രോഗികളെ വലച്ച് സമരം പതിനാലാം ദിവസത്തിലേക്ക്; പിജി ഡോക്ടര്‍മാരുമായി ഇന്ന് വീണ്ടും ചര്‍ച്ച

രോഗികളെ വലച്ച് സമരം പതിനാലാം ദിവസത്തിലേക്ക്; പിജി ഡോക്ടര്‍മാരുമായി ഇന്ന് വീണ്ടും ചര്‍ച്ച

തിരുവനന്തപുരം: രോഗികളെ വലച്ചുകൊണ്ടുള്ള പിജി ഡോക്ടര്‍മാരുടെ സമരം പതിനാലാം ദിവസത്തിലേക്ക്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാരുമായി ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 10.30 ന്‌ ശേഷം ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് മന്ത്രിയുടെ ഓഫീസ് സമരക്കാരെ അറിയിച്ചു.

എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്‌കരിച്ചുള്ള സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ആവശ്യത്തിന് നോണ്‍ അക്കാദമിക് റസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കുക, സ്‌റ്റൈപന്‍ഡ് വര്‍ധിപ്പിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. നേരത്തെ ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ പിജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും പണിമുടക്കിയതോടെയാണ് സര്‍ക്കാര്‍ കടുപിടുത്തത്തില്‍ നിന്നും അയഞ്ഞത്.

ഹൗസ് സര്‍ജന്മാരുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടച്ചയായാണ് ഇന്നത്തെ ചര്‍ച്ച. പിജി ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ച്‌ പണിമുടക്കിയ ഹൗസ് സര്‍ജന്മാരുമായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് ചര്‍ച്ച നടത്തിയത്. ആവശ്യങ്ങള്‍ മന്ത്രിയെ അറിയിക്കാമെന്ന് ഹൗസ് സര്‍ജന്മാര്‍ക്ക് സെക്രട്ടറി ഉറപ്പ് നല്‍കി. പിന്നാലെ പിജി ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു.

സമരം ശക്തമായതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ രോഗികള്‍ ചികിത്സ കിട്ടാതെ കഷ്ടത്തിലായി. പിജി ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഹൗസ് സര്‍ജന്മാര്‍ കൂടി പണിമുടക്കിയതോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ പ്രവര്‍ത്തനം തകിടം മറിഞ്ഞത്. അടിയന്തര ശസ്ത്രക്രിയകളും സ്‌കാനിംഗുകളുമടക്കം സമസ്ത മേഖലയേയും ഡോക്ടര്‍മാരുടെ സമരം ബാധിച്ചു. കിടത്തി ചികിത്സയും ചിലയിടങ്ങളില്‍ തടസപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.