തീരുമാനമാകാതെ ഡോക്ടര്‍മാരുടെ സമരം; കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങും; പ്രതീക്ഷയോടെ സമരക്കാര്‍

തീരുമാനമാകാതെ ഡോക്ടര്‍മാരുടെ സമരം; കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങും; പ്രതീക്ഷയോടെ  സമരക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാരുടെ സമരം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലും തീരുമാനമാകാതെ പിരിഞ്ഞു. എന്നാൽ ആരോഗ്യമന്ത്രിയുമായി ഇന്ന് നടത്തിയത് സൗഹാർദ്ദപരമായ കൂടിക്കാഴ്ചയായിരുന്നുവെന്ന് പി.ജി ഡോക്ടര്‍മാർ പറഞ്ഞു.

തങ്ങളുടെ ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു. വിഷയത്തില്‍ കൃത്യമായ ചര്‍ച്ച വേണമെന്ന ആവശ്യം മന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നും സമരക്കാര്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച നടന്ന്, ആവശ്യങ്ങള്‍ പരിഗണിച്ചശേഷമേ സമരത്തില്‍ നിന്ന് പിന്മാറൂ എന്നും പി.ജി ഡോക്ടേഴ്‌സ് പറഞ്ഞു.

പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ തയാറെന്ന് മന്ത്രി അറിയിച്ചതോടെയാണ് ഇന്ന് കൂടിക്കാഴ്ച്ചയ്ക്ക് വഴിയൊരുങ്ങിയത്. പരിഹാര മാര്‍ഗങ്ങള്‍ ചര്‍ച്ചയായില്ലെങ്കിലും മന്ത്രിയുള്‍പ്പടുന്ന ഔദ്യോഗികമായി ഒരു ഉന്നതതല ചര്‍ച്ചയ്ക്ക് കൂടി തയാറെന്ന് സര്‍ക്കാര്‍ അറിയിച്ചു. പി.ജി അസോസിയേഷന്‍ നേതാക്കള്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍ എന്നിവരുള്‍പ്പെടുന്നതാകും ചര്‍ച്ച. എന്നാല്‍ തിയതിയോ സമയമോ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.

ഹൗസ് സര്‍ജന്മാര്‍ തിരികെ ഡ്യൂട്ടിയില്‍ കയറുകയും താല്‍ക്കാലികമായി നിയമിച്ച ജൂനിയര്‍ റെസിഡന്റുമാര്‍ എത്തുകയും ചെയ്തതോടെ മെഡിക്കല്‍ കോളേജുകളില്‍ സ്തംഭിക്കുന്ന തരത്തിലുള്ള പ്രതിന്ധിയില്ല. ഒ.പി സമയം നീട്ടിയും അടിയന്തരമല്ലാത്ത ചികിത്സകള്‍ മാറ്റിവെച്ചും തല്‍ക്കാലം മുന്നോട്ടു പോവുകയാണ്.

സമരം നടക്കുന്നതറിഞ്ഞ് സംസ്ഥാനത്താകെ മെഡിക്കല്‍ കോളേജുകളില്‍ എത്തുന്ന രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. അതേസമയം ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടു പോവാന്‍ ഇതുവരെ സമരക്കാര്‍‍ തയാറായിട്ടുമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.