മന്ത്രിയുമായുള്ള ചര്‍ച്ച വിജയം; സമരം അവസാനിപ്പിച്ച്‌ കായിക താരങ്ങള്‍; നിയമനം നൽകുമെന്ന് വി.അബ്ദുറഹിമാന്‍

മന്ത്രിയുമായുള്ള ചര്‍ച്ച വിജയം; സമരം അവസാനിപ്പിച്ച്‌ കായിക താരങ്ങള്‍; നിയമനം നൽകുമെന്ന് വി.അബ്ദുറഹിമാന്‍

തിരുവനന്തപുരം: കായിക താരങ്ങൾക്ക് നിയമനം നൽകുമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാന്‍. പ്രതിനിധകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പരാതികൾ പരിശോധിക്കാൻ സ്പോർട്സ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള വിദഗ്‌ധ സമിതിയെ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുമായുള്ള ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചതുകൊണ്ട് സെക്രട്ടറിയറ്റിന് മുമ്പിലെ സമരം അവസാനിപ്പിച്ചതായി കായിക താരങ്ങൾ പറഞ്ഞു. മന്ത്രിയുമായി നടത്തിയ ചർച്ച വിജയമെന്നും അവർ അറിയിച്ചു.

24 കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. നടപടികള്‍ പൂര്‍ത്തീകരിച്ചെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ബാക്കിയുളള കായിക താരങ്ങളുടെ നിയമനത്തിന് എട്ടംഗസമിതി രൂപീകരിച്ച് തീരുമാനമെടുക്കും. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഈ സമിതി 45 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും.

കായിക താരങ്ങള്‍ എല്ലാകാര്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന് പിടിവാശിയില്ല, ജോലി നല്‍കുമെന്നാണ് സര്‍ക്കാര്‍ നിലപാട് എന്നും മന്ത്രി വ്യക്തമാക്കി.

സ്പോര്‍ട്സ് ക്വാട്ട നിയമനനങ്ങള്‍ക്കായി ഈ മാസം ഒന്ന് മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിലായിരുന്നു 44 കായിക താരങ്ങള്‍. കഴിഞ്ഞ ദിവസം രണ്ടു മണിക്കൂര്‍ കാത്തിരുന്നിട്ടും ചര്‍ച്ചക്ക് കായിക മന്ത്രി തയ്യാറായിരുന്നില്ല. ഒടുവില്‍ ഇന്ന് വൈകിട്ട് മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായി. 24 പേര്‍ക്ക് നിയമനം നല്‍കാമെന്ന് മന്ത്രി അറിയിച്ചു.

കായിക താരങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ഒരു സമിതിയെ വയ്ക്കാനുള്ള മന്ത്രിയുടെ നിര്‍ദേശം സമരം ചെയ്യുന്നവരുടെ പ്രതിനിധികളും അംഗീകരിച്ചു. ഇതോടെ സമരം അവസാനിപ്പിക്കാന്‍ കായിക താരങ്ങള്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് കായിക താരങ്ങള്‍ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.