വത്തിക്കാൻ: ലോകരാജ്യങ്ങളിലെ വത്തിക്കാൻ പ്രതിനിധികൾക്ക് (അപ്പസ്തോലിക് നുൺഷ്യോ) അയച്ച കത്തിലാണ് സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെ പരാമർശത്തിന് വത്തിക്കാനിൽ നിന്നും വിശദീകരണം നൽകുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറങ്ങിയ റഷ്യൻ സംവിധായകനായ എവുജേനി അഫിനെവിസ്കിയുടെ "ഫ്രാൻചേസ്കോ" എന്ന ഡോക്യുമെന്ററിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ സ്വവർഗ്ഗാനുരാഗത്തെ കുറിച്ചുള്ള പരാമർശം ഏറെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടിരുന്നു. പ്രസ്തുത ഡോക്യുമെന്ററിയിൽ സ്വവർഗവിവാഹത്തെ സംബന്ധിച്ച് സഭയുടെ പഠനങ്ങളെക്കുറിച്ചല്ല പാപ്പ പരാമർശിക്കുന്നതെന്നും മറിച്ച് സ്വവർഗാനുരാഗികൾക്ക് നിയമ പരിരക്ഷ ലഭ്യമാക്കുന്നതിനെ സംബന്ധിച്ചാണെന്നും പ്രസ്തുത വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഏകദേശം ഒരു വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിലുള്ള രണ്ട് വ്യത്യസ്ത ചോദ്യങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ നൽകിയ ഉത്തരങ്ങൾ പശ്ചാത്തലത്തിൽ നിന്നും അടർത്തിമാറ്റി എഡിറ്റ് ചെയ്ത് പ്രസ്തുത ഡോക്യുമെന്ററി അവതരിപ്പിച്ചതാണ് ഇത്തരത്തിൽ ഒരു തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്ന് കത്തിൽ പറയുന്നു. ചോദ്യങ്ങളുടെ പശ്ചാത്തലം വേണ്ടവിധത്തിൽ അവതരിപ്പിക്കാതെ എഡിറ്റ് ചെയ്താണ് പാപ്പയുടെ പരാമർശങ്ങൾ ഡോക്യുമെന്ററിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്വവർഗാനുരാഗ പ്രവണതയുടെ പേരിൽ ഒരു മകനോ മകളോ അവരുടെ കുടുംബത്തിൽ നിന്നും മാറ്റി നിർത്തപ്പെടരുതെന്നും അവർക്ക് അവരുടെ കുടുംബത്തോടൊപ്പം ആയിരിക്കാനുള്ള അവകാശമുണ്ടെന്നും അവരും ദൈവമക്കളാണെന്നും ഇതുമായി ബന്ധപ്പെട്ട് തന്നോടുള്ള ആദ്യ ചോദ്യത്തിന് പാപ്പ മറുപടി നൽകുന്നു. സ്വവർഗവിവാഹം നിയമവിധേയമാക്കി കൊണ്ടുള്ള അർജന്റീന ഗവൺമെന്റ് നടപടികളുടെ പശ്ചാത്തലത്തിലായിരുന്നു രണ്ടാമത്തെ ചോദ്യം. ബ്യൂണസ് അയേഴ്സ് ആർച്ച് ബിഷപ്പ് ആയിരിക്കുമ്പോൾ തന്നെ ഇതിനെ ശക്തമായി എതിർത്ത പാപ്പാ പ്രസ്തുത ചോദ്യത്തിനു കത്തോലിക്കാസഭയുടെ ഇതുമായി ബന്ധപ്പെട്ട പ്രബോധനത്തിന്റെ അടിസ്ഥാനത്തിൽ ഈ വിവാഹങ്ങളുടെ സാധുത സംബന്ധിച്ച ചോദ്യം തന്നെ പൊരുത്തക്കേട് ഉണ്ടാക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഈ ഭാഗം ഡോക്കുമെന്ററിയിൽ ഉൾപ്പെടുത്താതെ തുടർന്നു വരുന്ന പാപ്പയുടെ പരാമർശം സാഹചര്യത്തിൽ നിന്നും അടർത്തിമാറ്റി അവതരിപ്പിക്കുകയണുണ്ടായത്. ഇവിടെ സ്വവർഗ വിവാഹം സംബന്ധിച്ച് സഭയുടെ പ്രബോധനത്തെ അല്ല മറിച്ച് രാജ്യത്തിന്റെ നിയമങ്ങളെയാണ് പാപ്പ പരാമർശിക്കുന്നത് എന്ന് വിശദീകരണക്കുറിപ്പിൽ വത്തിക്കാൻ വ്യക്തമാക്കുന്നു. മെക്സിക്കോയിലെ വത്തിക്കാൻ പ്രതിനിധിയായ ആർച്ച് ബിഷപ്പ് ഫ്രാങ്കോ കോപ്പോളാ സർക്കുലറിന്റെ സ്വഭാവമുള്ള പ്രസ്തുത വിശദീകരണക്കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
✍️ അനീഷ് കാമിച്ചേരിൽ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.