ഒമിക്രോണിന് കോവിഡിന്റെ മറ്റു വകഭേദങ്ങളെക്കാള്‍ 70 മടങ്ങ് വ്യാപനശേഷയെന്ന് പഠനം

ഒമിക്രോണിന് കോവിഡിന്റെ മറ്റു വകഭേദങ്ങളെക്കാള്‍ 70 മടങ്ങ് വ്യാപനശേഷയെന്ന് പഠനം

ഹോങ്കോങ്ങ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് മറ്റു വകഭേദങ്ങളെക്കാള്‍ 70 മടങ്ങ് വ്യാപനശേഷിയുള്ളതായി പഠനം. രോഗതീവ്രത വളരെ കുറവായിരിക്കുമെന്നും ശ്വാസകോശത്തെ വൈറസ് ബാധ സാരമായി ബാധിക്കില്ലെന്നും ഹോങ്കോങ്ങ് സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നു. ഒമിക്രോണ്‍ സംബന്ധിച്ച് പുറത്തുവന്ന ആദ്യഘട്ട കണ്ടെത്തലുകള്‍ക്ക് ശക്തിപകരുന്നതാണ് പുതിയ പഠനം.

മൂന്നാഴ്ചകള്‍ക്ക് മുമ്പാണ് ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതിനോടകം 77-ലധികം രാജ്യങ്ങളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധയേറ്റവര്‍ക്ക് തീവ്ര പരിചരണത്തിന്റെയോ ഓക്‌സിജന്റെയോ ആവശ്യം വന്നിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതുവരെയുള്ള ഒമിക്രോണ്‍ ബാധക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ കുറവാണ്. എന്നാല്‍ ലോകാരോഗ്യ സംഘടനയടക്കം ഒമിക്രോണിനെതിരെ കടുത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കുന്നത്. ഒമിക്രോണ്‍ കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡിന്റെ അടുത്ത തരംഗത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. യു.കെയില്‍ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. 78,610 കോവിഡ് കേസുകളാണ് യു.കെയില്‍ ബുധനാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒമിക്രോണ്‍ പ്രതിരോധത്തിനായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ ഇതുവരെ 73 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 32 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. മുംബൈ മേഖലയിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.