ആരും ആവശ്യപ്പെടാതെ വിവാഹത്തിനു നല്‍കുന്ന സമ്മാനം സ്ത്രീധനമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി

ആരും ആവശ്യപ്പെടാതെ വിവാഹത്തിനു നല്‍കുന്ന സമ്മാനം സ്ത്രീധനമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മകളുടെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ വിവാഹ സമയത്ത് മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി.

വിവാഹ സമയത്ത് തനിക്കു ലഭിച്ച ആഭരണങ്ങള്‍ ഭര്‍ത്താവില്‍ നിന്ന് തിരിച്ചു കിട്ടാന്‍ യുവതി നല്‍കിയ പരാതിയില്‍ ഇവ തിരിച്ചു നല്‍കാന്‍ കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ ഉത്തരവിട്ടതിനെതിരേ തൊടിയൂര്‍ സ്വദേശിയായ ഭര്‍ത്താവ് വിഷ്ണു നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം.ആര്‍. അനിതയുടെ നിരീക്ഷണം.

സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ ഇത്തരം സമ്മാനങ്ങള്‍ ഉള്‍പ്പെടില്ല. വിവാഹത്തോടനുബന്ധിച്ച് വധുവിന് നല്‍കുന്ന സമ്മാനങ്ങള്‍ മറ്റാരെങ്കിലും കൈപ്പറ്റി എന്നു തെളിഞ്ഞാല്‍ മാത്രമേ സ്ത്രീധന നിരോധന ഓഫിസര്‍ക്ക് ഇടപെടാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി.

സമ്മാനങ്ങള്‍ കൈപ്പറ്റിയതു മാറ്റാരെങ്കിലും ആണെന്നു കണ്ടാല്‍ ഓഫീസര്‍ക്ക് ഇടപെടാം. സമ്മാനങ്ങള്‍ വധുവിന് കൈമാറിയിട്ടില്ലെന്ന് ബോധ്യമായാല്‍ അതു കൈമാറണമെന്ന് നിര്‍ദേശിക്കാം. കോടതി ചൂണ്ടിക്കാട്ടി.

വിവാഹത്തിന് തനിക്കു ലഭിച്ച 55 പവന്‍ ബാങ്ക് ലോക്കറില്‍ വെച്ചിരിക്കുകയാണെന്നും തിരിച്ചു നല്‍കാന്‍ നിര്‍ദേശിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഇവ തിരിച്ചുനല്‍കാന്‍ ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ആഭരണങ്ങള്‍ സ്ത്രീധനമല്ലെന്നും ആ നിലയ്ക്ക് ഉത്തരവ് നല്‍കാന്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ആഭരണങ്ങള്‍ സ്ത്രീധനമായി ലഭിച്ചതാണോയെന്നു ഓഫീസര്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതായി ഉത്തരവില്‍ വ്യക്തമല്ലെന്നും കോടതി വിലയിരുത്തി. ലോക്കറില്‍ വെച്ചിട്ടുള്ള ആഭരണങ്ങളും വിവാഹ സമയത്ത് വധുവിന്റെ വീട്ടുകാര്‍ തനിക്കു നല്‍കിയ മാലയും തിരിച്ചു നല്‍കാമെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു. യുവതിയും ഇതു സമ്മതിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി തീര്‍പ്പാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.