മുഖ്യമന്ത്രിക്ക് പറക്കാനുള്ള ഹെലികോപ്ടറിന് കരാറായി; പ്രതിമാസം 20 മണിക്കൂര്‍ ഓടാന്‍ 80 ലക്ഷം രൂപ വാടക

മുഖ്യമന്ത്രിക്ക് പറക്കാനുള്ള ഹെലികോപ്ടറിന് കരാറായി; പ്രതിമാസം 20 മണിക്കൂര്‍ ഓടാന്‍ 80 ലക്ഷം രൂപ വാടക

തിരുവനന്തപുരം : മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പടെ ഉപയോഗിക്കുന്നതിനായി വീണ്ടും ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്ത് കേരളം. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്സണ്‍ ഏവിയേഷനാണ് ഹെലികോപ്ടര്‍ കരാര്‍ സ്വന്തമാക്കിയത്. കേരള പൊലീസുമായാണ് കരാര്‍.

ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയ ചിപ്സണ്‍ ഏവിയേഷനായിരുന്നു. ആറ് സീറ്റുള്ള ഹെലികോപ്ടര്‍ മൂന്ന് വര്‍ഷത്തേയ്ക്കാണ് കേരളം വാടകയ്ക്ക് എടുക്കുന്നത്. മാസം 80 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുക. ഈ തുകയില്‍ ഇരുപത് മണിക്കൂറാണ് സഞ്ചരിക്കാനാവുക. അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നല്‍കണം. പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടില്‍ നിന്നാണ് ഹെലികോപ്ടറിനുള്ള ചെലവ് വഹിക്കുന്നത്.

പുതുവര്‍ഷത്തില്‍ മുഖ്യമന്ത്രിക്കായി ഇരട്ട എഞ്ചിനുള്ള പുതിയ കോപ്ടറെത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പറക്കാനാണ് സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടര്‍. പൊതുമേഖലാ സ്ഥാപനമായ പവന്‍ഹാന്‍സിന്റെ ഹെലികോപ്ടറാണ് നേരത്തേ വാടകയ്‌ക്കെടുത്തിരുന്നത്.

15 വര്‍ഷത്തിലേറെ പഴക്കമില്ലാത്ത കോപ്ടറാണ് വി.ഐ.പി യാത്രയ്ക്കായി തിരഞ്ഞെടുക്കുക. സുരക്ഷയ്ക്കാണ് കൂടുതല്‍ പ്രാധാന്യം. ആറ് വി.ഐ.പി യാത്രക്കാരെ അവരുടെ പത്ത് കിലോ വീതം ലഗേജും വഹിക്കാനാവുന്ന ഇരട്ട എന്‍ജിന്‍ കോപ്ടറാണ് വാടകയ്‌ക്കെടുക്കുക. പ്രതിമാസം 20 മണിക്കൂറെങ്കിലും പറക്കണമെന്നാണ് വ്യവസ്ഥ. കൂടുതല്‍ പറന്നാല്‍ മണിക്കൂര്‍ കണക്കില്‍ അധിക തുക നല്‍കും.

ഖജനാവിലെ 22.21 കോടി വിഴുങ്ങിയ ആദ്യത്തെ കോപ്ടര്‍ കാര്യമായ പണിയൊന്നുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സുഖ വിശ്രമത്തിലായിരുന്നു. വ്യോമ നിരീക്ഷണം, മാവോയിസ്റ്റുകള്‍ക്കായി വനമേഖലയില്‍ നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം, അതിര്‍ത്തി പ്രദേശങ്ങളിലും തീരദേശത്തും വിനോദ സഞ്ചാരതീര്‍ത്ഥാടന മേഖലകളിലും നിരീക്ഷണം, അടിയന്തര ഘട്ടങ്ങളിലെ പൊലീസിന്റെയും വിശിഷ്ട വ്യക്തികളുടെയും യാത്ര എന്നിവയ്ക്കായാണ് ഇത്തവണ കോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.