കുട്ടികളിലെ അമിത വണ്ണം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം

കുട്ടികളിലെ അമിത വണ്ണം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിലക്കുകള്‍ വീണത്. അതോടെ അവര്‍ വീട്ടില്‍ ചടഞ്ഞുകൂടി ഇരിപ്പായി. ഒപ്പം ഭക്ഷണം കഴിക്കുക എന്നത് ഒരു ഹോബിയുമാക്കി. ഒരിക്കലും വണ്ണം വെയ്ക്കില്ല എന്ന് കരുതിയ പല കുട്ടികളും പ്ലസ് സൈസിലേയ്ക്ക് മാറി. എന്നാല്‍ അമിത വണ്ണം കുട്ടികളില്‍ ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിതവണ്ണമുള്ള കുട്ടികളില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു.

ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പൊണ്ണത്തടി കുട്ടികളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകരിലൊരാളായ ജോസഫ് കിന്‍ഡ്ലര്‍ പറഞ്ഞു. കോളേജ് ഓഫ് ഫാമിലി ആന്‍ഡ് കണ്‍സ്യൂമര്‍ സയന്‍സസിലെ പോഷകാഹാര ശാസ്ത്രത്തിന്റെ അസിസ്റ്റന്റ് പ്രൊഫസറുമാണ് ഇദ്ദേഹം. 'പീഡിയാട്രിക് ഒബിസിറ്റി ജേണലില്‍' പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 600ലധികം കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും വയറിലെ വിസറല്‍ കൊഴുപ്പിന്റെ അളവും ധമനികളിലെ കാഠിന്യവും പഠനത്തില്‍ പരിശോധിച്ചു. അടിവയറ്റില്‍ കാണപ്പെടുന്ന കൊഴുപ്പാണ് വിസറല്‍ കൊഴുപ്പ്.

ധമനികളുടെ കാഠിന്യം ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയത്തെ കഠിനമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അമിതഭാരമുള്ള യുവാക്കളില്‍ വിസറല്‍ കൊഴുപ്പും ധമനികളിലെ കാഠിന്യവും ഗണ്യമായി ഉയര്‍ന്നതായി ഗവേഷകര്‍ കണ്ടെത്തി. വയറിലെ കൊഴുപ്പ് കുട്ടികളിലെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സൂചിപ്പിക്കുന്നു.

ധമനിയുടെ കാഠിന്യം കൂടുന്തോറും രക്തക്കുഴലുകളിലൂടെ വേഗത്തില്‍ രക്തം നീങ്ങുന്നു. അത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും ജോസഫ് കിന്‍ഡ്ലര്‍ പറയുന്നു. യുവാക്കളില്‍ ഹൃദയ സംബന്ധമായ അപകടസാധ്യതകളെക്കുറിച്ചുള്ള പഠനങ്ങള്‍ പരിമിതമാണ്, എന്നാല്‍ രോഗത്തിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കുന്ന ഹൃദയത്തിലെ നെഗറ്റീവ് മാറ്റങ്ങള്‍ കുട്ടിക്കാലത്തും കൗമാരത്തിലും ആരംഭിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ ശക്തവും ആരോഗ്യകരവുമായ ജീവിതം നയിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മോശം ആരോഗ്യ ഫലങ്ങളിലേക്ക് നയിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍ അറിയേണ്ടതുണ്ട്. അത് ഭക്ഷണത്തിലൂടെയോ ശാരീരിക പ്രവര്‍ത്തനത്തിലൂടെയോ ഉറക്കത്തിലൂടെയോ മറ്റേതെങ്കിലും ഇടപെടലിലൂടെയോ ആകട്ടെ. തിരിച്ചറിയല്‍ പ്രധാനമാണ്, തുടര്‍ന്ന് ഇടപെടല്‍ നിര്‍ണായകമാണെന്നും ജോസഫ് കിന്‍ഡ്ലര്‍ പറഞ്ഞു.

കുട്ടികളിലെ കൊഴുപ്പിന്റെ അളവ് അളക്കാന്‍ ഗവേഷകര്‍ ഡ്യുവല്‍ എനര്‍ജി എക്‌സ്-റേ അബ്‌സോര്‍പ്റ്റിയോമെട്രി അല്ലെങ്കില്‍ ഡിഎക്‌സ്എ എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യ പഠനത്തിനായി ഉപയോഗിച്ചു. ഹോര്‍മോണ്‍ ഗവേഷണ മേഖലകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയാണിത്.
ശരീരത്തിലെ കൊഴുപ്പ് ഗവേഷണത്തില്‍ ഇത് കൂടുതല്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇത് വേഗതയേറിയതും ചെലവ് കുറഞ്ഞതും മറ്റ് സ്‌കാനുകള്‍ പോലെ വലിയ അളവില്‍ റേഡിയേഷന്‍ ഇല്ലാത്തതുമാണ്. കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം കൂടുതലായി കണ്ടുപിടിക്കപ്പെടുന്നു എന്നതാണ് മറ്റൊരു ആശങ്ക. മുമ്പ് മുതിര്‍ന്നവരില്‍ മാത്രം കണ്ട് വന്നതായിരുന്നു ഇത്. അമിതഭാരം ഒരു വലിയ അപകട ഘടകമാണെന്നും പഠനത്തില്‍ പറയുന്നു.

കുട്ടികളിലെ അമിതവണ്ണം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

1. ടിവി കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുന്ന കുട്ടികളുണ്ട്. ഇത് നല്ല ശീലമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിന് കാരണമാകും. കുട്ടികള്‍ ടിവി കാണുന്നതിനിടയ്ക്ക് അവരെ അതില്‍ നിന്ന് ശ്രദ്ധ മാറ്റുന്നത് വളരെ നല്ലതാണ്.
2. കുട്ടികളില്‍ ബുദ്ധി വികാസത്തിന് പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൊടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
3. ശരിയായ ലഘു ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാന കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ലഘു ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
4. പല മാതാപിതാക്കളും കുട്ടികള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം നല്‍കുന്നു. കുട്ടിയുടെ പ്രായത്തിനനുസരിച്ച് ആവശ്യത്തിന് മാത്രം ഭക്ഷണം നല്‍കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.