നന്ദിയര്‍പ്പിച്ച് സേന; നഞ്ചപ്പ സത്രത്തെ ദത്തെടുത്തു

 നന്ദിയര്‍പ്പിച്ച് സേന; നഞ്ചപ്പ സത്രത്തെ ദത്തെടുത്തു

കോയമ്പത്തൂര്‍: സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ തകര്‍ന്ന സ്ഥലത്ത് സ്മാരകം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നഞ്ചപ്പസത്രം ഗ്രാമവാസികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് കൈമാറി. നഞ്ചപ്പസത്രത്തിന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടവരെ ജീവന്‍ പണയപ്പെടുത്തിയും രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയ ഗ്രാമവാസികളോടുള്ള ആദരസൂചകമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി വ്യോമസേന പ്രഖ്യാപിച്ചു.

ഗ്രാമത്തിലുള്ളവരുടെ ആരോഗ്യ പരിശോധനകള്‍ക്കായി സൈന്യം എല്ലാ മാസവും ഡോക്ടറേയും നഴ്സുമാരേയും ഇവിടേക്ക് അയക്കും. ചികിത്സക്കായി വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ഗ്രാമവാസികള്‍ക്കും എത്താമെന്നും ദക്ഷിണ ഭാരത് ഏരിയ കമാന്‍ഡിങ് ഓഫീസര്‍ ലഫ്. ജനറല്‍ എ അരുണ്‍ അറിയിച്ചു.

ഹെലികോപ്റ്റര്‍ അപകടമുണ്ടായതിന് പിന്നാലെ നഞ്ചപ്പസത്രത്തിലെ ഗ്രാമവാസികളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യം ഓടിയെത്തിയത്. ഹെലികോപ്റ്ററില്‍ നിന്നുയര്‍ന്ന തീ അണയ്ക്കാനും, ഉദ്യോഗസ്ഥരെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിക്കാനുമെല്ലാം ജനങ്ങള്‍ മുന്നോട്ട് വന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഇപ്പോഴും ജീവിച്ചിരിക്കാന്‍ കാരണം ഈ ഗ്രാമത്തിലെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമത്തിലുള്ളവര്‍ക്ക് ധാരാളം ഉപഹാരങ്ങളും നല്‍കിയാണ് സേന ഉദ്യോഗസ്ഥര്‍ മടങ്ങിയത്. പുതപ്പുകള്‍, സോളാര്‍ എമര്‍ജന്‍സി ലൈറ്റുകള്‍, റേഷന്‍ തുടങ്ങിയവ വിതരണം ചെയ്തു. അപകടവിവരം പുറം ലോകത്തെ ആദ്യം അറിയിച്ച രണ്ട് പേര്‍ക്ക് 5000 രൂപ വീതവും നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പൊലീസ്, അഗ്‌നിരക്ഷാ സേന, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഉപഹാരങ്ങള്‍ കൈമാറി. തമിഴ്നാട് സര്‍ക്കാരിനും മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ലഫ്.ജനറല്‍ എ അരുണ്‍ നന്ദി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.