്ച. ഇറാന്റെ ആണവ പദ്ധതി തടയാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നുണ്ട്. ഇറാനുമായി വീണ്ടും അമേരിക്ക ആണവ കരാറിലെത്തുമെന്നാണ് വാര്‍ത്തകള്‍. ഇത് തടയാനുള്ള ശ്രമത്തിലാണ് ഇസ്രായേല്‍.

ഇറാനെതിരെ ശക്തമായ നീക്കം

ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് ഇറാനുമായി അമേരിക്ക ആണവ കരാറില്‍ എത്തുകയും ഇറാനെതിരായ ഉപരോധം പിന്‍വലിക്കുകയും ചെയ്തിരുന്നു. ട്രംപ് എത്തിയതോടെ ഉപരോധം പുനഃസ്ഥാപിക്കുകയും കരാറില്‍ നിന്ന് പിന്മാറുകയും ചെയ്തു. ബൈഡന്റെ അടുത്ത നീക്കമെന്ത് എന്നറിയാന്‍ ലോകം കാത്തിരിക്കുകയാണ്.ഇറാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇസ്രായേല്‍ നടത്തുന്ന നീക്കം ചര്‍ച്ചയില്‍ സ്ഥാനം പിടിച്ചതായാണ് സൂചന. ഇരുനേതാക്കളും നടത്തുന്ന ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

സൗഹൃദം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സാമ്പത്തിക-പ്രാദേശിക രാഷ്ട്രീയ കാര്യങ്ങളും വിഷയമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചകളാണ് യുഎഇ-ഇസ്രായേല്‍ ബന്ധം സ്ഥാപിക്കാന്‍ കാരണം. തുടര്‍ന്ന് ഇരുരാജ്യങ്ങളും അമേരിക്കയുടെ മധ്യസ്ഥതയില്‍ അബ്രഹാം ഉടമ്പടി ഒപ്പുവച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ നല്ല സൗഹൃദമാണിപ്പോള്‍. നയതന്ത്ര കാര്യാലയങ്ങള്‍ തുറന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് നിരവധി കരാറുകള്‍ ഒപ്പുവച്ചു. വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്താനും തീരുമാനിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്രായേലുമായി സൗഹൃദം സ്ഥാപിച്ച ആദ്യ രാഷ്ട്രമാണ് യുഎഇ. പിന്നീട് ബഹ്റൈനും ബന്ധം സ്ഥാപിച്ചു. മുസ്ലിം രാജ്യങ്ങളില്‍ നേരത്തെ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചത് ഈജിപ്തും ജോര്‍ദാനും മാത്രമായിരുന്നു. ഇപ്പോള്‍ സുഡാനും മൊറോക്കോയുമെല്ലാം ഈ പട്ടികയിലുണ്ട്. സൗദി അറേബ്യ ഇസ്രായേലുമായി സഹകരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും ഇക്കാര്യം സൗദി നിഷേധിച്ചു.

മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സൗഹൃദം സ്ഥാപിക്കുക എന്നതാണ് യുഎഇയുടെ നയം. ഖത്തറുമായുള്ള തര്‍ക്കം പരിഹരിക്കുകയും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തതോടെ ഇറാനുമായി യുഎഇ ചര്‍ച്ച നടത്തുമെന്ന വാര്‍ത്തകള്‍ വന്നു. അതിനിടെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.