ജോഷ്വാ സുബിയുടെ സംസ്‌കാരം നാളെ പെര്‍ത്തില്‍

ജോഷ്വാ സുബിയുടെ സംസ്‌കാരം നാളെ പെര്‍ത്തില്‍

പെര്‍ത്ത്: അര്‍ബുദ രോഗത്തോടു പൊരുതി മരണത്തിനു കീഴടങ്ങിയ പതിമൂന്നു വയസുകാരന്‍ ജോഷ്വാ സുബിയുടെ സംസ്‌കാരം നാളെ നടക്കും. ഓസ്ട്രേലിയയിലെ പെര്‍ത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ ഉച്ചയ്ക്ക് 1.30-നാണ് (പെര്‍ത്ത് സമയം) പൊതുദര്‍ശനം. തുടര്‍ന്ന് രണ്ടിന് ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകളില്‍ പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ മുഖ്യകാര്‍മികത്വം വഹിക്കും. കാരക്കട്ട സെമിത്തേരിയില്‍ വൈകിട്ട് നാലിനാണ് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കുന്നത്.

പെര്‍ത്തില്‍ താമസിക്കുന്ന സുബി സദാശിവന്റെയും ജയശ്രീയുടെയും മകനാണ് ജോഷ്വ. സഹോദരന്‍: അമല്‍.

ചെറുപ്രായത്തില്‍തന്നെ അര്‍ബുദ രോഗം ജോഷ്വായെ ബാധിച്ചിരുന്നു. രോഗത്തിന്റെ അവസാന നാളുകളില്‍ അനിതര സാധാരണമായ സഹനശക്തിയും ദൈവഭക്തിയുമാണ് ഈ ബാലന്‍ പ്രകടിപ്പിച്ചിരുന്നത്. ഇത് ജോഷ്വായെ ശുശ്രൂഷിച്ചവരെയും സന്ദര്‍ശിക്കാനെത്തിയവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രോഗതീവ്രതയാല്‍ വിഷമിക്കുമ്പോഴും തന്റെ ചുറ്റുമുള്ളവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനും അവരെ ആശ്വസിപ്പിക്കാനുമാണ് ജോഷ്വാ ശ്രമിച്ചത്.

പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നാലു വര്‍ഷമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ജോഷ്വയുടെ 13-ാം ജന്മദിനത്തിന്റെ അന്നുതന്നെ വേര്‍പാട് സംഭവിച്ചത് കുടുംബത്തിന് ഏറെ വേദനയായി. ജന്മദിന സമ്മാനമായി പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ ജോഷ്വയുടെ വീട്ടില്‍ ദിവ്യബലി അര്‍പ്പിക്കാനിരിക്കെയാണ് അതിനു മുന്നോടിയായി പുലര്‍ച്ചെ മരണം സംഭവിച്ചത്.

ഹൈന്ദവ കുടുംബത്തില്‍ ജനിച്ച കൊല്ലം സ്വദേശികളായ മാതാപിതാക്കള്‍ പിന്നീട് മാമോദീസ സ്വീകരിച്ചാണ് ഉറച്ച കത്തോലിക്ക വിശ്വാസികളായി മാറിയത്.

പെര്‍ത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ ജീവനക്കാരനാണ് സുബി സദാശിവന്‍. കത്തീഡ്രലിന്റെ ക്വാര്‍ട്ടേഴ്സിലാണ് കുടുംബം താമസിക്കുന്നത്. പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നഴ്സാണ് ജയശ്രീ. കുട്ടിയുടെ ചികിത്സാര്‍ഥം കഴിഞ്ഞ കുറേ മാസങ്ങളായി അവധിയിലാണ്.

സംസ്‌കാര ശുശ്രൂഷകള്‍ക്ക് പെര്‍ത്ത് സിറോ മലബാര്‍ സെന്റ് ജോസഫ് പള്ളി വികാരി ഫാ. അനീഷ് ജെയിംസ്, ഫാ. വര്‍ഗീസ് പാറയ്ക്കല്‍, ഫാ. സാബു ജേക്കബ്, ഫാ. തോമസ് മങ്കുത്തേല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

സംസ്‌കാര ശുശ്രൂഷകള്‍ പെര്‍ത്തിലുള്ളവര്‍ക്കും നാട്ടിലുള്ളവര്‍ക്കും കാണുന്നതിനായി ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. ഇന്ത്യന്‍ സമയം രാവിലെ 11.30-നും പെര്‍ത്ത് സമയം ഉച്ചയ്ക്ക് രണ്ടിനും ലൈവ് സ്ട്രീമിംഗ് ആരംഭിക്കും. ഇതിനായുള്ള ലിങ്ക് ചുവടെ ചേര്‍ക്കുന്നു.

https://livestream.com/accounts/30045108/events/10005419


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26