മെഡിയോർ ആശുപത്രിയിൽ വൃക്കരോഗ വിഭാഗവും ഡയാലിസിസ് കേന്ദ്രവും പ്രവർത്തനം തുടങ്ങി

മെഡിയോർ ആശുപത്രിയിൽ വൃക്കരോഗ വിഭാഗവും ഡയാലിസിസ് കേന്ദ്രവും പ്രവർത്തനം തുടങ്ങി

ദുബായ്: വർദ്ധിച്ചുവരുന്ന വൃക്കരോഗങ്ങൾക്ക് പരിഹാരമേകുന്നതിനും മികച്ച മെഡിക്കൽ പരിചരണം ഉറപ്പാക്കുന്നതിനുമായി ദുബായ് മെഡിയോർ ആശുപത്രിയിൽ പ്രത്യേക വൃക്കരോഗ വിഭാഗവും ഡയാലിസിസ് കേന്ദ്രവും പ്രവർത്തനം തുടങ്ങി. മെഡിയോർ ആശുപത്രിയുടെ നാലാം നിലയിലാണ് വൃക്കരോഗ വിഭാഗവും ഡയാലിസിസ് കേന്ദ്രവും സജ്ജീകരിച്ചിരിക്കുന്നത്. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള എല്ലാ സൗകര്യങ്ങളുമടങ്ങുന്നതാണ് വിഭാഗം.

ദുബായ് ഹെൽത്ത് അതോറിറ്റി ഹെൽത്ത് റെഗുലേഷൻ സെക്റ്റർ സിഇഒ, ഡോ. മർവാൻ അൽ മുല്ല പുതിയ ഡിപ്പാർട്ട്മെന്റ് രോഗികൾക്കായി തുറന്നുകൊടുത്തു. വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിൽ, സിഇഒ (ദുബായ്&നോർത്തേൺ എമിറേറ്റ്സ്) ഡോ. ഷാജിർ ഗഫാർ, മെഡിയോർ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ അബ്ദുൾ അനീസ് തുടങ്ങിയർ പങ്കെടുത്തു.

പ്രമുഖ വൃക്ക രോഗ വിദഗ്ദൻ ഡോ. പൗലോസ് തോമസിന്റെ നേതൃത്വത്തിൽ, സ്പെഷ്യലിസ്റ്റുകളും മെഡിക്കൽ പ്രൊഫഷണലുകളുമടങ്ങുന്ന മൾട്ടി ഡിസിപ്ലിനറി ടീമിന്റെ സേവനം ഡിപ്പാർട്മെന്റിൽ ലഭ്യമാകും. യുഎഇയിൽ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന രോഗികളെ പരിചരിക്കുന്നതിൽ ഒരു പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവമുള്ളവരാണ് ടീമിലെ പ്രധാന വിദഗ്ദർ.

വൃക്ക സംബന്ധമായ പ്രശ്നങ്ങൾ പെരുകുന്ന സാഹചര്യത്തിൽ കൃത്യസമയത്ത് രോഗനിർണയവും ഫലപ്രദമായ ചികിത്സയും നൽകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ആധുനിക ഡയഗ്നോസ്റ്റിക് ഉപകരണങ്ങളും വിഭാഗത്തിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഡോ. പൗലോസ് പറഞ്ഞു. പ്രമേഹവും ഹൈപ്പർടെൻഷനുമാണ് വൃക്കരോഗങ്ങൾ കുതിച്ചുയരാനുള്ള മൂലകാരണം. വൃക്ക രോഗങ്ങൾ തടയുന്നതിനായുള്ള ബോധവൽക്കരണത്തിനും ഡിപ്പാർട്ട്മെന്റ് മുൻഗണന നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മെഡിയോർ ആശുപത്രിയിലെ വൃക്കരോഗ വിഭാഗത്തിൽ ഹീമോഡയാലിസിസും പ്ലാസ്മാഫെറെസിസും നടത്താൻ കഴിയും. ഹെപ്പറ്റൈറ്റിസ്-നെഗറ്റീവ് രോഗികൾക്ക് മൂന്ന് ഡയാലിസിസ് കിടക്കകളും ഹെപ്പറ്റൈറ്റിസ് സി രോഗികൾക്ക് നെഗറ്റീവ് പ്രഷർ ഐസൊലേഷൻ റൂമും ഉണ്ട്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനായി CRRT മെഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്. വൃക്കസംബന്ധമായ തകരാറുകൾ നേരത്തെ കണ്ടുപിടിക്കാൻ സഹായിക്കുന്നതാണ് കേന്ദ്രത്തിലെ കിഡ്‌നി ബയോപ്‌സി പ്രോഗ്രാം.മികച്ച മെഡിക്കൽ വിദഗ്ദരുടെ സേവനവും അത്യാധുനിക സൗകര്യങ്ങളും നിരവധി രോഗികൾക്ക് ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷയെന്ന് വിപിഎസ് ഹെൽത്ത് കെയർ സിഇഒ (ദുബായ്, നോർത്തേൺ എമിറേറ്റ്‌സ്) ഡോ.ഷാജിർ ഗഫാർ പറഞ്ഞു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.