ഇന്ത്യയെ ഇലക്ട്രോണിക്സ് ഹബ്ബാക്കാന്‍ 2.3 ലക്ഷം കോടിയുടെ കേന്ദ്ര പദ്ധതി

ഇന്ത്യയെ ഇലക്ട്രോണിക്സ് ഹബ്ബാക്കാന്‍ 2.3 ലക്ഷം കോടിയുടെ കേന്ദ്ര പദ്ധതി

ന്യൂഡൽഹി: ഇന്ത്യയെ ഇലക്ട്രോണിക്സ് ഹബ്ബാക്കാന്‍ 2.3 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രം. ആഗോളതലത്തിൽ ക്ഷാമം നേരിടുന്ന സെമി കണ്ടക്ടർ ചിപ്പുകളുടെ നിർമാണത്തിനുൾപ്പെടെയുള്ള ഇലക്ട്രോണിക്സ് മേഖലയ്ക്കാണ് 2.30 ലക്ഷം കോടി രൂപയുടെ പ്രോത്സാഹന പാക്കേജ് കേന്ദ്രം അനുവദിച്ചത്.

ഇതിൽ 76,000 കോടി രൂപ സെമി കണ്ടക്ടർ, ഡിസ്പ്ലേ നിർമാണമേഖലയ്ക്കു മാത്രമാണ് നൽകുന്നത്. സെമി കണ്ടക്ടറുകളുടെ ക്ഷാമം വാഹനമേഖലയെ വലിയതോതിൽ ബാധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ഇവയുടെ നിർമാണത്തിന് മുൻതൂക്കം നൽകിക്കൊണ്ട് ഇന്ത്യയെ ആഗോള ഇലക്ട്രോണിക്സ് ഹബ്ബാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകിയത്.

അതീവ സങ്കീർണവും വലിയ മൂലധനനിക്ഷേപവും ആവശ്യമായ ഇലക്ട്രോണിക്സ് മേഖലയിൽ സാങ്കേതികവിദ്യകൾ അതിവേഗം മാറുന്നതിനാൽ നഷ്ടസാധ്യതയും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് മൂലധനസഹായവും സാങ്കേതികസഹകരണവും നൽകാൻ തീരുമാനിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. സിലിക്കൺ സെമികണ്ടക്ടർ നിർമാണം, പാക്കേജിങ്, ഡിസൈൻ എന്നിവയ്ക്ക് പുറമേ, സിലിക്കൺ ഫോട്ടോണിക്സ് ഉപകരണങ്ങൾ, സെൻസറുകൾ തുടങ്ങിയവയുടെ നിർമാണത്തിന് ആകർഷകമായ പ്രോത്സാഹനം നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.

വലിയതോതിലുള്ള ഇലക്ട്രോണിക്സ് ഉത്പന്ന നിർമാണം, ഐ.ടി. ഹാർഡ്വേർ, മോഡിഫൈഡ് ഇലക്ട്രോണിക്സ് നിർമാണ ക്ലസ്റ്ററുകൾ തുടങ്ങിയവയ്ക്കായി 55,392 കോടിയുടെയും അനുബന്ധമേഖലകളായ എ.സി.സി. ബാറ്ററി, വാഹനഘടകങ്ങൾ, ടെലികോം-നെറ്റ് വർക്കിങ് ഉത്പന്നങ്ങൾ, സോളാർ പി.വി. മൊഡ്യൂളുകൾ തുടങ്ങിയവയ്ക്ക് 98,000 കോടിയുടെയും പദ്ധതിയാണ് ലക്ഷ്യമിടുന്നത്. സെമികണ്ടക്ടർ, ഡിസ്പ്ലേ നിർമാണരംഗത്ത് ദീർഘകാല പദ്ധതികൾ തയ്യാറാക്കാൻ ആഗോളതലത്തിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഇന്ത്യാ സെമി കണ്ടക്ടർ മിഷൻ സ്ഥാപിക്കുമെന്നും സർക്കാർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.