നിര്‍ബന്ധിത മത പരിവര്‍ത്തനം: എന്തൊക്കെ വിവരങ്ങളും ഡാറ്റകളും കൈവശമുണ്ടെന്ന ചോദ്യത്തിന് മറുപടിയില്ലാതെ കര്‍ണാടക സര്‍ക്കാര്‍

നിര്‍ബന്ധിത മത പരിവര്‍ത്തനം: എന്തൊക്കെ വിവരങ്ങളും ഡാറ്റകളും കൈവശമുണ്ടെന്ന ചോദ്യത്തിന് മറുപടിയില്ലാതെ കര്‍ണാടക സര്‍ക്കാര്‍

മത പരിവര്‍ത്തന വിരുദ്ധ നിയമം പാസാക്കാന്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം സംബന്ധിച്ച  കണക്കുകള്‍ വേണമെന്നില്ലെന്ന് സര്‍ക്കാരിന്റെ വിചിത്ര ന്യായം.

ബംഗളൂരു: കര്‍ണാടകയില്‍ മത പരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കാനൊരുങ്ങുന്ന ബിജെപി സര്‍ക്കാര്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാനാകാതെ ഒളിച്ചു കളിക്കുന്നു. നിര്‍ബന്ധിത മത പരിവര്‍ത്തനത്തെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങളും ഡാറ്റകളും ആണ് കൈവശം ഉള്ളതെന്ന ചോദ്യത്തിന് ബി.ജെ.പി ഉന്നത നേതൃത്വത്തിനും സര്‍ക്കാരിനും മറുപടി ഉണ്ടായിരുന്നില്ലെന്ന് എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു.

നിയമം പാസാക്കാന്‍ സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്നത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ വേണമെന്നില്ലെന്നാണ് ബി.ജെ.പി നേതൃത്വവും സര്‍ക്കാരും ഇപ്പോള്‍ പറയുന്നത്. നിയമ വിരുദ്ധമായ മത പരിവര്‍ത്തനങ്ങള്‍ വര്‍ധിച്ചു വരുന്നു എന്നാണ് നിയമ നിര്‍മാണത്തിന് ന്യായീകരണമായി ബി.ജെ.പി പറയുന്നത്. എന്നാല്‍ ഈ അവകാശ വാദങ്ങളെ പിന്തുണയ്ക്കാന്‍ ശക്തമായ തെളിവുകള്‍ അവരുടെ പക്കലില്ല.

'ഡാറ്റ ആവശ്യമില്ല, കാരണം അത് വ്യക്തമാണ്. ക്രിസ്ത്യന്‍ ജനസംഖ്യ 0.5 ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി വര്‍ധിച്ചതില്‍ നിന്ന് ഇത് വളരെ വ്യക്തമാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം എല്ലാ മത പരിവര്‍ത്തനങ്ങളും നിയമവിരുദ്ധമാണ'് - ബിജെപിയുടെ വാമന്‍ ആചാര്യ പറഞ്ഞു.

ക്രിസ്ത്യന്‍ ജനസംഖ്യ 0.5 ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി വര്‍ധിച്ചുവെന്ന അദ്ദേഹത്തിന്റെ അവകാശവാദം കണക്കുകളെക്കുറിച്ച് എന്‍.ഡി ടി.വി ചോദിച്ചപ്പോള്‍, 2011 ലെ സെന്‍സസ് മുതലുള്ളതാണ് ഇതെന്നും അവസാനമായി ലഭ്യമായ സെന്‍സസ് പ്രകാരം ഇതാണ് കണക്കെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്തെ ബി.ജെ.പിയുടെ ഔദ്യോഗിക വക്താവ് ഡോ.ഗിരിധര്‍ ഉപാധ്യായയും തെളിവ് ചോദിച്ചപ്പോള്‍ കൈമലര്‍ത്തി.

എന്നാല്‍ മത പരിവര്‍ത്തനം ആരോപിച്ച് ബൈബിള്‍ അടക്കമുള്ള മതഗ്രന്ഥങ്ങള്‍ കത്തിക്കുന്നത് മുതല്‍ പള്ളികള്‍ക്കുള്ളില്‍ അതിക്രമിച്ചു കയറുകയും അംഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നത് വരെ കര്‍ണാടകയില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.